ഇന്ത്യയ്‌ക്കെതിരേ ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന പാക് പോസ്റ്റുകളും ഭീകര ലോഞ്ച് പാഡുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു; പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ ശക്തമായ സ്ഫോടനം; ഇസ്ലാമാബാദും ഭയന്നു വിറയ്ക്കുന്നു; എല്ലാം പൊളിഞ്ഞു വീഴുമ്പോഴും ഇന്ത്യയ്‌ക്കെതിരായ നീക്കത്തിന് പാക്കിസ്ഥാന്‍ നല്‍കുന്നത് 'തകര്‍ക്കാനാകാത്ത മതില്‍' എന്ന വിളിപ്പേര്; പാക് വ്യോമപാത അടച്ചു പൂട്ടിയതിന് പിന്നാലെ ഇന്ത്യന്‍ തിരിച്ചടി ശക്തം
ഇസ്ലാമാബാദ്: പുലര്‍ച്ചെ പാകിസ്ഥാനിലെ മൂന്ന് വ്യോമ താവളങ്ങളില്‍ ശക്തമായ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഇതോടെ, തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തുള്ള ഒരു പ്രധാനപ്പെട്ട സ്ഥാപനം ഉള്‍പ്പെടെ, രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലുള്ള എല്ലാ സിവിലിയന്‍, വാണിജ്യ കെട്ടിടങ്ങളെല്ലാം അടച്ചുപൂട്ടാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി എന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ ഇന്ത്യയ്‌ക്കെതിരേ 'ബുര്യാന്‍ ഉല്‍ മസൂര്‍' എന്ന പേരില്‍ സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ രംഗത്തു വന്നു. തകര്‍ക്കാനാകാത്ത മതില്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. പാക്കിസ്ഥാനില്‍ നിന്നുള്ള തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായി നാല് പാക് വ്യോമതാവളങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രഖ്യാപനം. അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യ-പാക് പോര്‍വിമാനങ്ങള്‍ പരസ്പരം ആക്രമണം നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയ്‌ക്കെതിരേ ഡ്രോണുകള്‍ വിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന പാക് പോസ്റ്റുകളും ഭീകര ലോഞ്ച് പാഡുകളും ഇന്ത്യന്‍ സൈന്യം തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇസ്ലാമാബാദില്‍ നിന്ന് 10 കിലോമീറ്ററില്‍ മാത്രം അകലെ രാജ്യത്തിന്റെ സൈനിക ആസ്ഥാനത്തോട് ചേര്‍ന്നുള്ള ഒരു പ്രധാന സ്ഥലമായ റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍, മുരിദ്, റഫീഖി എന്നീ മൂന്ന് വ്യോമസേനാ കേന്ദ്രങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നുവെന്നാണ് പാകിസ്ഥാന്‍ സൈന്യം പുറത്തുവിടുന്ന വിവരം. നൂര്‍ ഖാന്‍ വ്യോമതാവളത്തിന് തീപിടിച്ചതായി കാണിക്കുന്ന ചില വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഈ വീഡിയോ ശരിയാണെന്ന് സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പാകിസ്ഥാനിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വ്യോമസേനാ കേന്ദ്രമാണ് നൂര്‍ ഖാന്‍. മുമ്പ് ചക്ലല എയര്‍ ബേസ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.
ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി തുറന്നിട്ടുകൊണ്ട് അന്താരാഷ്ട്ര വ്യോമഗതാഗതത്തെ അപകടത്തിലാക്കുന്നുവെന്ന് ഇന്ത്യ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.യാത്രാവിമാനങ്ങളെ പാകിസ്ഥാന്‍ കവചമാക്കി ഉപയോഗിച്ചു. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം പറക്കുന്ന മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് ഇത് ഭീഷണിയാണെന്ന് ഇന്നലെ വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും കേണല്‍ സോഫിയ ഖുറേഷിയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചുപൂട്ടി. ഇതിന് പിന്നാലെയാണ് ഇന്ത്യ വ്യോമാക്രമണം കടുപ്പിച്ചത്.
രജൗരിയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാജ് കുമാര്‍ താപ്പയെന്നയാളാണ് മരിച്ചത്. ദാരുണമായ അപകടത്തിന് മണിക്കൂറുകള്‍ മാത്രം മുമ്പ് മുഖ്യമന്ത്രിയുമായുള്ള ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. സംഭവത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നാണ് ഒമര്‍ അബ്ദുള്ള എക്സില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും മുഖ്യമന്ത്രി കുറിച്ചു. പാക് ഷെല്ലാക്രമണത്തില്‍ വീട് തകര്‍ന്നാണ് രാജ് കുമാര്‍ താപ്പ കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം ജമ്മു കാശ്മീരില്‍ കനത്ത സംഘര്‍ഷമാണ് ഉണ്ടായത്. ജമ്മുവിലെ പല പ്രദേശങ്ങളില്‍ നിന്നുമുള്ള അപകടത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കെട്ടടങ്ങളും വാഹനങ്ങളും തകര്‍ന്നതായി ഇതില്‍ കാണാം. പാകിസ്ഥാന്റെ ഡ്രോണുകളെല്ലാം തന്നെ ഇന്ത്യ തകര്‍ത്തു. അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നാണ് സുരക്ഷാ സേനയുടെ മുന്നറിയിപ്പ്. അനാവശ്യമായി പുറത്തിറങ്ങരുതെന്നും പ്രാദേശിക അധികാരികള്‍ നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇവര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിഭ്രാന്തിയുടെ ആവശ്യമില്ലെങ്കിലും ജാഗ്രതയും മുന്‍കരുതലും അത്യാവശ്യമാണെന്നും അറിയിപ്പിലുണ്ട്.