നിവിന്‍ പോളിയും ലിസ്റ്റിനും തമ്മില്‍ 'ബേബി ഗേളില്‍' പ്രശ്‌നമില്ലെന്ന് സംവിധായകന്‍; കുറച്ചു ബാലന്‍സ് സീനേ ഇനി ഷൂട്ട് ചെയ്യാന്‍ ഉള്ളൂവെന്ന് അരുണ്‍ വര്‍മ്മ; 'തുറമുഖത്തില്‍' തുടങ്ങിയ പ്രശ്‌നം ഇപ്പോഴും പരിഹരിച്ചില്ലെന്ന വാദവും ശക്തം; 'വലിയൊരു മാലപ്പടക്കം' പൊട്ടി ചീറ്റുമോ? ആരാകും 'ഡോള്‍ബി ദിനേശന്‍'?
കൊച്ചി: 'പ്രമുഖ താര'ത്തിനെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നിവിന്‍ പോളിയെ ഇന്‍സ്റ്റഗ്രാമിന്‍ അണ്‍ഫോളോ ചെയ്തതിലൂടെ നല്‍കിയത് താന്‍ ഉന്നയിച്ച ആരോപണം ആര്‍ക്കെതിരെയെന്ന് വ്യക്തമാകാന്‍. ബേബി ഗേള്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ അരുണ്‍ വര്‍മയും നിവിനെ അണ്‍ ഫോളോ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ലിസ്റ്റിനും നിവിന്‍ പോളിയും തമ്മിലെ പ്രശ്‌നത്തെ കുറിച്ച് പലവിധ കാരണങ്ങള്‍ ചര്‍ച്ചകളിലുണ്ട്. രാമചന്ദ്ര ബോസ് ആന്‍ഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളില്‍ ഇതിനു മുന്‍പ് ലിസ്റ്റിനും നിവിനും ഒരുമിച്ചിരുന്നു. തുറമുഖം എന്ന സിനിമ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ ലിസ്റ്റിനാണ് ചിത്രം ഏറ്റെടുത്ത് തിയെറ്ററുകളില്‍ എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിവിന്‍ പോളിയുമായി ഉണ്ടാക്കിയിരുന്ന കരാര്‍ താരം നിരന്തരം ലംഘിച്ചുവെന്നാണ് പ്രചരിക്കുന്ന ആരോപണം. എന്നാല്‍ ഇതൊന്നും നിവിന്‍ പോളിയോ ലിസ്റ്റിന്‍ സ്റ്റീഫനോ സ്ഥിരീകരിച്ചിട്ടില്ല. തുറമുഖവുമായി ബന്ധപ്പെട്ട പരാതികളും ലിസ്റ്റിന്‍ സിനിമാ സംഘടനകള്‍ക്ക് നല്‍കിയിട്ടുമില്ല. അതിനിടെ നിവിനുമായി പ്രശ്‌നമില്ലെന്ന് ബേബി ഗേളിന്റെ സംവിധായകന്‍ അരുണ്‍ വര്‍മ്മയും പ്രതികരിച്ചു. ഇതോടെ വിവാദം കൂടുതല്‍ ദുരൂഹതയിലേക്ക് പോവുകയാണ്.
മലയാളത്തിലെ ഒരു പ്രമുഖ താരം വലിയ തെറ്റിനു തിരി കൊളുത്തിയിരിക്കുന്നു എന്നാണ് ലിസ്റ്റിന്‍ വെളിപ്പെടുത്തിയത്. ദിലീപ് നായകനായ പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെയാണ് ലിസ്റ്റിന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ആരാണ് താരമെന്നോ എന്താണ് കാര്യമെന്നോ വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല. താരത്തിന്റെ പേര് പറയാത്തതിന്റെ പേരില്‍ ലിസ്റ്റിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണ് നിവിന്‍ പോളിയെയാണ് ലിസ്റ്റന്‍ സ്റ്റീഫന്‍ ഉദ്ദേശിച്ചതെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നത്. ബേബി ഗേളിന്റെ സംവിധായകനും ലിസ്റ്റിനും നിവിനെ അണ്‍ ഫോളോ ചെയ്തതാണ് ഇതിന് കാരണം. പരസ്യമായി ആരോപണം ഉന്നയിച്ച ശേഷം അണ്‍ഫോളോ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചാണ് ലിസ്റ്റിന്‍ പ്രതികരിച്ചതെന്നും സൂചനയുണ്ട്. ലിസ്റ്റിന്‍ നിര്‍മിക്കുന്ന ബേബി ഗേളില്‍ ആദ്യം കുഞ്ചാക്കോ ബോബനെയാണ് നായകനാക്കാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ അസൗകര്യം മൂലം നിവിന്‍ പോളിയിലേക്ക് എത്തുകയായിരുന്നു.
അതിനിടെ പ്രശ്‌ന പരിഹാരത്തിന്റെ സൂചന നല്‍കി ബേബി ഗേളിന്റെ സംവിധായകന്‍ രംഗത്തു വന്നു. നിവിന്‍ പോളി സെറ്റില്‍ നിന്നും ഇറങ്ങിപ്പോയതില്‍ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പരസ്യമായി നീരസം പ്രകടിപ്പിച്ചു എന്ന പ്രചാരണത്തില്‍ പ്രതികരണവുമായി 'ബേബി ഗേള്‍' സിനിമയുടെ സംവിധായകന്‍ അരുണ്‍ വര്‍മ്മ രംഗത്തു വന്നു. 'ഞങ്ങളോട് പറഞ്ഞ ഡേറ്റിനു നിവിന്‍ വന്നു അഭിനയിച്ചിരുന്നു. സിനിമയില്‍ നിവിന്‍ അഭിനയിക്കാനുള്ള പ്രധാന ഭാഗങ്ങളെല്ലാം ഞങ്ങള്‍ തീര്‍ത്തുകഴിഞ്ഞു. ഇനി കുറച്ചു ബാലന്‍സ് ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനുള്ളത് രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ഞങ്ങള്‍ പുനരാരംഭിക്കാന്‍ ഇരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഫേക്ക് ന്യൂസ് ആണ്. എന്നോടോ സിനിമയുടെ പ്രൊഡ്യൂസറോടോ, നിവിനോടോ ചോദിക്കാതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളില്‍ ഒരു വാസ്തവവും ഇല്ല. ഞങ്ങളുടെ പടത്തില്‍ നിവിന്‍ ഉണ്ട്, തുടര്‍ന്നും ഉണ്ടാകും.'-ഇതാണ് പ്രതികരണം. എന്നാല്‍ എന്തുകൊണ്ടാണ് നിവിനെ അണ്‍ഫോളോ ചെയ്തതെന്ന ചോദ്യത്തിന് ഉത്തരവുമില്ല. ഈ അണ്‍ഫോളോവാണ് നിവിനെ പ്രതിക്കൂട്ടിലേക്ക് എത്തിച്ചതെന്നതാണ് വസ്തുത. പ്രശ്‌ന പരിഹാരത്തിന് വേണ്ടിയാണ് അരുണ്‍ വര്‍മ്മ നിവിനെ അനുകൂലിച്ച് രംഗത്ത് വന്നതെന്നും സൂചനയുണ്ട്. ഫലത്തില്‍ വിവാദം ഉടന്‍ അവസാനിക്കും. സെറ്റില്‍ കഞ്ചാവ് പിടിച്ചതിനെ കുറിച്ചും അരുണ്‍ വര്‍മ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തന്റെ സിനിമയില്‍ പറഞ്ഞ ഡേറ്റുകളില്‍ നിവിന്‍ പോളി അഭിനയിച്ചിരുന്നു. അതിന് ശേഷം നിവിന്‍ ചിത്രത്തില്‍നിന്ന് വിടുതല്‍ വാങ്ങിയിട്ടുണ്ട്. മറ്റേതെങ്കിലും സിനിമയില്‍ അഭിനയിക്കാനാണോ പോയത് എന്ന കാര്യം തങ്ങള്‍ ചിന്തിക്കേണ്ടതില്ലെന്നും അരുണ്‍ വര്‍മ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ തങ്ങളുടെ അറിവോടെയല്ലെന്നും അരുണ്‍ വര്‍മ കൂട്ടിച്ചേര്‍ത്തു. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ വിവാദപരാമര്‍ശത്തിന് പിന്നാലെയാണ് നിവിന്‍ പോളിക്കെതിരെ വ്യാപകമായ പ്രചാരണമുണ്ടായത്. മലയാളത്തിലെ ഒരുപ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകളാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. നടന്‍ ഇനിയും ആ തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ പറഞ്ഞിരുന്നു.
'മലയാളസിനിമയില്‍ വന്നിട്ട് പത്ത് പതിനഞ്ച് വര്‍ഷമായി. കുറെയധികം സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് ഇന്നു തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാലപ്പടക്കത്തിനാണ് തിരികൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാന്‍ പറയുമ്പോള്‍ ആ നടന്‍ ഇത് കാണും. പക്ഷേ ആ നടന്‍ ചെയ്തത് വലിയ തെറ്റാണ് എന്ന് ഓര്‍മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവര്‍ത്തിക്കരുത്. കാരണം, അങ്ങനെ തുടര്‍ന്നു കഴിഞ്ഞാല്‍ അത് വലിയ പ്രശ്നങ്ങള്‍ക്കും കാരണമാകും', എന്നായിരുന്നു ലിസ്റ്റിന്റെ വാക്കുകള്‍. പിന്നാലെ പേരുപറയാതെയുള്ള ആരോപണത്തില്‍ ലിസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ലിസ്റ്റിന്റെ പരാമര്‍ശം മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണെന്നും പ്രസ്താവന അനുചിതമാണെന്നും നിര്‍മാതാവ് സാന്ദ്രാ തോമസ് പറഞ്ഞിരുന്നു. ലിസ്റ്റിനെതിരെ നിര്‍മാതാക്കളുടെ സംഘടന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലിസ്റ്റിന്‍ തങ്ങള്‍ക്ക് പരാതിയൊന്നും നല്‍കിയിട്ടില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയും വ്യക്തമാക്കി.
ഇതിനിടെയാണ് നിവിന്‍ പോളിക്കെതിരെ വ്യാപകപ്രചാരണമുണ്ടായത്. ലിസ്റ്റിന്‍ നിര്‍മിക്കുന്ന 'ബേബി ഗേള്‍' എന്ന ചിത്രത്തില്‍ നിലവില്‍ നിവിന്‍ പോളി അഭിനയിക്കുന്നുണ്ട്. അഖില്‍ സത്യന്‍ സംവിധാനംചെയ്യുന്ന പേരിടാത്ത മറ്റൊരു ചിത്രത്തില്‍ കഴിഞ്ഞദിവസം താരം ജോയിന്‍ ചെയ്തിരുന്നു. താമര്‍ സംവിധാനം ചെയ്യുന്ന 'ഡോള്‍ബി ദിനേശന്‍' എന്ന ചിത്രവും താരം പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ചേര്‍ത്തുവെച്ചാണ് നിവന്‍ പോളിക്കെതിരെ പ്രചാരണമുണ്ടായത്. 'ബേബി ഗേളി'ന്റെ സെറ്റില്‍നിന്ന് നിവിന്‍ പോളി ഇറങ്ങിപ്പോയെന്നായിരുന്നു പ്രചാരണം. ചിത്രത്തിന്റെ സംവിധായകനായ അരുണ്‍ വര്‍മയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ഇന്‍സ്റ്റഗ്രാമില്‍ നിവിന്‍ പോളിയെ അണ്‍ഫോളോ ചെയ്തെന്നും പ്രചാരണമുണ്ടായി. കുഞ്ചാക്കോ ബോബനെ നായകനാക്കി പ്രഖ്യാപിച്ച സിനിമയായിരുന്നു 'ബേബി ഗേള്‍'. കുഞ്ചാക്കോ ബോബന്‍ പിന്മാറിയതിനെത്തുടര്‍ന്നാണ് നിവിന്‍ പോളി ചിത്രത്തിലേക്ക് എത്തുന്നത്.