വാറണ്ടില്ലാതെ അറസ്റ്റു ചെയ്യുമ്പോള്‍ കുറ്റകൃത്യത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വ്യക്തിയെ കൃത്യമായി ബോധിപ്പിക്കണം; കേരളാ ഡിജിപി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് കഴിഞ്ഞ മാസം 25ന്; ഷാജന്‍ സ്‌കറിയയുടെ അറസ്റ്റില്‍ സര്‍ക്കുലര്‍ കാറ്റില്‍പ്പറത്തി പോലീസുകാരും; മറുനാടന്‍ വേട്ട സുപ്രീം കോടതി ഉത്തരവും പരസ്യമായി ലംഘിച്ച്
മറുനാടന്‍ വേട്ട സുപ്രീം കോടതി ഉത്തരവും പരസ്യമായി ലംഘിച്ച്
തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പോലീസ് അറസ്റ്റു ചെയ്തത് സുപ്രീംകോടതിയുടെ ഉത്തരവുകളെല്ലാം കാറ്റില്‍പ്പറത്തിയാണ്. മറുനാടനെതിരെ ആസൂത്രിത വേട്ടയ്ക്ക് ഒരുങ്ങി ഇറങ്ങിയവര്‍ തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തുന്നതാണ് കേരളം കണ്ടത്. വാറണ്ടോ നോട്ടീസോ ഇല്ലാതെ ഒരാളെ അറസ്റ്റു ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും സൈബര്‍ സി ഐ നിയാസും സംഘവും പാലിച്ചില്ല.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023 ലെ സെക്ഷന്‍ 47 പ്രകാരം എങ്ങനയാണ് ഒരാളെ അറസ്റ്റു ചെയ്യേണ്ടതെന്ന് കൃത്യമായി നിര്‍ദേശിക്കുന്നുണ്ട്. ഇതനുസരിച്ച് ഡിജിപി ഷേഖ് ദര്‍വേസ് സാഹിബ് കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാസം 24നാണ് പോലീസിനായി അറസ്റ്റു നടപടികള്‍ എങ്ങനെ വേണമെന്ന സര്‍ക്കുലര്‍ ഡിജിപി അയച്ചത്.
ഈ സര്‍ക്കുലര്‍ അയച്ച് രണ്ടാഴ്ച്ച കഴിയുമ്പോള്‍ തലസ്ഥാന നഗരത്തില്‍ ഡിജിപിയുടെ മൂക്കിന് താഴെയുള്ള ഉദ്യോഗസ്ഥര്‍ അത് ലംഘിക്കുകയാണ് ഉണ്ടായത്. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറസ്റ്റിനുള്ള കാരണങ്ങളും ജാമ്യാവകാശവും അറിയിക്കേണ്ടതാണെന്നാണ് ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കിയത്. സെക്ഷന്‍ 47 ന്റെ സംഗ്രഹം ഇങ്ങനെയാണ്:
വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥനോ മറ്റേതെങ്കിലും വ്യക്തിയോ താന്‍ അറസ്റ്റ് ചെയ്യപ്പെട്ട കുറ്റകൃത്യത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ അല്ലെങ്കില്‍ അത്തരം അറസ്റ്റിനുള്ള മറ്റ് കാരണങ്ങള്‍ ഉടന്‍ തന്നെ അദ്ദേഹത്തെ അറിയിക്കണം. ജാമ്യമില്ലാത്ത കുറ്റകൃത്യത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ ഒഴികെയുള്ള ആരെയെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമ്പോള്‍, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ജാമ്യത്തില്‍ വിടാന്‍ അര്‍ഹതയുണ്ടെന്നും അയാള്‍ക്ക് വേണ്ടി ജാമ്യക്കാരെ ഏര്‍പ്പാട് ചെയ്യാമെന്നും അറിയിക്കണം.
അറസ്റ്റ് നടത്തുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ കാരണങ്ങള്‍ രേഖാമൂലം രേഖപ്പെടുത്തണമെന്നും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷനുകള്‍ അനുശാസിക്കുന്നു. മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍, ഒരാളെ അറസ്റ്റ് ചെയ്യുന്ന ഓരോ ഉദ്യോഗസ്ഥനും, കേസിന്റെ സ്വഭാവമനുസരിച്ച്, അറസ്റ്റിനുള്ള കാരണങ്ങള്‍ അല്ലെങ്കില്‍ അറിയിപ്പ് എന്നിവ ഉടന്‍ അറിയിക്കണം. കുറ്റകൃത്യം ജാമ്യം ലഭിക്കാവുന്ന സ്വഭാവമുള്ളതാണെങ്കില്‍, അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് അറിയിക്കേണ്ടതാണ്. അതിനാല്‍ അവര്‍ക്ക്് വേണ്ടി ജാമ്യക്കാരെ ഏര്‍പ്പാട് ചെയ്യാം.
