ആന്റണി അല്‍ബനീസ് നന്ദി പറയേണ്ടത് ട്രംപിനോട്! യുഎസ് താരിഫ് ഭീഷണിയില്‍ സുരക്ഷിത വഴി നോക്കി ഓസ്‌ട്രേലിയന്‍ ജനത; കാനഡയിലെ പോലെ ട്രംപ് വിരുദ്ധ വികാരത്തിന്റെ ചൂടില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലേറി ലേബര്‍ പാര്‍ട്ടി; ആന്റണി ആല്‍ബനീസ് പ്രധാനമന്ത്രി പദത്തില്‍ തുടരും; 21 വര്‍ഷത്തിനിടെ ഇതാദ്യം
ആന്റണി അല്‍ബനീസ് നന്ദി പറയേണ്ടത് ട്രംപിനോട്!
സിഡ്നി: 2025-ലെ ഓസ്ട്രേലിയന്‍ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി ലേബര്‍ പാര്‍ട്ടി. ശനിയാഴ്ച നടന്ന തിരഞ്ഞൈടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ലേബര്‍ പാര്‍ട്ടി വിജയിച്ചത്. പിന്നാലെ നിലവിലെ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വീണ്ടും അധികാരത്തില്‍ എത്തി. ഓസ്‌ട്രേലിയന്‍ മൂല്യങ്ങള്‍ക്കായാണ് ഇത്തവണ ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് ആന്തണി ആല്‍ബനീസ് പറഞ്ഞു. എല്ലാവര്‍ക്കും നീതി, എല്ലാവര്‍ക്കും അവസരം എന്ന മുദ്രാവാക്യത്തെ ജനങ്ങള്‍ ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. പ്രതിനിധി സഭയിലെ 150 സീറ്റിലേക്കും സെനറ്റിലെ 76ല്‍ 40 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
ട്രംപ് വിരുദ്ധ മുന്നേറ്റം എന്നറിയപ്പെടുന്ന ഒരു മുന്നേറ്റത്തിലൂടെയാണ് ഇക്കുറി ഓസ്‌ട്രേലിയയുടെ സോഷ്യലിസ്റ്റ് നേതാവ് ആന്റണി അല്‍ബനീസ് തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിയത്. 21 വര്‍ഷത്തിനിടെ തുടര്‍ച്ചയായി രണ്ടാം തവണ ഭരണത്തിലെത്തുന്ന ആദ്യത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി എന്ന നേട്ടവും ഇതിനോടം 62 കാരനായ അല്‍ബനീസ് സ്വന്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസ്ഥിരമായ നയതന്ത്രത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിരത വാഗ്ദാനം ചെയ്തുകൊണ്ടാണ് ആല്‍ബനീസ് തന്റെ പ്രചാരണം സംഘടിപ്പിച്ചത്.
ഫെബ്രുവരിയില്‍ അല്‍ബനീസിന്റെ മധ്യ-ഇടതുപക്ഷ ലേബര്‍ സര്‍ക്കാര്‍ കണ്‍സര്‍വേറ്റീവ് ലിബറല്‍-നാഷണല്‍ സഖ്യത്തിനെതിരായ വോട്ടെടുപ്പുകളില്‍ പിന്നിലായിരുന്നു. എന്നാല്‍ ട്രംപിന്റെ താരിഫ് ഭീഷണികളില്‍ വോട്ടര്‍മാര്‍ കൂടുതല്‍ പരിഭ്രാന്തരായതോടെ നിലവിലെ ഭരണത്തില്‍ തന്നെ അവര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. സുരക്ഷിതമായ നിലം തേടിയതോടെ തിരിച്ചുവന്നു. ലേബര്‍ പാര്‍ട്ടി അവരുടെ എതിരാളികളെയും യുഎസ് പ്രസിഡന്റിനെയും താരതമ്യം ചെയ്തതോടെ അദ്ദേഹത്തിന്റെ പിന്തുണ വര്‍ദ്ധിച്ചു. 'ഞങ്ങള്‍ വിദേശത്ത് നിന്ന് പ്രചോദനം തേടുന്നില്ല. നമ്മുടെ മൂല്യങ്ങളിലും നമ്മുടെ ജനങ്ങളിലും നമുക്ക് അത് കണ്ടെത്താന്‍ കഴിയുമെന്നാണ് 'അല്‍ബനീസ് തന്റെ വിജയ പ്രസംഗത്തില്‍ പറഞ്ഞത്.
