അറസ്റ്റ് രേഖപ്പെടുത്തിയ സമയമല്ല, കോടതിയില്‍ ഹാജരാക്കേണ്ടത് കസ്റ്റഡിയില്‍ എടുത്ത് 24 മണിക്കൂറിനകം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി; നിയമം എല്ലാവര്‍ക്കും ഒരുപോലെ; കുപ്രസിദ്ധനായ കുറ്റവാളിയെ പോലും നീതിപൂര്‍വകമായി പരിഗണിക്കാന്‍ അര്‍ഹതയുണ്ടെന്ന് കോടതി
അറസ്റ്റ് രേഖപ്പെടുത്തിയ സമയമല്ല, കോടതിയില്‍ ഹാജരാക്കേണ്ടത് കസ്റ്റഡിയില്‍ എടുത്ത് 24 മണിക്കൂറിനകം
കൊച്ചി: ഏതെങ്കിലുമൊരു കേസില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ ആളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരിക്കണമെന്ന നിര്‍ണായക ഉത്തരവുമായി കേരളാ ഹൈക്കോടതി. അതല്ലാതെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമുള്ള 24 മണിക്കൂര്‍ അല്ല കണക്കാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പോലീസിന്റെ കസ്റ്റഡി അവകാശങ്ങള്‍ എത്രയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പൊലീസ് പിടികൂടിയ ഒരാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂര്‍ സമയം ആരംഭിക്കുന്നത് ആ വ്യക്തിയെ കസ്റ്റഡിയിലെടുത്തതോ അയാളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയതോ ആയ സമയം മുതലാണ്. അല്ലാതെ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല. അന്വേഷണത്തിന്റെ മറവില്‍, അറസ്റ്റ് രേഖപ്പെടുത്താതിരിക്കുന്ന രീതിയാണ് പലപ്പോഴും ഉപയോഗിക്കുന്നതെന്ന് ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.
അനിയന്ത്രിതമായ അധികാരത്തിന്റെ ഈ കാലഘട്ടങ്ങളിലാണ് സാധാരണയായി പൊലീസ് ക്രൂരതകള്‍ സംഭവിക്കുന്നത്. പരിശോധനയില്ലെങ്കില്‍, രേഖപ്പെടുത്താത്ത അത്തരം കസ്റ്റഡി കാലയളവുകള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുമെന്ന് ഹൈക്കോടതി പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട ആളെ അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തൊട്ടടുത്ത മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്‌ട്രേറ്റിന്റെ കോടതിയില്‍ എത്താന്‍ ആവശ്യമായ സമയം ഒഴികെ, മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ആ സമയപരിധിക്കപ്പുറം തടങ്കലില്‍ വയ്ക്കരുതെന്ന് കര്‍ശനമായ വിലക്കുണ്ട്. മയക്കുമരുന്ന് കേസില്‍ പ്രതിയായ പശ്ചിമ ബംഗാള്‍ സ്വദേശി ബിശ്വജിത് മണ്ഡലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ സുപ്രധാന നിര്‍ദേശം.
നിയമം ലംഘിച്ച് തന്നെ 24 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ചെന്നും, ഇത് ഭരണഘടനാപരവും നിയമപരമായതുമായ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ ജാമ്യത്തില്‍ വിടണമെന്നുമാണ് ബിശ്വജിത് മണ്ഡല്‍ വാദിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതിയെ ഹാജരാക്കാനുള്ള 24 മണിക്കൂര്‍ സമയം എപ്പോള്‍ ആരംഭിക്കും എന്ന നിയമപരമായ വിഷയത്തില്‍, ബംഗലൂരു രാമയ്യ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നിഖിന തോമസിനെയും നേഹ ബാബുവിനെയും അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു.
നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്ന് ഹൈക്കോടതി വിധിപ്രസ്താവനത്തില്‍ വ്യക്തമാക്കി. ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയെ പോലും നീതിപൂര്‍വകമായി പരിഗണിക്കാന്‍ അര്‍ഹതയുണ്ട്. ഈ കേസില്‍ ഹര്‍ജിക്കാരനെ 2025 ജനുവരി 25 ന് ഉച്ചയ്ക്ക് 3 മണിക്ക് കസ്റ്റഡിയിലെടുത്തു. ജനുവരി 26 ന് ഉച്ചയ്ക്ക് 2 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. എന്നാല്‍ ജനുവരി 26 ന് രാത്രി 8 മണിക്ക് മാത്രമാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതെന്നും മഹസര്‍ വെളിപ്പെടുത്തുന്നു. അതായത് ഹര്‍ജിക്കാരനെ 24 മണിക്കൂര്‍ കാലയളവിനപ്പുറം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ അനധികൃതമായി കസ്റ്റഡിയില്‍ സൂക്ഷിച്ചു. ഇത് നിയമവിരുദ്ധമായ തടങ്കലാണെന്ന് വ്യക്തമാക്കിയ കോടതി, പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.