കൂടാതെ ഇതിനായുള്ള നോട്ടീസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആളിന്റെ പേര് അല്ലെങ്കില്‍ അപരനാമം, പിതാവിന്റെ പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, മേല്‍വിലാസം, ആധാര്‍, പാന്‍, വോട്ടര്‍ ഐ.ഡി, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ രേഖപ്പെടുത്തണം. കൂടാതെ ക്രൈം നമ്പര്‍, അറസ്റ്റിലേക്ക് നയിച്ച നിയമവും വകുപ്പും, പോലീസ് സ്റ്റേഷന്റെ പേരും ജില്ലയും അറസ്റ്റ് ചെയ്ത തീയതിയും സമയവും ജാമ്യം ലഭിക്കുന്ന കുറ്റകൃത്യമാണോ അല്ലയോ അറസ്റ്റിലേക്ക് നയിച്ച സാഹചര്യവും കാരണവും കൃത്യമായി ചേര്‍ത്തിരിക്കണം. ഏറ്റവും താഴെ അറസ്റ്റ് നടപ്പിലാക്കിയ ഉദ്യോഗസ്ഥന്റെ പേരും പേരും ഒപ്പും പോലീസ് സ്റ്റേഷന്റെ പേരും അറസ്ററിന് വിധേയനാകേണ്ട വ്യക്തിയുടെ ഒപ്പും സ്വീകര്‍ത്താവിന്റെ പേരും വിലാസവും തീയതിയും സമയവും എല്ലാം തന്നെ ഉണ്ടായിരിക്കണം.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയില്‍ പറയുന്ന കാര്യം സര്‍ക്കുലറായി അയച്ചെങ്കിലും മറുനാടന്‍ മലയാളി എഡിറ്ററുടെ കാര്യത്തില്‍ പോലീസ് ഇതെല്ലാം തെറ്റിച്ചു. ഷാജന്‍ സ്‌കറിയയെ വീട്ടില്‍ നിന്നും പിടിച്ചിറക്കി അറസ്റ്റു ചെയ്യുമ്പോള്‍ ഏത് കേസിനാണ് എന്ന കാര്യം പോലും വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിരുന്നില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരി 7ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലും അറസ്റ്റിലേക്ക് കടക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ വിശദീകരിക്കുന്നുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അടിസ്ഥാന വസ്തുതകളെക്കുറിച്ചുള്ള മതിയായ അറിവ് അയാള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ ഫലപ്രദമായി അറിയിക്കുന്ന വിധത്തില്‍ ആയിരിക്കണം എന്നാണ് സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കിയത്. സമൂഹമാധ്യമത്തില്‍ ഉറുദു കവിത പോസ്റ്റ് ചെയ്തിന് രാജ്യസഭാ എംപിയായ ഇമ്രാന്‍ പ്രതാപ്ഗഡിക്കെതിരെ എടുത്ത കേസ് റദ്ദാക്കി കൊണ്ടാണ് ഇത്തരമൊരു സുപ്രധാന നിര്‍ദ്ദേശം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിച്ചേ മതിയാകൂവെന്ന ഈ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ആര്‍ട്ടിക്കിള്‍ 22(1) ന്റെ ആവശ്യങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിക്കുമ്പോള്‍, ആര്‍ട്ടിക്കിള്‍ 22(1) ന്റെ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യത എല്ലാ അന്വേഷണത്തിലും ഉദ്യോഗസ്ഥനോ/ഏജന്‍സിക്കോ ആയിരിക്കും. ഇവ പാലിക്കാത്തത് പ്രസ്തുത ആര്‍ട്ടിക്കിള്‍ ഉറപ്പുനല്‍കുന്ന പ്രതിയുടെ മൗലികാവകാശങ്ങളുടെ ലംഘനമായിരിക്കും. മാത്രമല്ല, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 22(1) ഉം മറ്റ് നിര്‍ബന്ധിത സുരക്ഷാ സംവിധാനങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് മജിസ്‌ട്രേറ്റിന്റെ കടമയാണ്. ആര്‍്ട്ടിക്കിള്‍ 11(1) ലംഘിക്കപ്പെട്ടാല്‍ പ്രതിയെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിടേണ്ടത് കോടതിയുടെ കടമയാണെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവെല്ലാം ഷാജന്‍ സ്‌കറിയയുടെ കാര്യത്തില്‍ കാറ്റില്‍പ്പറത്തുകയാണ് പോലീസ് ചെയ്തത്. ഷര്‍ട്ടിടാന്‍ പോലും അനുവദിക്കാതെയാണ് ഷാജനെ പോലീസ അറസ്റ്റു ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചതും.