2000 കിലോമീറ്ററോളം സഞ്ചരിച്ച് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ മറികടന്നത് ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലുതലങ്ങളെ; ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് അടുത്ത് മിസൈല്‍ പതിച്ച് 25 മീറ്റര്‍ ആഴമുള്ള ഗര്‍ത്തം; ഏഴിരട്ടി മടങ്ങില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; മെയ് 6 വരെ ടെല്‍അവീവിലേക്കുള്ള വിമാനം നിര്‍ത്തിവച്ച് എയര്‍ഇന്ത്യ

ബാലിസ്റ്റിക് മിസൈല്‍ മറികടന്നത് ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലുതലങ്ങളെ

Update: 2025-05-04 13:23 GMT

ജെറുസലേം: യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ പതിച്ച് ഇസ്രയേലിലെ ഏറ്റവും വലിയ വിമാനത്താവളത്തില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. മിസൈല്‍, ഇസ്രയേലിന്റെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപമാണ് പതിച്ചത്. മൂന്നാം ടെര്‍മിനലിന് വെറും 75 മീറ്റര്‍ അകലെയാണ് മിസൈല്‍ പതിച്ചത്. രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളമാണ് ബെന്‍ ഗുരിയോണ്‍.

വ്യോമ പ്രതിരോധ സംവിധാനത്തിന്റെ നാല് തലങ്ങളെ മറികടന്നാണ് മിസൈല്‍ വിമാനത്താവളത്തോട് തൊട്ടുകിടക്കുന്ന റോഡിനോട് ചേര്‍ന്നുള്ള തോപ്പില്‍ പതിച്ചത്. 25 മീറ്റര്‍ ആഴമുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടത്.


മിസൈലിനെ പ്രതിരോധിക്കാനുള്ള പല ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിന് അടുത്ത് വീണതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന( ഐ ഡി എഫ് ) അറിയിച്ചു. എന്തായാലും ടെര്‍മിനലില്‍ നേരിട്ട് പതിക്കാതിരുന്നത് ആശ്വാസമായി. പുറത്താണ് വീണതെങ്കിലും യാത്രക്കാര്‍ ആകെ ഭയചകിതരായി.

ആക്രമണത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി ദേശീയ അടിയന്തര സര്‍വീസ് അറിയിച്ചു. സൈന്യം ഗര്‍ത്തത്തിന്റെ വീഡിയോ പുറത്തുവിട്ടു. തങ്ങളുടെ മിസൈസുകളുടെ ദീര്‍ഘദൂരശേഷിയാണ് ആക്രമണം തെളിയിക്കുന്നതെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു. ഹൂതികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പ്രസ്താവിച്ചു.

ഓണ്‍ലൈനില്‍ പങ്കിട്ട വീഡിയോകളില്‍ ഇസ്രയേലിന്റെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് പുക ഉയരുന്നത് കാണാം. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം വളരെ മികച്ചതായാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇസ്രായേലികളെ അവര്‍ ദുര്‍ബലരാണെന്ന് ഓര്‍മിപ്പിക്കുന്നതായി പുതിയ ആക്രമണം. യെമനില്‍ ആഴ്ചകളോളം നീണ്ടുനിന്ന യു.എസ് വ്യോമാക്രമണങ്ങള്‍ക്ക് ശേഷവും ഹൂതികള്‍ക്ക് 2,000 കിലോമീറ്റര്‍ അകലെ നിന്ന് മിസൈല്‍ തൊടുത്തുവിടാനും ഇസ്രായേലിനെ ആക്രമിക്കാനും കഴിയുമെന്ന് വന്നിരിക്കുന്നു.


nEWS

കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളില്‍ ഇസ്രായേലിനെതിരെ ഹൂതികള്‍ നടത്തുന്ന നാലാമത്തെ മിസൈല്‍ ആക്രമണമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ആക്രമണം സ്ഥിരീകരിച്ച ഇസ്രല്‍ സൈന്യം (ഐഡിഎഫ്) ഏഴിരട്ടി മടങ്ങില്‍ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിരോധ മന്ത്രിയുമായും ഉന്നത സൈനിക മേധാവികളുമായും ടെലിഫോണില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗവും ചേരും. ഗാസ വിഷയത്തിലാണ് യോഗം വിളിച്ചിരുന്നതെങ്കിലും ഹൂതി ആക്രമണമുണ്ടായ സാഹചര്യത്തില്‍ അത് പ്രധാന അജണ്ടയാകും.

യെമനില്‍ നിന്നുള്ള നിരവധി മിസൈലുകള്‍ ഇതിനോടകം തകര്‍ത്തതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു. അതേസമയം മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മന്‍, സ്പാനിഷ് വിമാന കമ്പനികള്‍ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നെങ്കിലും ഒരു മണിക്കൂറിന് ശേഷം പുനരാരംഭിച്ചതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ മധ്യ ഇസ്രായേലിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയില്‍ പറഞ്ഞു. മിസൈല്‍ വിജയകരമായി ലക്ഷ്യസ്ഥാനത്ത് പതിച്ചെന്ന് അവകാശപ്പെട്ട യഹ്യ സാരി, സുരക്ഷിതമല്ലാത്ത ഇസ്രായേല്‍ വിമാനത്താവളം ഒഴിവാക്കണമെന്ന് ആഗോള എയര്‍ലൈനുകളോട് ആവശ്യപ്പെട്ടു. അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിനും, ഗസ്സയില്‍ ഇസ്രയേലിന്റെ വംശഹത്യ കുറ്റകൃത്യത്തെ ചെറുക്കുന്നതിനുമായാണ് ആക്രമണം നടത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.

രണ്ടുദിവസത്തേക്ക് എയര്‍ ഇന്ത്യ ടെല്‍ അവീവിലേക്ക് പറക്കില്ല

ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍അവീവിലേക്കുള്ള എല്ലാ ഫ്‌ളൈറ്റുകളും എയര്‍ ഇന്ത്യ രണ്ടുദിവസത്തേക്ക് നിര്‍ത്തി വച്ചു. ഡല്‍ഹിയില്‍ നിന്ന് ടെല്‍അവീവിലേക്കുള്ള ഫ്‌ളൈറ്റ് അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. എയര്‍ ഇന്ത്യ വിമാനം എഐ139 ടെല്‍ അവീവില്‍ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ആക്രമണം നടന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അബുദാബിയിലേക്ക് വഴിതിരിച്ചുവിടാന്‍ തീരുമാനിച്ച സമയം വിമാനം ജോര്‍ദാനിയന്‍ വ്യോമാതിര്‍ത്തിയിലായിരുന്നു. സാധുവായ ടിക്കറ്റുകള്‍ക്ക് ഇളവ് നല്‍കുകയോ, മറ്റൊരു ദിവസം യാത്ര ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു

Tags:    

Similar News