തദ്ദേശ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം; ഇടതു സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം വിതരണവും പദയാത്രകളും ആരംഭിക്കും; പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കോര്‍ കമ്മിറ്റി; കുറ്റപത്ര വിതരണം ഉദ്ഘാടനം ചെയ്യുന്നത് കെ.സി വേണുഗോപാല്‍; വി.ഡി സതീശനെ തഴയുന്നതായും ആരോപണം

Update: 2025-11-01 12:02 GMT

തിരുവനന്തപുരം: ചുമതലയേറ്റെടുത്ത പുതിയ കെ.പി.സി.സി ഭാരവാഹികള്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലകള്‍ വീതിച്ചു നല്‍കി കോണ്‍ഗ്രസ് നേതൃത്വം. പരമാവധി മുതിര്‍ന്ന നേതാക്കളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു കൊണ്ട്, ഇടതു സര്‍ക്കാരിന്‍െ്റ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞു കൊണ്ടുള്ള കുറ്റപത്രം വിതരണവും വാര്‍ഡുകള്‍ തോറുമുള്ള പദയാത്രകളും നാളെമുതല്‍ ആരംഭിക്കാന്‍ കെ.പി.സി.സി തീരുമാനം. പുതിയ ഡി.സി.സി, കെ.പി.സി.സി ഭാരവാഹികളുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ 17 അംഗ കോര്‍കമ്മിറ്റി നിരീക്ഷിക്കും. കുറ്റപത്ര വിതരണം ഞായറാഴ്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ആദ്യ പരിപാടി പ്രതിപക്ഷ നേതാവ് നടത്തേണ്ടതായിരുന്നെന്നും സംഘടനയില്‍ ആരോപണം.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ തന്നെ വീതിച്ചു നല്‍കാനാണ് കെ.പി.സി.സി തീരുമാനം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡി.സി.സി, കെ.പി.സി.സി ഭാരവാഹികള്‍ക്ക് ഇതിന്‍െ്റ ചുമതല നല്‍കിയിട്ടുണ്ട്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയായിരിക്കും. തിരുവനന്തപുരം പോലെ, യു.ഡി.എഫ് ഏറെ പിന്നാക്കം നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ കമ്മിറ്റിയിലെ അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫ് മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന തിരുവനന്തപുരം നഗരസഭയുടെ പൂര്‍ണ്ണ ചുമതല മുതിര്‍ന്ന നേതാവായ കെ. മുരളീധരനാണ്.

ഇടതു സര്‍ക്കാരിന്റെ ഒന്‍പതു വര്‍ഷക്കാലത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞുള്ള കുറ്റപത്രം യു.ഡി.എഫ് തയ്യാറാക്കിയിട്ടുണ്ട്. കുറ്റപത്രം വിതരണം ചെയ്യലും പദയാത്രകളുമാണ് പ്രധാനമായും പ്രചരണ അജണ്ടയിലുള്ളത്. എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭകള്‍ കേന്ദ്രീകരിച്ചാകും പ്രധാനമായും കുറ്റപത്രം തയ്യാറാക്കി ജനങ്ങളിലെത്തിക്കുക. ഇതിന്റെ ഉദ്ഘാടനം ആലപ്പുഴയില്‍ ഞായറാഴ്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം കുറ്റപത്രം ഓരോ വീടുകളിലുമെത്തിക്കും. പഞ്ചായത്തുകളിലെ പദയാത്രയിലൂടെ ഇടതുവീഴ്ചകള്‍ ചൂണ്ടിക്കാട്ടും. ഞായറാഴ്ച ആലപ്പുഴയില്‍ കുറ്റപത്ര വിതരണം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇതും സംഘടനക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. കേരളത്തില്‍ സ്ഥാനമുറപ്പിക്കാന്‍ തീരുമാനിച്ച കെ.സി വേണുഗോപാല്‍ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുന്നതാണ് ചര്‍ച്ചയാകുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

വിവിധ ജില്ലകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. ചിലയിടങ്ങളില്‍ മത്സരിപ്പിക്കേണ്ടവരെ നിശ്ചയിച്ചു കഴിഞ്ഞു. ഇനി ഔദ്യോഗിക തീരുമാനം മാത്രമേ വരാനുള്ളൂ. ഒന്നില്‍ കൂടുതല്‍ പേര്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള വാര്‍ഡുകളില്‍ ഓരോരുത്തരുമായി നേതാക്കള്‍ ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കും. വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം കേരളത്തില്‍ സജീവമാകാന്‍ ഒരുങ്ങിയ കെ.സി വേണുഗോപാലിന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ശക്തമായ എതിര്‍പ്പുകളാണ് നേരിടേണ്ടി വരുന്നത്.

ഇത്തവണ ഭരണം നേടാനാകുമെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസ് മൂന്നേറുമ്പോള്‍ ഡെല്‍ഹിയില്‍ നിന്നുമെത്തി കേരളത്തില്‍ കെ.സി നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെയാണ് വിവിധ ഗ്രൂപ്പുകള്‍ എതിര്‍ക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെത് ഉള്‍പ്പെടെയുള്ള നിയമനങ്ങളില്‍ കെ.സിയുടെ അഭിപ്രായമാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചത്. എ ഗ്രൂപ്പ് കെ.എം.അഭിജിത്തിനു വേണ്ടിയും ഐ ഗ്രൂപ്പ് അബിന്‍ വര്‍ക്കിക്കു വേണ്ടിയും ശക്തമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇരുവരെയും വെട്ടി ജനീഷിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കിയത് കെ.സി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തിയാണെന്ന് ചില നേതാക്കള്‍ ആരോപിക്കുന്നു. പോഷക സംഘടനകളെ കെ.സി അനുകൂലമാക്കുകയാണെന്നും എ, ഐ ഗ്രൂപ്പുകള്‍ വിമര്‍ശിക്കുന്നുണ്ട്.

Tags:    

Similar News