സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഫസ്റ്റ് റാങ്ക്; 'കഥാവശേഷനില്‍' അമ്പരപ്പിച്ച തമാശക്കാരന്‍; ലംബോ ഉദ്യോഗ മോഹം തകര്‍ത്തു; നില്‍പ്പ് സമരത്തിലും എന്‍ഡോസള്‍ഫാനിലും ഇരകള്‍ക്കൊപ്പം; ആശമാരെ പിന്തുണച്ച കൃഷ്ണപിള്ളയുടെ നിലപാട് തറ; ചലച്ചിത്ര അക്കാഡമിയില്‍ വിപ്ലവം; എന്നിട്ടും പ്രേംകുമാര്‍ നേരിട്ടത് അപമാനം; ഇത് പൂക്കുട്ടിക്കുള്ള സന്ദേശം; ഇനിയൊരു 'മല്ലിക' വേണ്ട!
കോട്ടയം: സിനിമാ പീഡന വിവാദത്തില്‍ ആടിയുലഞ്ഞുനില്‍ക്കുന്ന മലയാള ചലച്ചിത്ര ലോകത്തെയും അക്കാദമിയെയും കോര്‍ത്തിണക്കി മുന്നോട്ടുപോകേണ്ടതാണ് ആദ്യ ദൗത്യം അഭിമാനകരമായി പൂര്‍ത്തിയാക്കിയ സഖാവാണ് പ്രേംകുമാര്‍. ബുദ്ധി ജീവി ജാഡകളില്ലാതെ ചലച്ചിത്ര അക്കാഡമിയെ നയിച്ച പ്രേംകുമാര്‍. സംഘടനാ കഴിവ് തെളിയിച്ചിട്ടും പ്രേംകുമാറിന് പുറത്തേക്ക് പോകേണ്ടി വരുന്നു. സിനിമാ പീഡന വിവാദവും ഹീമാ കമ്മീഷന്‍ റിപ്പോര്‍ട്ടുമെല്ലാം അതിജീവിക്കാന്‍ പിണറായി കണ്ടെത്തിയ സമവായ മുഖമായിരുന്നു പ്രേകുമാറിന്റേത്. എന്നും ഉറച്ച നിലപാട് എടുത്ത സിനിമാക്കാന്‍. പഴയ കെ എസ് യുക്കാരന്‍ കോളേജ് ജീവിതം കഴിഞ്ഞതും കമ്യൂണിസ്റ്റായി. അതിനും സിനിമയുടെ സ്വാധീനമുണ്ട്. ആശമാരുടെ സമരം തീര്‍ത്തില്ലെങ്കില്‍ നാണക്കേടാകുമെന്ന് സര്‍ക്കാരിനെ അറിയിച്ച തന്റേടി. ഈ തന്റേടം ഇനി ചലച്ചിത്ര അക്കാഡമിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിയമസഭാ സ്ഥാനാര്‍ത്ഥിയായി പോലും പരിഗണിച്ച സൗമ്യ വ്യക്തിത്വമായിരുന്നു പ്രേംകുമാര്‍. ഈ അഭിനേതാവിനെയാണ് ഇപ്പോള്‍ സിപിഎം പൂര്‍ണ്ണമായും കൈവിടുന്നത്. സര്‍ക്കാര്‍ പദവിയില്‍ ഇരുന്ന് തിരുത്തലിന് ശ്രമിച്ചാല്‍ അപമാനിച്ച് ഇറക്കി വിടുമെന്ന സന്ദേശമാണ് ഇതിലൂടെ സര്‍ക്കാരും നല്‍കുന്നത്.
റസൂല്‍ പൂക്കുട്ടിയാണ് അക്കാഡമിയുടെ പുതിയ ചെയര്‍മാന്‍. ഓസ്‌കാര്‍ അവാര്‍ഡ് അടക്കം കിട്ടിയ വ്യക്തി. പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പ്രേംകുമാര്‍ പങ്കെടുത്തിരുന്നില്ല. വാര്‍ത്തയിലൂടെയാണ് മാറ്റം പ്രേംകുമാറും അറിഞ്ഞത്. എന്നാല്‍ കാലാവധി തീര്‍ന്നതു കൊണ്ടാണ് മാറ്റമെന്ന് സാംസ്‌കാരിക വകുപ്പ് പറയുന്നു. ഏതായാലും ആശാ സമരത്തിലെ പ്രേംകുമാറിന്റെ വിമര്‍ശനം ചര്‍ച്ചകളിലുണ്ട്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് എന്തെങ്കിലും ചെയ്യുന്നവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തുടരാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് പ്രേംകുമാറിനെ മുന്‍കൂട്ടി അറിയിക്കുക പോലും ചെയ്യാതെ മാറ്റുന്നതിലൂടെ നല്‍കുന്നത്. കേരള കലാമണ്ഡലവുമായി ബന്ധപ്പെട്ട് മല്ലികാ സാരാഭായ് ചില വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ ഇരുന്നുള്ള വിമര്‍ശനം സര്‍ക്കാരിന് ബോധിച്ചിട്ടില്ല. ഇനിയാരും പദവികളില്‍ ഇരുന്ന് ഇങ്ങനെ പ്രവര്‍ത്തിക്കരുതെന്ന് പറയുകാണ് സര്‍ക്കാര്‍. റസൂല്‍ പൂക്കൂട്ടി അടക്കമുള്ളവര്‍ക്ക് പാഠമാണ് പ്രേംകുമാറിനെതിരായ നടപടി. ഇനിയൊരു മല്ലികയെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് സാരം.
