'പാക്കിസ്ഥാനോടു കൂറുപുലര്‍ത്തുന്ന സ്ലീപ്പര്‍ സെല്ലുകളുണ്ട്; ഓപ്പറേഷന്‍ സിന്ദൂറിനു തിരിച്ചടി നല്‍കാന്‍ സജീവമാക്കും; ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ തകര്‍ക്കും; സാധിക്കുമെങ്കില്‍ രക്ഷിക്ക്'; ഐപിഎല്‍ മത്സരങ്ങള്‍ അരങ്ങേറിയ സ്റ്റേഡിയങ്ങള്‍ക്ക് ഭീഷണി; പരിശോധന തുടങ്ങി
ഐപിഎല്‍ മത്സരങ്ങള്‍ അരങ്ങേറിയ സ്റ്റേഡിയങ്ങള്‍ക്ക് ഭീഷണി; പരിശോധന തുടങ്ങി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനിലെ ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന്, ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ തകര്‍ത്ത് തിരിച്ചടി നല്‍കുമെന്ന് ഭീഷണി സന്ദേശങ്ങള്‍. ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയായ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം, ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം, ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയം, അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം, കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് തുടങ്ങിയവ ബോംബ് വച്ചു തകര്‍ക്കുമെന്നാണ് ഭീഷണി. പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സ്റ്റേഡിയം ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്.
അതാത് സ്റ്റേഡിയങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക ഇമെയിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. പാക്കിസ്ഥാനോടു കൂറു പുലര്‍ത്തുന്ന സ്ലീപ്പര്‍ സെല്ലുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടെന്നും, ഓപ്പറേഷന്‍ സിന്ദൂറിനു തിരിച്ചടി നല്‍കാന്‍ അവയെയെല്ലാം സജീവമാക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. ഭീഷണി ഉയര്‍ന്നിട്ടുള്ള സ്റ്റേഡിയങ്ങളെല്ലാം ഐപിഎല്‍ വേദികളാണെന്ന പ്രത്യേകതയുമുണ്ട്. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ ഒരാഴ്ചത്തേക്കു നീട്ടിവയ്ക്കുന്നതായി ബിസിസിഐ അറിയിച്ചിരുന്നു.
ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ മേയ് 11ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അവരുെട മത്സരം നടക്കാനിരിക്കെയാണ് ഇമെയില്‍ ബോംബ് ഭീഷണി ലഭിച്ചത്. സ്റ്റേഡിയത്തിന് ബോംബ് ഭീഷണി ലഭിച്ച കാര്യം ഡിഡിസിഎയിലെ ഉന്നതന്‍ ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. ഇക്കാര്യം ഡല്‍ഹി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ''സ്റ്റേഡിയം ബോംബ് വച്ചു തകര്‍ക്കുമെന്ന് രാവിലെ ഇമെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു എന്നത് വാസ്തവമാണ്. ഉടന്‍തന്നെ ഇക്കാര്യം ഡല്‍ഹി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അവര്‍ ഉടന്‍തന്നെ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി' ഡിഡിസിഎ ഉന്നതന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടിയ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിനും ഭീഷണിയുണ്ട്. ഔദ്യോഗിക ഇമെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചതായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. അജ്ഞാത ഐഡിയില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. ഭീഷണി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും സാധ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലി വിശദീകരിച്ചു.
മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ ജയ്പുരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിനെതിരെയും ഭീഷണിയുണ്ട്. രാജസ്ഥാന്‍ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഔദ്യോഗിക മെയിലിലാണ് ഭീഷണി സന്ദേശം വന്നത്. ഇന്നു രാവിലെ 9.13നാണ് സന്ദേശം ലഭിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയം ആഘോഷിക്കാന്‍ ഞങ്ങള്‍ നിങ്ങളുടെ സ്റ്റേഡിയം ബോംബുവച്ച് തകര്‍ക്കും' എന്നായിരുന്നു ഭീഷണി. കഴിയുമെങ്കില്‍ എല്ലാവരെയും രക്ഷിക്കാനുള്ള വെല്ലുവിളിയും മെയിലിലുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും ഭീഷണിയുണ്ട്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഔദ്യോഗിക ഇ മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. അസോസിയേഷന്‍ പ്രതിനിധികള്‍ ഇത് ഉടന്‍ തന്നെ അഹമ്മദാബാദ് പൊലീസിനു കൈമാറി. 'നിങ്ങളുടെ സ്റ്റേഡിയം തകര്‍ക്കും' എന്ന ഒറ്റവരി സന്ദേശമാണ് ലഭിച്ചത്.
മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിനും ബോംബ് ഭീഷണിയുണ്ട്. സ്റ്റേഡിയം ഓഫിസില്‍ ലഭിച്ച ഇമെയില്‍ സന്ദേശത്തിലാണ് ഭീഷണി. സ്റ്റേഡിയത്തില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്തിയാല്‍, ഓപ്പറേഷന്‍ സിന്ദൂറിനുള്ള പ്രതികാരമായി ബോംബാക്രമണം നടത്തുമെന്നാണ് ഭീഷണി സന്ദേശമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് സ്‌ക്വാഡും ഡേഗ്‌സ്്ക്വാഡും സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. ഭീഷണിയെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.