പാക്ക് വ്യോമാക്രമണത്തില്‍ ഇന്ത്യയില്‍ ആളപായമില്ല; ലാഹോറിലും ഇസ്ലമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലും മിസൈല്‍ വര്‍ഷം; കറാച്ചി തുറമുഖത്തും ആക്രമണം; ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ വിറങ്ങലിച്ച് പാക്കിസ്ഥാന്‍; രണ്ട് പാക്ക് പൈലറ്റുകള്‍ ഇന്ത്യന്‍ പിടിയില്‍
രണ്ട് പാക്ക് പൈലറ്റുകള്‍ ഇന്ത്യന്‍ പിടിയില്‍
ന്യൂഡല്‍ഹി: ജമ്മുവിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും പാകിസ്ഥാന്‍ ആക്രമണം ചെറുത്തതിന് പിന്നാലെ ഇന്ത്യ പാക്കിസ്ഥാന്‍ നഗരങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദിലും ലാഹോറിലും കറാച്ചിയിലും സിയാല്‍കോട്ടിലും മിസൈലുകള്‍ വര്‍ഷിച്ചു. കറാച്ചി തുറമുഖത്തും ഇന്ത്യ കനത്ത പ്രഹരം ഏല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങള്‍ ഇരുട്ടിലാണ്. ഇന്ത്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് പാക്ക് നഗരങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചത്.
പാക് തലസ്ഥാനമായ ഇസ്ലാമാബാദിലുള്‍പ്പെടെ ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളുമെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ലാഹോറിലും സിയാല്‍കോട്ടിലും കറാച്ചിയിലും ഇന്ത്യയുടെ ആക്രമണത്തെത്തുടര്‍ന്ന് സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയില്‍ നിന്നും മാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ അടക്കം പുറത്തുവരുന്നുണ്ട്.
ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ഭയന്ന് പാക് നഗരങ്ങള്‍ സമ്പൂര്‍ണ ബ്ലാക്കൗട്ടിലാണ്. പാകിസ്താനില്‍ ഇന്ത്യ ലക്ഷ്യമിട്ട സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് ശേഷമാണ് പാകിസ്താന്റെ ആക്രമണ ശ്രമമുണ്ടായത്. ഇന്ത്യയിലെ ജമ്മുവിലെ വിമാനത്താവളമുള്‍പ്പെടെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളും മിസൈലുകളും പാകിസ്താന്റെ യുദ്ധവിമാനങ്ങളും ഇന്ത്യ വെടിവെച്ചിട്ടു.
അതിനിടെ വ്യോമനിരീക്ഷണത്തിനായി ഇറങ്ങിയ പാകിസ്താന്റെ അവാക്സ് ( AWACS) വിമാനവും ഇന്ത്യ വെടിവെച്ചിട്ടുവെന്നാണ് വിവരം. പഞ്ചാബില്‍ വെച്ചാണ് അവാക്സ് വിമാനം ഇന്ത്യ വെടിവെച്ചിട്ടത്. അതിനിടെ രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍ നിന്ന് പാക് വ്യോമസേന പൈലറ്റിനെ പിടികൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാക് സൈന്യം ഭീകരസംഘടയായ ഹമാസിനേപ്പോലെയാണ് പെരുമാറുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഷിയെ മറികടക്കാന്‍ കൂട്ടമായി റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമിക്കുന്നത് ഹമാസിന്റെ ശൈലിയാണ്. ഇതേപോലെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. എന്നാല്‍ അതിനെയും ഇന്ത്യ പരാജയപ്പെടുത്തി.
ഇന്ത്യയുടെ എസ്-400 സംവിധാനത്തിന് പുറമെ ആകാശ്, വിമാനവേധ തോക്കുകള്‍, എംആര്‍എസ്എം മിസൈല്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനമാണ് പാക് ശ്രമങ്ങളെ വിഫലമാക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. ഇന്ത്യാ-പാക് സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വളരുകയാണ് എന്നുള്ള സൂചനയാണ് പുറത്തുവരുന്നത്. അതിനിടെ ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് രംഗത്ത് വന്നിട്ടുണ്ട്.
പാകിസ്ഥാനി പൈലറ്റ് ഇന്ത്യയില്‍ പിടിയില്‍. രാജസ്ഥാനില്‍ വെച്ചാണ് പാകിസ്ഥാനി പൈലറ്റിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തത്. അതിനിടെ, ജമ്മു, പത്താന്‌കോട്ട്, ഉദ്ധംപൂര്‍ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം നടന്നുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും ആളപായമില്ലെന്നും എന്തിനും സജ്ജമെന്നും പ്രതിരോധ മന്ത്രാലം അറിയിച്ചു.
രാത്രിയോടെയാണ് ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ നാല് അതിര്‍ത്തി സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വ്യോമാക്രമണത്തിന് തുനിഞ്ഞത്. നിരവധി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള പാക് ആക്രമണ ശ്രമത്തെ ഇന്ത്യ കൃത്യമായി പ്രതിരോധിച്ചു.ജമ്മു കാശ്മീരിലെ വിമാനത്താവളം ലക്ഷ്യമിട്ട് പാകിസ്ഥാന്റെ 50 ഡ്രോണുകളും എട്ട് മിസൈലുകളും എത്തിയെങ്കിലും എല്ലാം ഇന്ത്യ കൃത്യമായി പ്രതിരോധിച്ചു. പാകിസ്ഥാന്റെ എഫ് 16, ജെഎഫ് 17 യുദ്ധ വിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടു.
അതിനിടെ രാജസ്ഥാനിലെ ജയ്സാല്‍മെയ്റില്‍ ഒരു പാക് പൈലറ്റിനെ ഇന്ത്യ ജീവനോടെ പിടികൂടുകയും ചെയ്തു. ഇന്ത്യയുടെ എയര്‍ ഡിഫന്‍സ് സിസ്റ്റമായ സുദര്‍ശന്‍ പാക് വ്യോമാക്രമണ ശ്രമത്തെ നിലം തൊടാന്‍ അനുവദിച്ചില്ലെന്നതാണ് ഏറ്റവും പ്രധാനമായി എടുത്തുപറയേണ്ട കാര്യം.
ഇന്ത്യയുടെ തിരിച്ചടിയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വലയുകയാണ് പാകിസ്ഥാന്‍. പാക് തലസ്ഥാനമായ ഇസ്ലാമാബാദിനെ വിറപ്പിക്കുന്ന മിസൈല്‍ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പ്രധാന നഗരങ്ങളായ ലാഹോര്‍, കറാച്ചി, സിയാല്‍കോട്ട് എന്നിവിടങ്ങളില്‍ സ്ഫോടന പരമ്പരകള്‍ അരങ്ങേറി. പാകിസ്ഥാനിലെ എല്ലാ നഗരങ്ങളും ബ്ലാക് ഔട്ട് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഇന്ത്യയുടെ ജനങ്ങളുടെ ജീവനോ സ്വത്തിനോ ഒരു ആപത്തും സംഭവിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇന്ത്യക്കൊപ്പമെന്ന് അമേരിക്ക:
ഇന്ത്യ പാകിസ്ഥാന്‍ വ്യോമാക്രമണം ശക്തമായതോടെ അടിയന്തര ഇടപെടലാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി സംസാരിച്ചു. ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഒപ്പമാണ് തങ്ങളെന്നും അമേരിക്ക പ്രതികരിച്ചു.