പറന്നുയരാനുള്ള ഒരുക്കത്തിനിടെ മറ്റൊരു വിമാനത്തിന്റെ പിന്‍ഭാഗത്ത് ഇടിച്ചുകയറി; ഇരുവിമാനങ്ങളിലെയും യാത്രക്കാരെ അതിവേഗം പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം; ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലെ അപകടത്തില്‍ അന്വേഷണം; ശക്തമായ കാറ്റ് വീശിയിരുന്നുവെന്ന് സൂചന

Update: 2025-11-01 12:08 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലെ ടാര്‍മാക്കില്‍ രണ്ട് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാത്രി ഹ്യൂസ്റ്റണിലേക്ക് പറന്നുയരാന്‍ തീരുമാനിച്ചിരുന്ന മറ്റൊരു വിമാനവുമായി ഷിക്കാഗോയിലേക്ക് പോകുന്ന വിമാനം കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്.

റണ്‍വേയില്‍ നിശ്ചലമായിരുന്ന ഒരു വിമാനത്തിന്റെ വാലില്‍ മറ്റൊരു വിമാനം ഇടിച്ചുകയറിയതായി യുണൈറ്റഡ് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് രണ്ട് വിമാനങ്ങളിലേയും ജീവനക്കാരെ അടിയന്തരമായി പുറത്തിറക്കുകയായിരുന്നു. രണ്ട് വിമാനങ്ങളിലുമായി ആകെ 328 യാത്രക്കാരും 15 ക്രൂ അംഗങ്ങളും ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേററിട്ടില്ല.

യാത്രക്കാര്‍ പറയുന്നത് ഇടിയുടെ ആഘാതം തങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നാണ്. അപകടത്തെ തുടര്‍ന്ന് ഫയര്‍ എന്‍ജിനുകള്‍ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കേടുപാടുകള്‍ വിലയിരുത്തുന്നതിനായി വിദഗ്ധ സംഘം പരിശോധന നടത്തുകയാണ്. അമേരിക്കയിലെ പല നഗരങ്ങളിലും ശക്തമായ തോതില്‍ കാറ്റ് വീശുന്ന സാഹചര്യത്തിലാണ് ഈ അപകടം ഉണ്ടായിരിക്കുന്നത്.

രാത്രിയില്‍, 45 മൈല്‍ വേഗതയില്‍ വീശിയ ശക്തമായ കാറ്റ് കാരണം ലാഗ്വാര്‍ഡിയയില്‍ വിമാനങ്ങള്‍ നിലത്തിറക്കിയിരുന്നു. ഒരു മാസമായി നീണ്ടുനില്‍ക്കുന്ന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ മൂലമുണ്ടായ ജീവനക്കാരുടെ കുറവ് കാരണം രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന കാലതാമസവും റദ്ദാക്കലുകളും പതിവായി മാറുകയാണ്.

ഏകദേശം 13,000 എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നുണ്ട്. ഡിസ്നി വേള്‍ഡിനും യൂണിവേഴ്സല്‍ സ്റ്റുഡിയോയ്ക്കും ഏറ്റവും അടുത്തുള്ള പ്രധാന വിമാനത്താവളമായ ഒര്‍ലാന്‍ഡോ വിമാനത്താവളത്തില്‍ 'ബുധനാഴ്ച രാത്രി ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി പോയിരുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി കാരണം ഷട്ട് ഡൗണ്‍ തുടങ്ങിയിട്ട് 34 ദിവസം പിന്നിട്ടിരിക്കുകയാണ്. അമേരിക്കയിലെ എല്ലാ മേഖലകളിലും ഇത് വലിയ തോതിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Similar News