പീഡന കേസില്‍ രഞ്ജിത് കുടുങ്ങിയപ്പോഴായിരുന്നു അക്കാഡമിയുടെ തലപ്പത്ത് പ്രേം കുമാര്‍ എത്തുന്നത്. അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ മുതല്‍ മുന്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോളിന്റെ പേരു വരെ തലപ്പത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും പ്രേം കുമാറിനു താല്‍ക്കാലിക പദവി നല്‍കാന്‍ സാംസ്‌കാരിക വകുപ്പിനു അന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രേം കുമാറിനു പദവി നല്‍കുന്നതു വഴി എതിര്‍ശബ്ദങ്ങളെ കുറയ്ക്കാമെന്ന് സാംസ്‌കാരിക വകുപ്പും കരുതി. ശരിക്കും സമവായ സ്ഥാനാര്‍ഥിയെ പോലെ സര്‍ക്കാരിന്റെ കയ്യിലെ ഏക തുറുപ്പുചീട്ടായിരുന്നു പ്രേം കുമാര്‍. വൈസ് ചെയര്‍മാനു താല്‍ക്കാലിക ചുമതല നല്‍കിയതിലൂടെ ഡബ്ല്യുസിസിയുടെ എതിര്‍പ്പുകളെയും മറികടന്നു. ഐഎഫ്എഫ്‌കെയും നന്നായി നടത്തി. വൈസ് ചെയര്‍മാന്‍ പദവിയില്‍ അപശബ്ദങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിച്ചതിനൊപ്പം സ്വീകരിക്കുന്ന നിലപാടുകള്‍ കൂടിയാണ് പ്രേം കുമാറിനെ പ്രിയപ്പെട്ടവനാക്കുന്നത്. ഇടതുപക്ഷ നിലപാടുകളില്‍ അടിയുറച്ചു നില്‍ക്കുന്ന അദ്ദേഹം തലസ്ഥാനത്ത് സിപിഎമ്മിന്റെ സാംസ്‌കാരിക മേഖലയിലെ വിശ്വസ്തന്‍ കൂടിയായിരുന്നു ഒരു കാലത്ത്. ഇനി ഒന്നിനും വിളിക്കില്ല.
ചെമ്പഴന്തി എസ്.എന്‍ കോളജില്‍ കെഎസ്യു പാനലില്‍നിന്നു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രേം കുമാര്‍ 'സഖാവ്' എന്ന തന്റെ ആദ്യ ചിത്രത്തില്‍ അഭിനയിച്ചതിലൂടെയാണ് കമ്യൂണിസ്റ്റാകുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം പറയുന്ന ചിത്രമായിരുന്നത്. പി.എ. ബക്കര്‍ സംവിധാനം ചെയ്ത സിനിമയില്‍ നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ആ സിനിമ റിലീസ് ആയില്ല. പടം ഇറങ്ങിയില്ലെങ്കിലും കൃഷ്ണപിള്ള പ്രേം കുമാറിന്റെ ഹീറോയായി. കൃഷ്ണപിള്ളയെപ്പറ്റി കൂടുതല്‍ വായിച്ചു. അദ്ദേഹം എഴുതിയ പുസ്തകങ്ങളും വായിച്ചു. അങ്ങനെ കമ്യൂണിസ്റ്റായി. പ്രേം കുമാര്‍ ദിവസവും അല്‍പസമയം ബൈബിളും വായിക്കും. ഒഴിവു വേളകളിലും ബൈബിള്‍ വായിക്കുന്നതാണ് ഇഷ്ടം. രാജസേനന്റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന സിനിമയില്‍ രാജന്‍ പി.ദേവും നരേന്ദ്ര പ്രസാദും അവതരിപ്പിച്ച രണ്ടമ്മവാന്മാരുടെ അനന്തരവനായുള്ള സുന്ദരന്‍ എന്ന വേഷത്തിലൂടെയാണ് പ്രേം കുമാര്‍ മലയാളികള്‍ക്കിടയിലേക്കു ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്നത്. രണ്ടമ്മവാന്മാരുടെയും മക്കളെ മാറി മാറി പ്രേമിക്കുന്ന ഒരു പഞ്ചാരകുട്ടനായ കഥാപാത്രമായിരുന്നു പ്രേം കുമാറിന്റെ സുന്ദരന്‍.
