സിറിയയ്ക്ക് എതിരായ ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്ന് ട്രംപ്; ഉപരോധം വളരെ ക്രൂരമായി പോയെന്നും ഇനി വേണ്ടെന്നും യുഎസ് പ്രസിഡന്റ്; റിയാദിലെ പ്രഖ്യാപനത്തില്‍ ഹര്‍ഷാരവം; ബുധനാഴ്ച സിറിയന്‍ പ്രസിഡന്റ് അല്‍-ഷാറായുമായി ട്രംപ് കൂടിക്കാഴ്ച നടത്തും; ഒരു അമേരിക്കന്‍ പ്രസിഡന്റ് സിറിയന്‍ പ്രസിഡന്റിനെ കാണുന്നത് 25 വര്‍ഷത്തിന് ശേഷം

സിറിയയ്ക്ക് എതിരായ ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്ന് ട്രംപ്

Update: 2025-05-13 17:34 GMT

റിയാദ്: സിറിയയ്ക്ക് എതിരായ ഉപരോധം പിന്‍വലിക്കാന്‍ താന്‍ ആലോചിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. 'സിറിയക്കാര്‍ക്ക് ഒരവസരം നല്‍കാനായി ഉപരോധം പിന്‍വലിക്കാന്‍ ഞാന്‍ ഉത്തരവിടും. ഉപരോധം ക്രൂരമായിരുന്നു.'- റിയാദില്‍ കയ്യടികള്‍ ഏറ്റുവാങ്ങി കൊണ്ട് ട്രംപ് പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്റെയും ആവശ്യപ്രകാരമാണ് ഈ ദിശയിലുള്ള ആലോചന എന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

' സിറിയയിലെ പുതിയ സര്‍ക്കാര്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ. അവര്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. നിങ്ങള്‍ സവിശേഷമായി എന്തെങ്കിലും ചെയ്തു കാണിക്കൂ'-ട്രംപ് പറഞ്ഞു.

ബുധനാഴ്ച സൗദിയില്‍ വച്ച് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരായുമായി ട്രംപ് സംസാരിക്കുമെന്നാണ് സൂചന. ബാഷര്‍ അല്‍ അസദ് സ്ഥാനഭ്രഷ്ടനാകുന്നതിന് മുമ്പും ശേഷവും സിറിയയ്ക്ക് നേരേ സൈനിക ആക്രമണങ്ങള്‍ തുടരുന്ന ഇസ്രയേലിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചാണ് അമേരിക്കയുടെ നീക്കം.

ഡിസംബറില്‍ അസദിനെ താഴെയിറക്കിയ അല്‍ ഷാര, അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. അതുകൊണ്ട് തന്നെ സിറിയയ്ക്ക് ഒരുപുതു തുടക്കം നല്‍കാനാണ് ട്രംപ് താല്‍പര്യപ്പെടുന്നത്. ന്യൂനപക്ഷ സംരക്ഷണം അടക്കം സുപ്രധാന വിഷയങ്ങളില്‍ സിറിയ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നത് ഉപരോധം പിന്‍വലിക്കാനുളള ഉപാധിയായി അമേരിക്ക നേരത്തെ മുന്നോട്ടുവച്ചിരുന്നു.

അസദിന്റെ ഭരണകൂടം താഴെ വീണ് ആറ് മാസമാകും മുമ്പേയുള്ള ട്രംപിന്റെ പ്രഖ്യാപനം യുഎസിന്റെ നയത്തിലെ നാടകീയ മാറ്റമാണ്. ഉപരോധം സിറിയയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ആ രാജ്യത്തെ പാപ്പരത്തത്തിലേക്ക് നയിക്കുകയും ചെയ്തു. 14 വര്‍ഷത്തെ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് അസദിന്റെ മകന്‍ ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുളള സര്‍ക്കാരിനെ വിമതര്‍ നീക്കിയത്.

പുതിയ സര്‍ക്കാര്‍ സിറിയയെ സ്ഥിരതയിലേക്ക് നയിക്കുമെന്നും സമാധാന പാതയിലേക്ക് നീങ്ങുമെന്നും അമേരിക്കയുമായുള്ള ബന്ധം സാധാരണ നിലയിലാകുമെന്നുമാണ് ട്രംപിന്റെ പ്രതീക്ഷ. സിറിയയ്ക്ക് എതിരെയുള്ള ഉപരോധം ക്രൂരമായിരുന്നുവെന്നും അതിന്റെ ആവശ്യം കഴിഞ്ഞതോടെ ഇനി വേണ്ടതില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

നേരത്തെ അല്‍ഖായിദ, ഐസിസ് ബന്ധത്തിന്റെ പേരില്‍ യുഎസിന്റെ ഭീകര പട്ടികയില്‍ ഉണ്ടായിരുന്ന ആളാണ് സിറിയന്‍ ഭരണകൂട തലവന്‍ അല്‍-ഷാര. ഇരുവരും റിയാദില്‍ വച്ച് കൂടിക്കാഴ്ച നടത്തിയാല്‍ 25 വര്‍ഷത്തിനിടെ യുഎസ് പ്രസിഡന്റിനെ കാണുന്ന ആദ്യ സിറിയന്‍ പ്രസിഡന്റായിരിക്കും. 2000 ത്തില്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണും സിറിയന്‍ പ്രസിഡന്റ് ഹാഫിസ് അല്‍ അസദും തമ്മില്‍ ജനീവയില്‍ വച്ച് ഇസ്രയേലി-സിറിയ സമാധാന കരാറിനായി കണ്ടുമുട്ടിയിരന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയ ആയാഴ്ച തുര്‍ക്കിയില്‍ വച്ച് സിറിയന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Tags:    

Similar News