അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടന്നപ്പോള്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കയ്യില്‍ അകപ്പെട്ടു; സംഘര്‍ഷം രൂക്ഷമായതോടെ നയതന്ത്രബന്ധം നിലച്ചതോടെ മോചനം വൈകി; വെടിനിര്‍ത്തല്‍ കരാര്‍ വന്നതോടെ കുടുംബം കാത്തിരുന്ന ആശ്വാസ വാര്‍ത്തയെത്തി; പാക്ക് പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു; പൂര്‍ണം കുമാര്‍ സാഹുവിന്റെ മോചനം 21 ദിവസങ്ങള്‍ക്ക് ശേഷം
പാക്കിസ്ഥാന്‍ പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു
ഫിറോസ്പൂര്‍: അന്താരാഷ്ട്ര അതിര്‍ത്തി കടന്നെന്ന പേരില്‍ പാക്കിസ്ഥാന്‍ പട്ടാളം കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ പൂര്‍ണം കുമാര്‍ സാഹുവിനെ മോചിപ്പിച്ചു. ബിഎസ്എഫ് ജവാനെ ഇന്ന് രാവിലെയാണ് ഇന്ത്യക്ക് കൈമാറിയത്. രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറില്‍ നിയമിതനായ സാഹു ഏപ്രില്‍ 23ന് അബദ്ധത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തി കടക്കുകയും തുടര്‍ന്ന് പാകിസ്ഥാന്‍ പട്ടാളം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പശ്ചിമ ബംഗാളിലെ ഹുഗ്ലി സ്വദേശിയാണ് പൂര്‍ണം കുമാര്‍ സാഹു.
കഴിഞ്ഞ മാസമാണ് കര്‍ഷകരെ സഹായിക്കാന്‍ പോയ യുപിയിലെ ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് ബിഎസ്എഫ് ജവാന്‍ പൂര്‍ണം ഷാ പാക് റേഞ്ചേഴ്‌സിന്റെ പിടിയിലായത്. ജവാന്‍ കസ്റ്റഡിയിലാണെന്ന ഔദ്യോഗിക കുറിപ്പ് പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയിരുന്നില്ല. പിടിയിലായ ബിഎസ്എപ് ജവാനെ ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ നിന്ന് മാറ്റിയിരുന്നു. കര്‍ഷകരെ സഹായിക്കാന്‍ പോയ യുപിയിലെ ജവാനെയാണ് പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തത്.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കര്‍ഷകര്‍ക്ക് അനുവാദം നല്‍കാറുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ പോയ പി കെ സാഹു എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചര്‍മാര്‍ കസ്റ്റഡിയിലെടുത്തത്. കര്‍ഷകര്‍ കൃഷിചെയ്യുകയായിരുന്ന സ്ഥലത്ത് നിന്ന് കുറച്ചുകൂടി മുന്നോട്ട് പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചര്‍മാര്‍ തടഞ്ഞുവെച്ചത്.
പാകിസ്ഥാന്റെ ഭാഗത്തെ അതിര്‍ത്തിയില്‍ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാന്‍ അബദ്ധത്തില്‍ ഇത് കടന്നത് എന്നയിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. കസ്റ്റഡയിലെടുത്ത ജവാന്റെ ചിത്രങ്ങള്‍ അടക്കം പുറത്തുവിട്ട പാകിസ്ഥാന്‍ ആഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പാക് കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാന്‍ പികെ സാഹുവിനെക്കുറിച്ച് അപ്‌ഡേറ്റ് നല്‍കാനില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞത്. എത്രയും പെട്ടെന്ന് മോചനം സാധ്യമാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. പൂര്‍ണം കുമാര്‍ സാഹുവിന്റെ മോചനത്തിനായുള്ള ഇടപെടല്‍ ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ഭാര്യ രജനി കൂടിക്കാഴ്ച നടത്തിയിരുന്നു.