അച്ഛന്റെ നഷ്ടം നഷ്ടമായി തന്നെ തുടരുമെങ്കിലും ഇപ്പോഴത്തെ ഈ തിരിച്ചടി സന്തോഷം തരുന്ന നിമിഷം; കൃത്യമായ സമയത്താണ് ഇന്ത്യ തിരിച്ചടിച്ചത്; ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് അപകടം സംഭവിച്ചിട്ടില്ല എന്നതും ആശ്വാസം പകരുന്ന കാര്യം; രാമചന്ദ്രന്റെ മകള്‍ക്ക് സന്തോഷം; ആരതി വേദനയിലും നന്ദി അറിയിക്കുമ്പോള്‍
കൊച്ചി: മകളുടെ മുന്നിലിട്ട് മതം ചോദിച്ച് അച്ഛനെ വെടിവച്ചിട്ട പഹല്‍ഗാമിലെ ക്രൂരത. ഈ സമയം താഴെ അവര്‍ മടങ്ങുന്നതും കാത്തിരുന്ന രാമചന്ദ്രന്റെ ഭാര്യ. പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളിയും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി. രാമചന്ദ്രന്‍ അടക്കം 26 പേരെയാണ് അവര്‍ കൊന്നത്. ഇന്ത്യയ്ക്ക് വിധവകളെ നല്‍കുക എന്നതായിരുന്നു ആ ഓപ്പറേഷന്റെ ലക്ഷ്യം. അതുകൊണ്ടാണ് തിരിച്ചടിയ്ക്ക് ഓപ്പറേഷന്‍ സിന്ദുര്‍ എന്ന് ഇന്ത്യ പേരിട്ടത്. ഏതായാലും ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന്‍ ഞെട്ടിവിറച്ചു. ഇതില്‍ പഹല്‍ഗാമിലെ ക്രൂരതയുടെ നേര്‍ സാക്ഷികളായവും സന്തോഷത്തിലാണ്. അടിക്ക് തിരിച്ചടിയെന്ന് ഇന്ത്യ ലോകത്തെ അറിയിക്കുകയാണ.് ാക്കിസ്ഥാനിലെ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ സന്തോഷം രേഖപ്പെടുത്തി, പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മകള്‍ ആരതി. 26 പേര്‍ കൊല്ലപ്പെട്ട കശ്മീരിലെ പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായാണ് ഇന്ത്യ പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം കൂട്ടക്കൊല നടന്ന പതിനഞ്ചാം നാളാണ് ഇന്ത്യയുടെ തിരിച്ചടി. ആരതിയുടെ കണ്‍മുന്നില്‍ വച്ചാണ് ഭീകരര്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ കൊലപ്പെടുത്തിയത്.
അച്ഛന്റെ നഷ്ടം നഷ്ടമായി തന്നെ തുടരുമെങ്കിലും ഇപ്പോഴത്തെ ഈ തിരിച്ചടി സന്തോഷം തരുന്ന നിമിഷമാണ്. കൃത്യമായ സമയത്താണ് ഇന്ത്യ തിരിച്ചടിച്ചത്. നമ്മള്‍ കാത്തിരുന്ന നിമിഷമാണിതെന്നും ആരതി പറഞ്ഞു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് അപകടം സംഭവിച്ചിട്ടില്ല എന്നതും ആശ്വാസം പകരുന്ന കാര്യമാണെന്നും ആരതി പറഞ്ഞു. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനാണ് (65) ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മകളുടെ മുന്നില്‍ വച്ചാണ് രാമചന്ദ്രന് വെടിയേറ്റത്. കുടുംബത്തോടൊപ്പമാണ് രാമചന്ദ്രന്‍ കശ്മീരിലെ പഹല്‍ഗാമിലെത്തിയത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീല രാമചന്ദ്രന്‍, മകള്‍ അമ്മു, അമ്മുവിന്റെ രണ്ട് ഇരട്ടകുട്ടികള്‍ (5) എന്നിവരാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി മങ്ങാട്ട് നീരാഞ്ജനത്തിലെ നാരായണ മേനോന്റെ മകനാണ് രാമചന്ദ്രന്‍. കൊച്ചിയില്‍ നിന്ന് ഹൈദരാബാദ് വഴിയാണ് കശ്മീരിലെത്തിയത്. രാമചന്ദ്രന്‍ ദീര്‍ഘകാലം അബുദാബിയില്‍ ജോലി ചെയ്തിരുന്നു. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ നാവിക സേനാ ഉദ്യോഗസ്ഥനും മരിച്ചു. വിനയ് നര്‍വാളാണ് (26) കൊല്ലപ്പെട്ടത്. 6 ദിവസം മുന്‍പാണ് വിനയ് നര്‍വാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മധുവിധു ആഘോഷിക്കാനായാണ് വിനയും ഭാര്യ ഹിമാന്‍ഷിയും കശ്മീരിലെത്തിയത്. ഈ നഷ്ടങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍.
പാക്കിസ്ഥാനിലും പാക് അധീന കാഷ്മീരിലും ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ലക്ഷ്യമിട്ടത് ലഷ്‌കറെ തൊയിബ, ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനകളുടെ കേന്ദ്രങ്ങളെ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ട ദൗത്യത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 55 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്ലി, മുരിഡ്ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ലഷ്‌കറെ തൊയിബയുടെ ആസ്ഥാനമാണ് മുരിഡ്ക്. പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ നേതൃത്വം നല്‍കുന്ന ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവല്‍പുര്‍. ആക്രമണത്തിന് പിന്നാലെ നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങള്‍ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കര-വ്യോമസേനകള്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. രാവിലെ പത്തിന് വാര്‍ത്താസമ്മേളനം നടത്തുമെന്ന് സൈന്യം അറിയിച്ചു.
ഇന്ത്യ ആക്രമിച്ചതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രതികരിച്ചിരുന്നു. കൂടാതെ, അതിര്‍ത്തിയില്‍ പാക് സൈന്യം ഷെല്ലാക്രമണവും നടത്തി. ഇതും ഇന്ത്യ പ്രതിരോധിക്കുകയാണ്.