ആ കഥാപാത്രം ഹിറ്റായതോടെ പാര്‍വതീ പരിണയം, ത്രീ മെന്‍ ആര്‍മി, ആദ്യത്തെ കണ്‍മണി, കൊക്കരക്കോ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം പോലുള്ള ചിത്രങ്ങളില്‍ വേഷമിട്ടു. റാഫി മെക്കാര്‍ട്ടിന്‍ ആദ്യമായി സംവിധാനം ചെയ്ത പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന ചിത്രത്തിലെ സതീഷ് കൊച്ചിന്‍ എന്ന വേഷം അഭിനയത്തില്‍ വഴിത്തിരിവായി. സ്‌കൂള്‍ ഒഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ ഒഥല്ലോ, മക്ബത്ത് പോലുള്ള ഗൗരവമേറിയ കഥാപാത്രങ്ങളാണ് പ്രേം കുമാര്‍ അവതരിപ്പിച്ചിരുന്നത്. അധ്യാപകനായിരുന്ന പി. ബാലചന്ദ്രന്‍ ഒരുക്കിയ കഥാവശേഷന്‍ എന്ന തമാശ നാടകത്തിലെ അഭിനയമാണു പ്രേംകുമാറിന് നിര്‍ണ്ണായകമായത്. അതിന് ശേഷമാണ് ലംബോ എന്ന ടെലി ഫിലിമിലെത്തുന്നത്. അതോടെ എണ്‍പതുകളുടെ ഒടുക്കം ടിവിയിലെ പ്രധാന താരമായും മാറിയിരുന്നു.
സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഫസ്റ്റ് റാങ്കോടെയാണ് പാസായത്. അന്ന് തിയേറ്ററും നാടകവുമായിരുന്നു പ്രേംകുമാറിന്റെ മനസ്സില്‍. സിനിമയില്‍ ആഗ്രഹിച്ച് വന്നതല്ല. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ടെലി ഫിലിമുകളില്‍ എത്തി. അതില്‍ ദൂരദര്‍ശനില്‍ 'ലംബോ' എന്ന ടെലി ഫിലിമില്‍ ശ്രദ്ധിക്കപ്പെട്ടു. മികച്ച നടനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടിത്തന്ന ചിത്രമാണ്. ആ ടെലി ഫിലിമില്‍ ഹ്യൂമര്‍ ക്യാരക്റ്റര്‍ ചെയ്ത ശേഷം സിനിമയിലേക്ക് ക്ഷണം കിട്ടി. സിനിമാ നടന്‍ ആവണമെന്ന് കരുതിയല്ലായിരുന്നു ആ വരവ്. ദൂരദര്‍ശനിലോ, ഓള്‍ ഇന്ത്യ റേഡിയോയിലോ ജോലി കിട്ടുകയായിരുന്നു ലക്ഷ്യം. അന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ എഴുതി ദൂരദര്‍ശന്‍ ജോലിക്കുള്ള ലിസ്റ്റില്‍ കയറിപ്പറ്റി. അപ്പോഴാണ് സ്റ്റേറ്റ് അവാര്‍ഡ് വരുന്നത്. കാര്യങ്ങള്‍ മാറി. സിനിമയിലേക്കുള്ള അവസരങ്ങള്‍ എന്നെ തേടിവരാന്‍ തുടങ്ങി. അങ്ങനെയാണ് പ്രേംകുമാര്‍ സിനിമാക്കാരനായത്.
സാമൂഹിക വിഷയങ്ങളില്‍ ഇടപെടാറുണ്ട് എന്നും പ്രേംകുമാര്‍. നടനായി ഒതുങ്ങികൂടാറില്ല. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമരം, ആദിവാസികളുടെ നില്‍പ്പ് സമരം എന്നിവക്ക് അഭിവാദ്യം അര്‍പ്പിച്ചിരുന്നു. പഠിക്കുമ്പോള്‍ തന്നെ ആദിവാസി മേഖലയുടെ പ്രശ്‌നങ്ങളെപ്പറ്റി നാടകങ്ങള്‍ ചെയ്തിരുന്നു. വായനക്കായി സമയം കണ്ടെത്തി. സാംസ്‌കാരിക സമ്മേളനങ്ങളില്‍ പങ്കെടുത്തു. പത്രങ്ങളില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങള്‍ എഴുതി. അങ്ങനെ നടനെന്നതില്‍ ഉപരി നിറഞ്ഞ വ്യക്തിത്വമാണ് പ്രേംകുമാറിന്റേത്. ഈ സാഹചര്യത്തിലാണ് ആശാ സമരത്തില്‍ നിലപാട് പറഞ്ഞതും. എന്നാല്‍ ആ നിലപാട് പ്രേംകുമാറിന് ചലച്ചിത്ര അക്കാഡമിയിലെ താക്കോല്‍ സ്ഥാനം നഷ്ടമാക്കിയെന്നതാണ് വസ്തുത. കേരളം അതിദാരിദ്ര മുക്തമായി മാറിയിരിക്കുന്നു. ഈ സുപ്രധാന പ്രഖ്യാപനം നടത്തിയ അതേ ദിവസം തന്നെയാണ് നിലപാടുള്ള ഒരു കാലാകാരന് തന്റെ സ്ഥാനം നിലപാട് പറഞ്ഞതിന്റെ പേരില്‍ നഷ്ടമാകുന്നത്.
