380 കിലോമീറ്റര്‍ ദൂരപരിധിയില്‍ തിരിച്ചടി നല്‍കാവുന്ന ബോംബറുകള്‍; യുദ്ധവിമാനങ്ങളും മിസൈലുകളും ഡ്രോണുകളും കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന റഷ്യന്‍ നിര്‍മിത എസ്-400 സര്‍ഫസ്-ടു-എയര്‍ മിസൈല്‍ പ്രതിരോധ സംവിധാനം; ഇസ്രയേല്‍ നിര്‍മിത ബരാക്-8 മീഡിയം റേഞ്ച് സര്‍ഫസ്-ടു-എയര്‍ മിസൈല്‍; അതിര്‍ത്തിയില്‍ ഇന്ത്യ സര്‍വ്വ സജ്ജം; തിരിച്ചടിയ്ക്കാന്‍ പാക്കിസ്ഥാന്‍ വന്നാല്‍ വലിയ വില കൊടുക്കേണ്ടി വരും

Update: 2025-05-08 07:49 GMT

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സംഭവിച്ചേക്കാവുന്ന പ്രത്യാക്രമണം നേരിടാന്‍ സര്‍വ സജ്ജമായി ഇന്ത്യന്‍ സൈന്യം. 380 കിലോമീറ്റര്‍ ദൂരപരിധിയില്‍ തിരിച്ചടി നല്‍കാവുന്ന ബോംബറുകള്‍, യുദ്ധവിമാനങ്ങള്‍ മിസൈലുകള്‍ ഡ്രോണുകള്‍ എന്നിവ കണ്ടെത്തി നശിപ്പിക്കാന്‍ കഴിയുന്ന റഷ്യന്‍ നിര്‍മിത എസ്-400 സര്‍ഫസ്-ടു-എയര്‍ മിസൈല്‍ പ്രതിരോധ സംവിധാനം, ഇസ്രയേല്‍ നിര്‍മിത ബരാക്-8 മീഡിയം റേഞ്ച് സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സംവിധാനം (70 കിലോമീറ്റര്‍ ദൂരപരിധി), തദ്ദേശീയമായി നിര്‍മിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം (25 കിലോമീറ്റര്‍ ദൂരപരിധി), ഇസ്രയേല്‍ നിര്‍മിത ലോ-ലെവല്‍ സ്‌പൈഡര്‍ ക്വിക്ക്-റിയാക്ഷന്‍ ആന്റി-എയര്‍ക്രാഫ്റ്റ് മിസൈലുകള്‍ (15 കിലോമീറ്റര്‍ ദൂരപരിധി) എന്നിവ അതിര്‍ത്തിയില്‍ നിറഞ്ഞു. കര-വ്യാമ-നാവിക സേനകള്‍ സര്‍വ്വ സജ്ജമാണ്.

പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു വ്യോമാക്രമണം ഉണ്ടായാല്‍ തടയാന്‍ വിവിധ തലങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയും സജീവമാക്കി. നാവിക സേന അറബിക്കടലില്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. അതിര്‍ത്തിയിലെ കരസേനാ യൂണിറ്റുകളും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണ്. വ്യോമസേന യുദ്ധവിമാനങ്ങളും അതിര്‍ത്തിയില്‍ വ്യോമ പട്രോളിങ്ങില്‍ സജീവമാണ്. ലഹോറില്‍ വന്‍ പടയൊരുക്കം പാക്കിസ്ഥാന്‍ നടത്തുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനെ അതിന്റെ ഗൗരവത്തില്‍ എടുക്കുകയാണ് ഇന്ത്യ. രാജ്യത്തിന്റെ ആണവായുധ ശേഖരം കൈകാര്യം ചെയ്യുന്ന ട്രൈ-സര്‍വീസ് സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിനും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഏത് തരത്തിലുള്ള പ്രത്യാക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കാനാണ് തീരുമാനം. ഇതിന് ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ അധികാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ സൈനിക സാഹസികതയ്ക്ക് വേഗത്തില്‍ മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃത്യമായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ സൈനിക സാഹസികതയെന്ന് പാക്കിസ്ഥാന് പോലും വിശേഷിപ്പിക്കേണ്ടി വന്നുവെന്നതാണ് വസ്തുത.

