പാക്കിസ്ഥാന് നേരെ ശക്തമായ തിരിച്ചടിക്കൊരുങ്ങി ഇന്ത്യ; രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം രണ്ട് ദിവസം വ്യോമ ആഭ്യാസം; ഈ വ്യോമപാത ഒഴിവാക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം; കേരളത്തിലടക്കം മോക്ഡ്രില്‍ നാളെ

രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം രണ്ട് ദിവസം വ്യോമ ആഭ്യാസം

Update: 2025-05-06 14:25 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്നതിനിടെ രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം വ്യോമ ആഭ്യാസത്തിന് ഇന്ത്യ. പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്താണ് ഇന്ത്യയുടെ വ്യോമാഭ്യാസം. ഇതുവഴിയുള്ള വിമാനങ്ങള്‍ക്ക് അടുത്ത രണ്ട് ദിവസം ഈ വ്യോമപാത ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച രാത്രി 9.30ന് ആരംഭിക്കുന്ന വ്യോമാഭ്യാസം അഞ്ചര മണിക്കൂറോളം നീണ്ടുനില്‍ക്കുമെന്നാണ് വിവരം. അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് സൈനികാഭ്യാസത്തെ വിലയിരുത്തുന്നത്.

പഹല്‍ഗാം ഭീകരാക്രമണം നടന്ന് ഇന്ന് പതിനഞ്ചാം ദിനമാണ്. രാജ്യം അതീവ ജാഗ്രതയിലൂടെ കടന്ന് പോയ 15 ദിവസങ്ങള്‍. ഭീകരതയെ വളര്‍ത്തുന്ന പാകിസ്ഥാനോട് വിട്ടുവീഴ്ച ഇല്ലാത്ത നടപടിയാണ് ഇന്ത്യ ഇതുവരെ എടുത്തത്. അതിര്‍ത്തിയിലടക്കം പിരിമുറുക്കത്തിന്റെ അന്തരീക്ഷം തുടരുകയാണ്. പാകിസ്ഥാനുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഒരു മോക്ഡ്രില്ലിലേക്ക് പോകുകയാണ് നാളെ രാജ്യം. കേന്ദ്ര നിദേശം അനുസരിച്ചാണ് നടപടി. കേരളത്തിലും നാളെ മോക്ഡ്രില്ലുണ്ട്.

പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് ഉണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ നടപടികളാണ് ഇന്ത്യ കൈക്കൊണ്ടത്.സിന്ധു നദീജലക്കരാര്‍ റദ്ദാക്കിയ ഇന്ത്യ പാക് പൗരന്‍മാര്‍ക്കുള്ള വിസ അനുവദിക്കുന്നതും നിര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പാണ് പാക് സൈന്യവും സര്‍ക്കാരിന് കൈമാറിയത്.

അതേസമയം കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തിരിച്ചടി നല്‍കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിന് പ്രധാനമന്ത്രി നല്‍കിയിരുന്നു. തിരിച്ചടിയുടെ സമയവും രീതിയും തീയതിയും സൈന്യത്തിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതിനിടെ, പഹല്‍ഗാം ഭീകരാക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു. അഹമ്മദ് ബിലാല്‍ എന്നയാളാണ് അറസ്റ്റിലായത്. ബൈസരണ്‍ വാലിക്ക് സമീപത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ഇയാള്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ധരിച്ചതെന്നാണ് വിവരം. എവിടെ നിന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.

മോക്ഡ്രില്‍

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷ സാധ്യത ഉയരവ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രില്‍ ഇന്നും നാളെയുമായി ദേശവ്യാപകമായി നടത്താന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നടന്ന യോഗം തീരുമാനിച്ചു. ആകാശമാര്‍ഗ്ഗമുള്ള ആക്രമണം തടയാന്‍ എയര്‍ സൈറന്‍, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൈകര്യം, രാത്രി ലൈറ്റണച്ചുള്ള ബ്‌ളാക്ക് ഔട്ട് ഡ്രില്‍ തുടങ്ങി പത്തു നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കിയത്. കാര്‍ഗില്‍ യുദ്ധകാലത്തു പോലും ഇത്രയും വിപുലമായ തയ്യാറെടുപ്പിന് നിര്‍ദ്ദേശം ഇല്ലായിരുന്നു. തീര സംസ്ഥാനങ്ങളും പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സംസ്ഥാനങ്ങളും ഇവ നടപ്പാക്കണം എന്നാണ് നിര്‍ദ്ദേശം.

Similar News