ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് സൈനിക ബഹുമതിയോടെ സംസ്‌കാരം; സംസ്‌കാര ചടങ്ങില്‍ ഐഎസ്‌ഐയും പാക് സൈന്യവും; യാക്കൂബ് മുഗളിന്റെ സംസ്‌കാര ചടങ്ങില്‍ യൂണിഫോമിലും അല്ലാതെയും നിരവധി ഉദ്യോഗസ്ഥര്‍; ഭീകരര്‍ക്ക് പാക്ക് ഭരണകൂടത്തിന്റെ പരസ്യ പിന്തുണയെന്ന ഇന്ത്യന്‍ നിരീക്ഷണം ശരിവച്ച് ദൃശ്യങ്ങള്‍
ഭീകരര്‍ക്ക് പാക്ക് ഭരണകൂടത്തിന്റെ പരസ്യ പിന്തുണയെന്ന ഇന്ത്യന്‍ നിരീക്ഷണം ശരിവച്ച് ദൃശ്യങ്ങള്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന്‍ മണ്ണിലെ ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പാക് സൈനികരും ഐഎസഐ ഉദ്യോഗസ്ഥരും. ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവിധ ഇടങ്ങളില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിന്റെയും ഐഎസ്ഐയുടെയും സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രത്തിന്റെ മേധാവിയായ യാക്കൂബ് മുഗളിന്റെ സംസ്‌കാര ചടങ്ങില്‍ ഐഎസ്ഐ ഏജന്റുമാരും പാക് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ പരസ്യമായ പിന്തുണയുണ്ട് എന്നുള്ളത് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മുസഫറാബാദിലെ ബിലാല്‍ ടെറര്‍ ട്രെയിനിംഗ് ക്യാമ്പിന്റെ മേല്‍നോട്ടം വഹിക്കുന്നയാളാണ് യാക്കൂബ് മുഗള്‍.
സംസ്‌കാര ചടങ്ങില്‍ യൂണിഫോമിലും അല്ലാതെയും നിരവധിയാളുകളെ കാണാം. ഇതില്‍ യൂണിഫോമിലല്ലാതെ നില്‍ക്കുന്നവരില്‍ പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത്തരത്തിലൊരു ക്യാമ്പിന് നേതൃത്വം നല്‍കിയിരുന്ന ഭീകരന്റെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാനിലെ പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുത്തതിലൂടെ ഭീകര സംഘടനകളുമായി പാകിസ്ഥാന്‍ സര്‍ക്കാര്‍ നിലിനിര്‍ത്തുന്ന ബന്ധം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
യാക്കൂബ് മുഗളിന് കീഴില്‍ ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യന്‍ അതിര്‍ത്തി കടത്തി വിട്ടിരുന്നത് ബിലാല്‍ ക്യാമ്പില്‍ നിന്നാണ്. യാക്കൂബ് മുഗള്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. നേരത്തെ, ഇന്ത്യയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഭീകരരെ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതായി പറയുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ എന്നപേരിലാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനിലെ ഒമ്പത് ഭീകരവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിലാണ് പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രം തകര്‍ന്നത്. ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തുന്നതിനും പരിശീലനം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ക്യാമ്പായിരുന്നു ഇത്.
ഇതിന് പുറമെ മുരിഡ്കെയില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നതര്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് വിവരം. പാക് പഞ്ചാബ് പോലീസിലെ ഉന്നതരും സംസ്‌കാര ചടങ്ങില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പുലര്‍ച്ചെ 1.44-ഓടെയായിരുന്നു ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന് തിരിച്ചടി നല്‍കിയത്. 23 മിനിറ്റ് നീണ്ട ആക്രമണത്തില്‍ ലഷ്‌കര്‍, ജെയ്ഷ താവളങ്ങള്‍ തകര്‍ത്തിരുന്നു. പാക് മേഖലകളിലെ ഒമ്പതിടങ്ങളിലായിരുന്നു സൈന്യം തിരിച്ചടി നല്‍കിയത്.
ഇന്ത്യന്‍ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടിരുന്നു. മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ക്ക് പാക് സൈനികര്‍ യൂണിഫോമില്‍ തന്നെ എത്തി സൈനിക ബഹുമതിയോടെ സംസ്‌കാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. മസൂദ് അസറിനെ യുഎന്‍ രക്ഷാസമിതി ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഈ ഭീകരസംഘടനയില്‍ പെട്ടവര്‍ക്ക് ബഹുമതികളോടെ അന്തിമോപചാരം അര്‍പ്പിച്ചത് ഭീകരവാദത്തിനുള്ള പാക്ക് ഭരണകൂടത്തിന്റെ പിന്തുണയുടെ പ്രത്യക്ഷ തെളിവാണെന്നാണ് വലയിരുത്തല്‍.
പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമായുള്ള മുസാഫറബാദ്, കോട്‌ലി, ബഹാവല്‍പുര്‍, റവാലകോട്ട്, ഭിംബര്‍, ചക്‌സ്വാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ സൈനികാക്രമണം. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ 'മര്‍ക്കസ് സുബഹാനള്ള ക്യാമ്പസ്', ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്‌കെയിലെ 'മര്‍ക്കസ് തൊയ്ബ', ഹിസ്ബുള്‍ ക്യാമ്പായ സിയാല്‍കോട്ടിലെ 'മെഹ്‌മൂന ജോയ' എന്നിവയെല്ലാം ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ ചാരമായി. 25 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തില്‍ സ്‌കാള്‍പ്(സ്റ്റോം ഷാഡോ) മിസൈലുകളും ഹാമ്മര്‍ ബോംബുകളും ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ പ്രയോഗിച്ചു. 'ഓപ്പറേഷന്‍ സിന്ദൂറി'ന് പിന്നാലെ പാക്കിസ്ഥാനിലെ ഈ ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങളും അവിടങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും സേന പുറത്തുവിട്ടിരുന്നു.
ഇന്ന് പുലര്‍ച്ചെ 1.05ന് നടന്ന ആക്രമണത്തില്‍ പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങളാണ് ഇന്ത്യ കൃത്യമായി ലക്ഷ്യമിട്ട് തകര്‍ത്തത്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഭീകര ക്യമ്പുകളിലുണ്ടായിരുന്ന 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സൂചന. അനിവാര്യമായ മറുപടിയാണ് നല്‍കിയതെന്നും പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു.