ആദ്യം നീണ്ട അവധിയെടുത്തത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും; പിന്നെ യുഎഇയിലേക്ക് മടങ്ങി എന്തെങ്കിലും ബിസിനസ് തുടങ്ങണം; ഈ രാജ്യത്തെ ഞാന്‍ ഹൃദയത്തില്‍ നിന്ന് ഒരിക്കലും പറിച്ചെറിയുകയില്ല; വീടു പണിക്കിടെയുണ്ടായ ചതിയില്‍ നെഞ്ചു തളര്‍ന്നു; നാട്ടില്‍ നിന്നുള്ള മടക്കത്തില്‍ ടിക്കറ്റെടുത്തത് ശത കോടീശ്വരാനാക്കി; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലെ ബേഡകത്തെ വിജയിയ്ക്ക് പറയാനുള്ളത്

Update: 2025-05-09 05:45 GMT

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ കാസര്‍ഗോട്ടുകാരന് കോളടിച്ചു. ബേഡകം കുണ്ടംകുഴി പുളിരടി സ്വദേശി വേണുഗോപാല്‍ മുല്ലച്ചേരി(52)ക്കാണ് നറുക്കെടുപ്പില്‍ സമ്മാനം. 10 ലക്ഷം ഡോളര്‍ (എട്ടര കോടിയോളം രൂപ) ആണ് സമ്മാനത്തുക. സീരീസ് 500ലെ അഞ്ഞൂറാമത്തെ വിജയിയാണ് വേണുഗോപാല്‍.10 ലക്ഷം ഡോളര്‍ നേടുന്ന 249-ാമത്തെ ഇന്ത്യക്കാരനുമാണ്.

യുഎഇയിലെ അജ്മനിലെ കമ്പനിയില്‍ ഐടി സപ്പോര്‍ട്ട് സ്പെഷലിസ്റ്റാണ് വേണുഗോപാല്‍. മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയ വേണുഗോപാല്‍ തിരിച്ചുമടങ്ങവേ ഏപ്രില്‍ 23നു ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2ല്‍നിന്ന് വാങ്ങിയ 1163 നമ്പര്‍ ടിക്കറ്റാണ് കോടിപതിയാക്കിയത്. 15 വര്‍ഷമായി ഭാഗ്യം പരീക്ഷിക്കുന്നുണ്ടെന്നും ഇപ്പോള്‍ വിജയി ആകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നറുക്കെടുപ്പ് പ്രഖ്യാപനം കണ്ടത്. പെട്ടെന്ന് തന്റെ പേര് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ഇതുവരെയും ആ ഞെട്ടലില്‍നിന്ന് മാറാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

സവിതയാണ് ഭാര്യ. ശിഖ, സൗരവ് എന്നിവരാണ്‍ മക്കള്‍. 25 വര്‍ഷത്തിലേറെയായി പലരുടെയും ജീവിതങ്ങള്‍ മാറ്റിമറിച്ചതാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് ബിയിലാണ് നറുക്കെടുപ്പ് പ്രഖ്യാപനം നടന്നത്. ഒരുപാട് കടബാധ്യതകളുള്ളത് എങ്ങനെ വീട്ടുമെന്നറിയാതെ വിഷമസന്ധിയിലായിരിക്കുമ്പോഴാണ് ദുബായ് ഡ്യൂട്ടിഫ്രീ നറുക്കെടുപ്പില്‍ എട്ടര കോടിയോളം രൂപ സമ്മാനം ലഭിച്ചത്. ജീവിതം രക്ഷപ്പെട്ടു എന്ന് തോന്നിയ നിമിഷമായിരുന്നു സമ്മാനം ലഭിച്ചപ്പോഴത്തേത് എന്ന് ഒറ്റവാചകത്തില്‍ വേണുഗോപാല്‍ പ്രതികരിച്ചു. ഈ ജയം ഒരുപാട് വേദനകള്‍ക്കും വെല്ലുവിളികള്‍ക്കും ഒടുവിലാണ് വന്നത്. അതെ, ഇതാണെന്റെ രക്ഷകന്‍-അദ്ദേഹം പറയുന്നു.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഏറ്റവുമധികം ബാധിച്ച വേണുഗോപാല്‍ നാട്ടില്‍ വീട് പണിതതും പിന്നീട് ഒരാള്‍ വിശ്വാസവഞ്ചന കാണിച്ചതും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. 16 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന വേണുഗോപാലിന് ഒരു മകളും മകനുമുണ്ട്. മകള്‍ മംഗളൂരുവില്‍ നഴ്‌സിങ് പഠനത്തിന് ചേര്‍ന്നിരിക്കുന്നു. ഭാര്യയും 12 വയസ്സുള്ള മകനും കാസര്‍കോടാണുള്ളത്. 10 വര്‍ഷത്തിലധികമായി വര്‍ഷത്തില്‍ രണ്ട് തവണ നാട്ടിലേയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് ടിക്കറ്റ് വാങ്ങാറുള്ളത്. പക്ഷേ, ഒരിക്കലും ജയിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ഒടുവില്‍ ഒരിക്കല്‍ അതുണ്ടായിരിക്കുന്നു.

പണം എന്തിന് ഉപയോഗിക്കണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ആദ്യംനീണ്ട അവധിയെടുത്തത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ആലോചന. പിന്നെ യുഎഇയിലേക്ക് മടങ്ങി എന്തെങ്കിലും ബിസിനസ് തുടങ്ങണം. ഈ രാജ്യത്തെ ഞാന്‍ ഹൃദയത്തില്‍ നിന്ന് ഒരിക്കലും പറിച്ചെറിയുകയില്ല. മറ്റെവിടേയ്ക്കും പറിച്ചുനടാന്‍ ഒരിക്കലും ചിന്തിക്കില്ല. കുടുംബത്തെ ഇവിടെ കൊണ്ടുവരാനും ആഗ്രഹമുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു.

Tags:    

Similar News