കഴിഞ്ഞ മാസം ട്രംപ് ഓസ്‌ട്രേലിയന്‍ കയറ്റുമതിയില്‍ 10 ശതമാനം നിരക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ഈ നീക്കം 'ഒരു സുഹൃത്തിന്റെ പ്രവൃത്തിയല്ല' എന്നാണ് അല്‍ബനീസ് പ്രതികരിച്ചത്. കുടുംബങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഓസ്‌ട്രേലിയയുടെ ശ്രമങ്ങളുടെയും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പുതിയ സോഷ്യല്‍ മീഡിയ നിയമങ്ങളുടെയും കാര്യത്തില്‍ യുഎസ് വ്യാപാര ചര്‍ച്ചകളുമായി വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ ഭരണത്തെ മാതൃകയാക്കാതെ അടുത്ത പാര്‍ലമെന്റില്‍ തന്റെ സര്‍ക്കാര്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കണമെന്ന് അല്‍ബനീസ് കൂട്ടാളികളോട് നിര്‍ദ്ദേശിച്ചു. 'ഓസ്‌ട്രേലിയക്കാര്‍ ആഗോള വെല്ലുവിളികളെ ഓസ്‌ട്രേലിയന്‍ രീതിയില്‍ നേരിടുമെന്നും സിഡ്‌നിയില്‍ നടന്ന വിജയ പ്രസംഗത്തില്‍ അല്‍ബനീസ് അനുയായികളോട് പറഞ്ഞു. 76 സീറ്റാണ് സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട ഭൂരിപക്ഷം. 65 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ പ്രതിനിധി സഭയില്‍ ലേബര്‍ പാര്‍ടി 85 സീറ്റുകളില്‍ മേല്‍ക്കൈ നേടി.
പീറ്റര്‍ ഡട്ടണ്‍ നയിക്കുന്ന യാഥാസ്ഥിതിക പ്രതിപക്ഷ സഖ്യം പരാജയം സമ്മതിച്ചു. അവര്‍ക്ക് 24 സീറ്റുകള്‍ മാത്രമാണ് നേടാനായത്. പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പാര്‍ട്ടി നേതാവ് പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു. ചരിത്രപരമായ വിജയത്തില്‍ ആല്‍ബനീസിനെ അദ്ദേഹം അഭിനന്ദിച്ചു. ഒമ്പത് സീറ്റില്‍ സ്വതന്ത്രരാണ് മുന്നില്‍. ഒമ്പതുവര്‍ഷം തുടര്‍ച്ചയായ വലതുപക്ഷ ഭരണത്തിനുശേഷം 2022ലാണ് മധ്യ ഇടതുപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി വിജയിച്ചത്.
ഇതിനു പിന്നാലെ പ്രധാനമന്ത്രി മോദി ആല്‍ബനീസിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. ആല്‍ബനീസിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയന്‍ ജനങ്ങളുടെ ശാശ്വതമായ വിശ്വാസമാണ് ഈ ഉജ്ജ്വലമായ വിജയം സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും ഇന്‍ഡോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള നമ്മുടെ പങ്കിട്ട കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി പറഞ്ഞു.
അന്തിമഫലത്തില്‍ പാര്‍ലമെന്റിന്റെ അധോസഭയിലെ 150 സീറ്റുകളില്‍ ഭൂരിപക്ഷ സര്‍ക്കാറോ ന്യൂനപക്ഷ സര്‍ക്കാറോ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലേബര്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്തിമ സീറ്റ് വിഹിതങ്ങള്‍ക്കനുസരിച്ചായിരിക്കും ഇത് കണക്കാക്കാനാകുക. ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനിലെ അനലിസ്റ്റ് ആന്റണി ഗ്രീനിന്റെ പ്രവചനം അനുസരിച്ച് ലേബര്‍ പാര്‍ട്ടി 76 സീറ്റുകളും സഖ്യം 36 സീറ്റുകളും സ്വതന്ത്ര പാര്‍ട്ടികള്‍ 13 സീറ്റുകളും നേടും.