ഇന്ത്യയ്ക്ക് അവകാശപ്പെട്ടിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്കായിരുന്നു പോയിരുന്നത്; ഇനി ഇന്ത്യയിലെ ജലം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒഴുകുന്നത്; അത് സംരക്ഷിക്കുകയും പുരോഗതിക്കായി ഉപയോഗിക്കുകയും ചെയ്യുമെന്ന് പറഞ്ഞ മോദി; മണിക്കൂറുകള്‍ക്ക് അകം സംയുക്ത സൈനിക മിന്നല്‍ മിസൈലാക്രണം; ജല ബോംബിനൊപ്പം തീയും വര്‍ഷിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്ഥാനിലേക്ക് വെള്ളം നല്‍കില്ലെന്ന് ഒരിക്കല്‍ക്കൂടു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ ജലം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എബിപി നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച സമ്മിറ്റിലായിരുന്നു പ്രതികരണം. ഇപ്പോള്‍ മാധ്യമങ്ങളില്‍ വെള്ളത്തിന്റെ കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മുമ്പ് ഇന്ത്യയ്ക്ക് അവകാശപ്പെട്ടിരുന്ന വെള്ളം പോലും രാജ്യത്തിന് പുറത്തേക്കായിരുന്നു പോയിരുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ ജലം ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒഴുകുന്നത്. അത് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സംരക്ഷിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതോടെ ജല ബോംബില്‍ ഇന്ത്യന്‍ പ്രതികാരം തീരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പാക്കിസ്ഥാനും അങ്ങനെ കരുതി. ഇതിനിടെയാണ് പാക്കിസ്ഥാനെ വേദനിപ്പിച്ച് മിസൈലാക്രമണം. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ മരവിപ്പിക്കുകയാണെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീളുമെന്ന സൂചനകളാണ് ഇന്ത്യന്‍ മിന്നല്‍ മിസൈലാക്രമണം നല്‍കുന്നത്. ഇന്ന് രാത്രി അതിനിര്‍ണ്ണായകമാണ്. ഇന്ത്യ എല്ലാ പ്രതിരോധവും ഒരുക്കി പാക്കിസ്ഥാനെ തളര്‍ത്താന്‍ കാത്തിരിക്കുകയാണ്.
സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 'കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു' എന്നാണ് ആക്രമണത്തെ ഇന്ത്യന്‍ സൈന്യം എക്‌സ് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. പാക് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകര കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യമിട്ടതെന്നും കൃത്യമായി സംയമനം പാലിച്ചുള്ള നടപടിയാണ് ഇന്ത്യയില്‍ നിന്നുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. 'ഭാരത് മാതാ കീ ജയ്' എന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എക്‌സില്‍ കുറിച്ചത്.ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് രാജ്യത്തുടനീളം ആസൂത്രണം ചെയ്ത മോക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രവലിയ മോക്ഡ്രില്‍ സംഘടിപ്പിക്കപ്പെടുന്നത്.
പഹല്‍ഗാം ആക്രമണത്തിന് ശേഷം നിരവധി തന്ത്രപ്രധാന യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങ്, കരസേന, നാവികസേന, വ്യോമസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു തിരിച്ചടിക്കുമെന്ന് ആദ്യം മുതലേ സൂചന നല്‍കിയ ഇന്ത്യ സിന്ധു-നദീജല കരാര്‍ മരവിപ്പിക്കുന്നതടക്കം നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത് പല വിധ സന്ദേശം നല്‍കാനാണ്. പാക് പൗരന്മാര്‍ക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കിയ ഇന്ത്യ അട്ടാരി അതിര്‍ത്തിയും അടച്ചു. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് മിസൈല്‍ മിന്നലാക്രമണം.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ജയ്‌ഷെ, ലഷ്‌കര്‍ താവളങ്ങളാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. സൈന്യം തകര്‍ത്ത ബാവല്‍പൂരിലെ ജയ്‌ഷെ കേന്ദ്രം കൊടുംഭീകരന്‍ മസൂദ് അസറിന്റെ പ്രധാന ഒളിത്താവളമാണ്. മുദ്‌രികെയിലെ ലഷ്‌കര്‍ കേന്ദ്രങ്ങളിലും ആക്രമണം നടത്തി. മുദ്‌രികെ ഹാഫിസ് സയ്യിദിന്റെ കേന്ദ്രമാണ്. റഫാല്‍ വിമാനങ്ങളില്‍ നിന്ന് മിസൈല്‍ തൊടുത്തായിരുന്നു ആക്രമണം. ഇന്ത്യയ്ക്കെതിരായ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ബാവല്‍പൂരിലും മുദ്‌രികെയിലുമുള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റെ ലക്ഷ്യം കൊടും ഭീകരരുടെ കേന്ദ്രങ്ങളായതിനാലാണ് ഇരു കേന്ദ്രങ്ങളും തകര്‍ത്തത്. 1999-ല്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമായ ഐസി-814-ലെ യാത്രക്കാരെ മോചിപ്പിക്കാന്‍ ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസറിനെ വിട്ടയച്ചിരുന്നു. അന്ന് മുതല്‍ ബാവല്‍പൂര്‍ ജെയ്ഷെ മുഹമ്മദിന്റെ പ്രവര്‍ത്തന കേന്ദ്രമാണ്. 2000-ലെ ജമ്മു കശ്മീര്‍ നിയമസഭാ ബോംബാക്രമണം, 2001-ലെ പാര്‍ലമെന്റ് ആക്രമണം, 2016-ലെ പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയിലുണ്ടായ ഭീകരാക്രമണങ്ങളില്‍ ഈ ഗ്രൂപ്പിന് ബന്ധമുണ്ട്. ഇപ്പോള്‍ ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട അസര്‍ 2019 മുതല്‍ ഒളിവിലാണ്.
മുരിദ്‌കെ ലാഹോറില്‍ നിന്ന് വെറും 30 കിലോമീറ്റര്‍ അകലെയാണ്, 1990-കള്‍ മുതല്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ താവളമാണ്. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടന ഇന്ത്യയിലെ നിരവധി ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളാണ്, പ്രത്യേകിച്ച് 26/11 മുംബൈ ഭീകരാക്രമണത്തിന്. ഹൈദരാബാദ്, ബെംഗളൂരു, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ ആക്രമണങ്ങളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്.