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയവും നടപടികള്‍ എടുക്കുന്നുണ്ട്. മുന്‍കരുതല്‍ ഭാഗമായാണ് ഇത്. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടയ്ക്കുക. ഈ വിമാനത്താവളങ്ങളിലെ ശനിയാഴ്ച പുലര്‍ച്ചെ വരെയുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ആകെ 430 വിമാനസര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വടക്ക് പടിഞ്ഞാറന്‍ വ്യോമപാത പൂര്‍ണമായും ഒഴിവാക്കിയാണ് നിലവില്‍ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നത്. ഇതിനു പിന്നാലെയാണ് വിമാനത്താവളങ്ങള്‍ കൂടി അടച്ചിടാനുള്ള തീരുമാനം വന്നിരിക്കുന്നത്. മിക്ക വിദേശ വിമാനക്കമ്പനികളും പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്. ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡിഗഡ്, അമൃത്സര്‍, ലുധിയാന, പട്യാല, ബതിന്ദ, ഹല്‍വാര, പഠാന്‍കോട്ട്, ഭുന്തര്‍, ഷിംല, ഗഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഡ്, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്തര്‍, കണ്ട്ല, കെഷോദ്, ബുജ്, ഗ്വാളിയാര്‍, ഗാസിയാബാദ് ഹിന്‍ഡന്‍ വിമാനത്താളങ്ങളുടെ പ്രവര്‍ത്തനമാണ് ശനിയാഴ്ച പുലര്‍ച്ചെ വരെ നിര്‍ത്തിവച്ചിരിക്കുന്നത്.

ഓപറേഷന്‍ സിന്ദൂറിലൂടെ സംഭവിച്ച തിരിച്ചടികള്‍ക്കു പാക്കിസ്ഥാന് തിരിച്ചടിക്കാതിരിക്കാന്‍ സാധിക്കില്ലെന്നും പാക്കിസ്ഥാന്‍ സൈന്യത്തിന് വലിയ സമ്മര്‍ദമുണ്ടെന്നുമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ പാക്കിസ്ഥാന്റെ സൈനിക വിമാനങ്ങള്‍ പഞ്ചാബ് അതിര്‍ത്തി വരെ എത്തി തിരിച്ചുപോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ യുദ്ധ വിമാനങ്ങളുടെ ഇടപെടലാണ് ഇതിന് കാരണം. രാജ്യാന്തരമാധ്യമങ്ങളിലും വലിയ വാര്‍ത്തയായി 'ഓപ്പറേഷന്‍ സിന്ദൂര്‍' മാറിയിട്ടുണ്ട്. ഭീകരതയ്ക്കെതിരായ പോരാട്ടം എന്ന നിലയ്ക്കാണ് പഹല്‍ഗാമിനുള്ള ഇന്ത്യന്‍ മറുപടിയെ ഈ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. കശ്മീര്‍ ആക്രമണത്തിന് പിന്നാലെ പാകിസ്താനില്‍ മിസൈല്‍ ആക്രമണം നടത്തി ഇന്ത്യ എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്. സിഎന്‍എന്‍ നല്‍കിയ തലക്കെട്ടാകട്ടെ, വലിയ സംഘര്‍ഷത്തിനരികെ ഇന്ത്യയും പാകിസ്താനും എന്നായിരുന്നു. സൈനിക നടപടിക്ക് ഇന്ത്യ ഉപയോഗിച്ച അത്യാധുനിക സങ്കേതങ്ങളെ കുറിച്ചും റഫാല്‍ യുദ്ധവിമാനങ്ങള്‍, സ്‌കാള്‍പ് ക്രൂയിസ് മിസൈലുകള്‍ തുടങ്ങിയവയെ കുറിച്ചുമുള്ള വിശദമായ കവറേജും അവര്‍ നല്‍കിയിരുന്നു. പാക് സൈനിക കേന്ദ്രങ്ങളെയല്ല പകരം ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യന്‍ ആക്രമണമെന്നും റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അല്‍ഖായിദ രംഗത്തു വന്നിട്ടുണ്ട്. സംഘടനയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡ വിഭാഗമായ അല്‍-ഖായിദ ഇന്‍ ദി ഇന്ത്യന്‍ സബ്‌കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓപറേഷന്‍ സിന്ദൂറിനെ അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ത്യ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടുവെന്നും എക്യുഐഎസ് ആരോപിക്കുന്നു. ആരാധനാലയങ്ങളെയും ജനവാസ കേന്ദ്രങ്ങളെയുമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും എക്യുഐഎസ് ആരോപിക്കുന്നു. മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എംഇഎംആര്‍ഐ) മധ്യപൂര്‍വ ദേശ രാജ്യങ്ങളിലെയും നോര്‍ത്ത് അമേരിക്കയിലെയും വാര്‍ത്തകള്‍ നിരീക്ഷിക്കുന്ന സ്ഥാപനമാണ്. പ്രാദേശിക ഭാഷകളിലെ വാര്‍ത്തകള്‍ ഇവര്‍ ഇംഗ്ലിഷിലേക്ക് തര്‍ജമ ചെയ്യുന്നു. ഇവരുടെ നിലപാടുകള്‍ സംബന്ധിച്ച് വിമര്‍ശനങ്ങളുമുണ്ട്. ഇതെല്ലാം ഗൗരവത്തോടെയാണ് ഇന്ത്യ എടുത്തിട്ടുള്ളത്.

Tags:    

Similar News