ഒരു ഫോണ്‍ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്ന് ജനങ്ങള്‍ മനസിലാക്കണം; വിദേശത്തുള്ള തങ്ങളുടെ മൂന്ന് പെണ്‍മക്കള്‍ അയച്ച പണമുള്‍പ്പെടെ ദമ്പതികളുടെ സമ്പാദ്യം മുഴുവന്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി; വേദനയില്‍ 82കാരന്റെ മകന്‍; 'ഡിജിറ്റല്‍ അറസ്റ്റില്‍' ഇരകള്‍ വയോധികരാകുമ്പോള്‍

Update: 2025-11-01 16:00 GMT

പൂന: സര്‍ക്കാര്‍ നിരന്തരം പ്രചരണം നടത്തിയിട്ടും രാജ്യത്ത് 'ഡിജിറ്റല്‍ അറസ്റ്റ്' തുടരുന്നു. ഈ മോഡല്‍ തട്ടിപ്പില്‍ 1.19 കോടി രൂപ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍ 82 വയസ്സുകാരനായ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുകായണ് പോലീസ്. ഒക്ടോബര്‍ 22-ന് വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തട്ടിപ്പ് കാരണം ഇദ്ദേഹം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. ഈ വിഷയത്തില്‍ കേന്ദ്ര ഏജന്‍സികളും പരിശോധന തുടരും.

ഓഗസ്റ്റ് 16-നും സെപ്റ്റംബര്‍ 17-നും ഇടയിലാണ് പൂനെയിലെ ദമ്പതികള്‍ ഈ തട്ടിപ്പിന് ഇരയായത്. മുംബൈ സൈബര്‍ പോലീസ്, സിബിഐ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാര്‍, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണത്തിലാണെന്ന് വിശ്വസിപ്പിച്ച് ദമ്പതികളെ മൂന്ന് ദിവസത്തോളം 'ഡിജിറ്റല്‍ അറസ്റ്റില്‍' വെക്കുകയായിരുന്നു. അങ്ങനെയാണ് പണം കൊടുക്കേണ്ടി വന്നത്. പല തരത്തില്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. അതിന് ശേഷവും ഇത്തരം ഇരകളുണ്ടാകുന്നു. നിലവില്‍ പ്രായമായവരെയാണ് സംഘം ഇരകളാക്കുന്നത്. ഇതാണ് പൂനയിലും കണ്ടെത്.

തട്ടിപ്പിന്റെ തുടക്കം ഓഗസ്റ്റ് 16-നായിരുന്നു. ഒരു സ്വകാര്യ വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടും ആധാര്‍ വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെട്ടതായി മുംബൈ പോലീസിലെ 'എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്' എന്ന് അവകാശപ്പെടുന്ന ഒരാളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന് ആദ്യമായി ഒരു കോള്‍ ലഭിച്ചു. പിന്നീട്, ദമ്പതികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും 'വീട്ടില്‍ തടങ്കലില്‍' അല്ലെങ്കില്‍ 'ജയില്‍ അറസ്റ്റില്‍' വെക്കുമെന്നും പറഞ്ഞ് സിബിഐയുടെ ഡല്‍ഹി ഓഫീസിലെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന മറ്റൊരു തട്ടിപ്പുകാരന്‍ വിളിച്ചു.

ഫോണ്‍ ക്യാമറ ഓണാക്കി വെക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മൂന്ന് ദിവസത്തോളം ദമ്പതികള്‍ 'ഡിജിറ്റല്‍ അറസ്റ്റിലായി'. ഈ സമയം കൊണ്ട് തട്ടിപ്പുകാര്‍ ഇവരുടെ എല്ലാ ബാങ്ക്, ആധാര്‍ വിവരങ്ങളും കൈക്കലാക്കുകയും അഞ്ച് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിദേശത്തുള്ള തങ്ങളുടെ മൂന്ന് പെണ്‍മക്കള്‍ അയച്ച പണമുള്‍പ്പെടെ ദമ്പതികളുടെ സമ്പാദ്യം മുഴുവന്‍ തട്ടിപ്പുകാര്‍ കൈക്കലാക്കി. ഫോണ്‍ വിളികള്‍ പെട്ടെന്ന് നിലച്ചതിന് ശേഷമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് ദമ്പതികള്‍ക്ക് മനസ്സിലായത്.

വിരമിച്ച ഉദ്യോഗസ്ഥന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി പരിശോധിച്ച ശേഷം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം തുടങ്ങുകയും ചെയ്തു. വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായതോടെ ദമ്പതികള്‍ ഒരു മകളെ വിളിച്ച് വിവരം അറിയിച്ചു. ഇവര്‍ ഉടന്‍തന്നെ പൊലീസില്‍ ബന്ധപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ ഒക്ടോബര്‍ 22നാണ് വൃദ്ധന്‍ കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തട്ടിപ്പിനിരയായത് മുതല്‍ അദ്ദേഹം മാനസികമായി തളര്‍ന്നുപോയിരുന്നതായി ഭാര്യ പൊലീസിനോട് പറഞ്ഞു.

ഒരു ഫോണ്‍ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്ന് ജനങ്ങള്‍ മനസിലാക്കണം. ഇത്തരം സാഹചര്യങ്ങളില്‍ ആര്‍ക്കും പണമോ നല്‍കുകയോ മറ്റ് വിവരങ്ങള്‍ പങ്കുവയ്ക്കാനോ പാടില്ലെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പുകാര്‍ അവരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ കാണിക്കുമെന്നും ഇതിലൊന്നും പരിഭ്രാന്തരാകരുതെന്നും അധികൃതര്‍ അറിയിച്ചു.

Tags:    

Similar News