എന്റെ നവാസ് പൂര്‍ണ്ണ ആരോഗ്യവാനാണ് എന്ന് കരുതി; അവന്റെ കാര്യത്തില്‍ സൂചനകളുണ്ടായിട്ടും അവനല്പം ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം; ശരീരം സൂചന നല്‍കിയാല്‍ അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നിയാസ് ബക്കര്‍

ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നിയാസ് ബക്കര്‍

Update: 2025-08-14 11:16 GMT

കൊച്ചി: കലാഭവന്‍ നവാസിന്റെ അകാല മരണത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടനും സംവിധായകനുമായ നിയാസ് ബക്കര്‍. സഹോദരന്റെ ആകസ്മിക വിയോഗത്തില്‍ നിന്നും കുടുംബം ഇതുവരെ മുക്തരായിട്ടില്ലെന്ന് നിയാസ് ബക്കര്‍ വ്യക്തമാക്കി. 'നമ്മള്‍ എത്ര ആരോഗ്യവാന്മാരാണെന്ന് വിചാരിച്ചാലും ശരീരം കാണിക്കുന്ന സൂചനകള്‍ തിരിച്ചറിയാനുള്ള മനസ്സ് കാണിക്കണം. അത് നാളത്തേക്കാകാം എന്ന ചിന്ത ഉണ്ടാകരുത്,' നിയാസ് ഓര്‍മ്മിപ്പിക്കുന്നു.

കലാഭവന്‍ നവാസ് പൂര്‍ണ ആരോഗ്യവാനാണെന്ന ബോധ്യം കൊണ്ടായിരിക്കാം, ശരീരം നല്‍കിയ സൂചനകളില്‍ ശ്രദ്ധക്കുറവ് കാണിച്ചതെന്ന് നിയാസ് ബക്കര്‍ വിശ്വസിക്കുന്നു. 'മരണം അതിന്റെ സമയവും സന്ദര്‍ഭവും സ്ഥലവും കാലവും നിര്‍ണ്ണയിക്കപ്പെട്ട ഒന്നാണ് എന്ന് ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. ആ വിശ്വാസമാണ് എന്റെ ആശ്വാസം. അതുകൊണ്ട് തന്നെ അവന്റെ മരണം എന്നെ കുറച്ചുകൂടി ശക്തനാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത്രയേ ഉള്ളൂ ജീവിതം എന്ന യാഥാര്‍ഥ്യം ഞാന്‍ കുറച്ചുകൂടി ആഴത്തിലറിയുന്നു,' നിയാസ് എഴുതി.

അനുജന്റെ വേര്‍പാടില്‍ തങ്ങളോടൊപ്പം നിന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. 'ശ്രദ്ധിച്ചാല്‍ രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാമല്ലോ?' എന്ന് ചോദിച്ചുകൊണ്ട്, എല്ലാവര്‍ക്കും ആരോഗ്യപൂര്‍ണ്ണമായ ജീവിതം നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലാഭവന്‍ നവാസിന്റെ വിയോഗം സിനിമാ ലോകത്തിനും ആരാധകര്‍ക്കും വലിയ വേദനയാണ് നല്‍കിയത്. ഈ സാഹചര്യത്തില്‍, ശരീരത്തിന്റെ ആരോഗ്യ സൂചനകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള നിയാസ് ബക്കറുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്.

എല്ലാ പ്രിയപ്പെട്ടവര്‍ക്കും നമസ്‌കാരം

എന്റെ അനുജന്‍ നവാസിന്റെ മരണത്തെ തുടര്‍ന്ന് ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞങ്ങള്‍ കുടുംബം. ഇപ്പോഴും അതില്‍ നിന്ന് മുക്തി ലഭിച്ചിട്ടില്ലെങ്കിലും മരണമെന്ന സത്യത്തെ നമുക്ക് അംഗീകരിച്ചല്ലേ പറ്റൂ... ഇപ്പോഴെങ്കിലും ഒരു കുറിപ്പെഴുതാന്‍ കഴിയുന്നത് അതുകൊണ്ടാണ്.

മരണം അതിന്റെ സമയവും സന്ദര്‍ഭവും സ്ഥലവും കാലം നിര്‍ണ്ണയിക്കപ്പെട്ട ഒന്നാണ് എന്ന് ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു. ആ വിശ്വാസമാണ് എന്റെ ആശ്വാസവും. അതുകൊണ്ട് തന്നെ അവന്റെ മരണം എന്നേ കുറേക്കൂടി ശക്തനാക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത്രേ ഉള്ളൂ ജീവിതം എന്ന യാഥാര്‍ഥ്യം ഞാന്‍ കുറേക്കൂടി ആഴത്തിലറിയുന്നു.

എങ്കിലും എന്റെ പ്രിയപ്പെട്ടവരോടായി എനിക്കൊരു കാര്യം പറയാനുള്ളത് നമ്മള്‍ എത്ര ആരോഗ്യവാനാണെങ്കിലും നമ്മുടെ ശരീരത്തില്‍ അസ്വസ്ഥതയുടെ ഒരു സൂചന കാണിച്ചാല്‍ അതെന്താണെന്ന് അറിഞ്ഞിരിക്കാനുള്ള മനസ്സെങ്കിലും നമ്മള്‍ കാണിക്കണം. അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്.

എന്റെ നവാസ് പൂര്‍ണ്ണ ആരോഗ്യവനാണ് എന്നാണ് എനിക്കറിവുള്ളത്. അവന്റെ ബോധ്യവും അതുതന്നെയായിരിക്കണം. അവന്റെ കാര്യത്തില്‍ സൂചനകളുണ്ടായിട്ടും അവനല്പം ശ്രെദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം. മരണം നിയന്താവിന്റെ തീരുമാനമാണെങ്കിലും. ശ്രദ്ധിച്ചാല്‍ രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാമല്ലോ...?

കൂടുതലായി ഒന്നും പറയാനില്ല എല്ലാവര്‍ക്കും ആരോഗ്യപൂര്‍ണ്ണമായ ഒരു നല്ല ജീവിതവും നന്മയും ഉണ്ടാകട്ടെ എന്ന് മനസ്സ് നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു. എന്റെ അനുജന്റെ വേര്‍പാടില്‍ ഞങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഞങ്ങളെ ആശ്വസിപ്പിക്കാനെത്തിയ മത രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തുള്ള ബഹുമാന്യ വ്യക്തിത്വങ്ങള്‍ക്കും നവാസിന്റെ മക്കള്‍ പഠിക്കുന്ന വിദ്യോതയ സ്‌കൂളില്‍ നിന്നും ആലുവ U C college ല്‍ നിന്നും മക്കളെയും ഞങ്ങളെയും ആശ്വസിപ്പിക്കാനെത്തിയ കുഞ്ഞുമക്കള്‍ക്കും അദ്ധ്യാപകര്‍ക്കും അന്നേ ദിവസം മയ്യത്ത് കുളിപ്പിക്കുന്നതിനും മറ്റു സഹായങ്ങള്‍ക്കുമായി ഞങ്ങള്‍ക്കൊപ്പം നിന്ന മുഴുവന്‍ സഹോദരങ്ങള്‍ക്കും പള്ളികമ്മറ്റികള്‍ക്കും. ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും കൂട്ടുകാര്‍ക്കും കുടുബംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും ദൂരേ പലയിടങ്ങളില്‍നിന്നുമെത്തിയ ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സര്‍വ്വോപരി അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുമുള്ള മുഴുവന്‍ സഹോദരങ്ങള്‍ക്കും എന്റെ നിറഞ്ഞ സ്‌നേഹം.

Full View


Tags:    

Similar News