അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പാക്കിസ്ഥാന് തിരിച്ചടിയായി ആഭ്യന്തര യുദ്ധം; ക്വറ്റക്ക് പിന്നാലെ മംഗോച്ചര്‍ പിടിച്ചെടുത്ത് ബലൂച്ച് പോരാളികള്‍; 39 ഇടത്ത് നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിഎല്‍എ ഏറ്റെടുത്തു; ദൃശ്യങ്ങള്‍ പ്രചരിക്കുന്നു

പാക്കിസ്ഥാന് തിരിച്ചടിയായി ആഭ്യന്തര യുദ്ധം

Update: 2025-05-10 12:32 GMT

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് വിരാമമാകുമ്പോഴും പാക്കിസ്ഥാന് തിരിച്ചടിയായി ആഭ്യന്തര കലാപം രൂക്ഷം. സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി രാജ്യത്ത് 39 ഇടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇവര്‍ പാക് സൈനിക വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയെന്ന പേരില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഒപ്പം ബിഎല്‍എയുടേതെന്ന പേരില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള വാര്‍ത്താക്കുറിപ്പും പ്രചരിക്കുന്നു.

ആകെ 39 സ്ഥലങ്ങളില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് വാര്‍ത്താക്കുറിപ്പില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി അവകാശപ്പെടുന്നുണ്ട്. ബലൂചിസ്ഥാനിലെ കലാത് ജില്ലയിലെ മംഗോച്ചാര്‍ നഗരത്തിന്റെ നിയന്ത്രണം 'ഫത്തേ സ്‌ക്വാഡ്' ഏറ്റെടുത്തതായി ഈ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പൊലീസുകാരെയും റെയില്‍വെ ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുത്തുവെന്നും പിന്നീട് പൊലീസുകാരെ വിട്ടയച്ചെന്നുമാണ് അവകാശവാദം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ 39 ഇടത്താണ് പാക്ക് പട്ടാളവുമായി തങ്ങള്‍ ഏറ്റുമുട്ടിയതെന്നും അവര്‍ പറയുന്നു.

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനിടെ നിര്‍ണായക മുന്നേറ്റമാണ് ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) നടത്തിയത്. തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തതിന് പിന്നാലെ കലാട്ട് ജില്ലയിലെ മംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണവും പിടിച്ചെടുത്തെന്നാണ് ബിഎല്‍എ അവകാശപ്പെടുന്നത്. ബലൂചിസ്ഥാനില്‍ ഉടനീളമുള്ള 39 വ്യത്യസ്ത സ്ഥലങ്ങളിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നുവെന്നും കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ബിഎല്‍എ വക്താവ് ജിയാന്‍ഡ് ബലൂച്ച് പറഞ്ഞു.

ബലൂചിസ്ഥാനിലെ ധാതുസമ്പത്ത് അനധികൃതമായി വേര്‍തിരിച്ചെടുക്കാന്‍ പുറത്തുള്ളവരെ സഹായിക്കുന്നുവെന്ന് ആരോപണം നേരിടുന്ന സൈനിക വാഹനവ്യൂഹങ്ങളെ ആക്രമിച്ചുവെന്നാണ് ബിഎല്‍എ പറയുന്നത്. കൂടാതെ പ്രദേശത്തെ വിവിധ പോലീസ് സ്റ്റേഷനുകള്‍ ഇവര്‍ പിടിച്ചെടുത്തു. ദേശീയ പാതകള്‍ ഉപരോധിക്കുകയും ചെയ്തു.

ഇന്ത്യ-പാക് സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ ബിഎല്‍എ നടത്തിയിരുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വിമതര്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പാക്കിസ്ഥാന്റെ പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക സ്ഥാപിക്കുകയാണ് ഇവര്‍.

ബിഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള പ്രഹരം പാക്കിസ്ഥാന് വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബിഎല്‍എ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴു സൈനികരെയാണ് അവര്‍ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്ഫോടനത്തില്‍ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബിഎല്‍എ ക്വറ്റയില്‍ ആധിപത്യം സ്ഥാപിച്ചതായ വാര്‍ത്തയും പുറത്തുവരുന്നത്.

തങ്ങള്‍ക്കെതിരേ ക്രൂരമായ ആക്രമണങ്ങളാണ് പാക് സൈന്യം നാളുകളായി നടത്തുന്നതെന്ന് ഇവര്‍ പറയുന്നു. ബലൂച് പോരാളികളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയോ ക്രൂരമായി ഉപദ്രവിക്കുകയോ വെടിവെച്ച് കൊല്ലുകയോ ആണ് ചെയ്തിരുന്നത്. സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം കിട്ടുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.

Tags:    

Similar News