'എന്റെ രണ്ട് ആണ്‍മക്കള്‍ രക്തസാക്ഷികളായി; അതില്‍ ഞാന്‍ അഭിമാനിക്കുന്നു; എനിക്ക് അഞ്ച് ആണ്‍മക്കളുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവരെയും ബലിയര്‍പ്പിക്കുമായിരുന്നു'; ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ പിതാവിന്റെ പരസ്യ പ്രതികരണം പുറത്ത്; പാക്ക് ഭീകരവാദത്തിന്റെ പ്രത്യക്ഷമായ തെളിവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരണം
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ പിതാവിന്റെ പരസ്യ പ്രതികരണം
ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറിലേറെ ഭീകരരെ വധിക്കാനായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ പിതാവ് പാകിസ്ഥാനിലെ മുരിദ്കെയില്‍ പൊതുവേദിയില്‍ നടത്തിയ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ (എല്‍ ഇ ടി) ഭീകരരുടെ പിതാവാണ് വീഡിയോയിലുള്ളത്. ഇയാള്‍ തന്റെ മക്കളുടെ മരണത്തെ മഹത്വവത്കരിക്കുകയാണ് ചെയ്യുന്നത്. എല്‍ ഇ ടി അംഗങ്ങള്‍ ഇയാള്‍ക്ക് ചുറ്റുമുണ്ട്. ഇതിനിടയിലാണ് ഇന്ത്യന്‍ സായുധ സേന കൊലപ്പെടുത്തിയ തന്റെ മക്കളെ പ്രശംസിച്ചുകൊണ്ട് പ്രകോപനപരമായ പ്രസംഗം നടത്തുന്നത്.
'എന്റെ രണ്ട് ആണ്‍മക്കള്‍ രക്തസാക്ഷികളായി, അതില്‍ ഞാന്‍ അഭിമാനിക്കുന്നു, എനിക്ക് അഞ്ച് ആണ്‍മക്കളുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവരെയും ബലിയര്‍പ്പിക്കുമായിരുന്നു.'- എന്നാണ് ഭീകരരുടെ പിതാവ് പറയുന്നത്. ഭീകരരുടെ പിതാവിന്റെ വാക്കുകള്‍ കേട്ടതും ചുറ്റും ഉണ്ടായിരുന്നവര്‍ 'അല്ലാഹു അക്ബര്‍' എന്ന് പറയുന്നു.ഈ വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വീഡിയോ പകര്‍ത്തിയ മുറിദ്കെയില്‍, ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ലക്ഷ്യമിട്ട സ്ഥലങ്ങളിലൊന്നാണ്. ഈ പ്രദേശം വളരെക്കാലമായി എല്‍ ഇ ടിയുടെ പ്രാഥമിക പരിശീലന കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്നു. വീഡിയോയില്‍ എല്‍ ഇ ടി നേതാവായ ഹാഫിസ് അബ്ദുര്‍ റൗഫിനെ കാണാം. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം വധിച്ച മൂന്ന് ഭീകരരുടെ സംസ്‌കാര പ്രാര്‍ത്ഥനകള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കുന്നതിന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ചടങ്ങില്‍ പാകിസ്ഥാന്‍ സൈനികരും അതില്‍ പങ്കെടുത്തിരുന്നു.
ഭീകരന്‍ ഹാഫിസ് അബ്ദുള്‍ റൗഫ് ഉള്‍പ്പെടെ നിരവധി ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകരര്‍ക്ക് ഇടയില്‍ നിന്നാണ് കൊല്ലപ്പെട്ട മക്കളുടെ മരണത്തെ ഇയാള്‍ മഹത്വവത്കരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഒരു എല്‍ഇടി ഭീകരന്റെ പിതാവാണ് ഇയാള്‍. തനിക്ക് കൂടുതല്‍ ആണ്‍മക്കളുണ്ടായിരുന്നെങ്കില്‍ അവരെയും 'സേവനത്തിനായി' അയയ്ക്കുമായിരുന്നുവെന്ന് പറയുന്നു.
അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ, അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള സംഘം 'നാരാ-ഇ-തക്ബീര്‍' എന്നും തുടര്‍ന്ന് 'അല്ലാഹു അക്ബര്‍' എന്നും മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി വാഴ്ത്തുന്നതിനാണ് തീവ്രവാദികള്‍ സാധാരണയായി ഈ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്. 'ഷി ഉല്ലാ, സഹി ഉല്ലാ; അല്‍ ജിഹാദ്, അല്‍ ജിഹാദ്' എന്ന് ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തെയാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്. തീവ്രവാദികള്‍ പലപ്പോഴും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കൊല്ലപ്പെട്ട ഭീകരരെ മഹത്വപ്പെടുത്താന്‍ ഇത് ഉപയോഗിക്കുന്നു.
ആള്‍ക്കൂട്ടത്തിന്റെ മധ്യത്തില്‍ നിന്നിരുന്ന പിതാവ് പിന്നീട് നടന്നുപോകുന്നത് കാണാം, അതേസമയം 'അല്‍ ജിഹാദ്, അല്‍ ജിഹാദ്' എന്ന മന്ത്രങ്ങള്‍ തുടരുകയാണ് - തീവ്രവാദ പ്രത്യയശാസ്ത്രത്തിനായുള്ള മുദ്രാവാക്യം. പാക്കിസ്ഥാന്‍ മണ്ണിലെ ഭീകരതാവളങ്ങളെക്കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങളിലെ പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ചും ഇന്ത്യയുടെ വാദങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് ഈ ദൃശ്യങ്ങളെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ പറയുന്നു.
പാകിസ്ഥാന്‍ സൈന്യം 'പ്രാദേശിക പുരോഹിതന്‍' എന്ന് മുദ്രകുത്തിയ ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് അബ്ദുള്‍ റൗഫിനെയും വീഡിയോയില്‍ കാണാം. ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരരുടെ സംസ്‌കാര പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത് നേരത്തെ ഇയാള്‍ കണ്ടിരുന്നു. പാകിസ്ഥാന്‍ സൈന്യം ശവസംസ്‌കാര പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു.
അതേ സമയം പത്രസമ്മേളനം നടത്തിയ പാകിസ്ഥാന്‍ സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി തീവ്രവാദിയായ സുല്‍ത്താന്‍ ബഷീറുദ്ദീന്‍ മഹ്‌മൂദിന്റെ മകനാണ് എന്നതും വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 85 കാരനായ മഹ്‌മൂദിനെ 2001 ലാണ് ഐക്യരാഷ്ട്രസഭ തീവ്രവാദിയായി പ്രഖ്യാപിച്ചത്. അമേരിക്ക ആഗോള ഭീകരനായി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാബൂളിലെ അല്‍-ഖ്വയ്ദ വസീര്‍ അക്ബര്‍ ഖാന്‍ സേഫ് ഹൗസ് എന്നാണ് അദ്ദേഹത്തിന്റെ അറിയപ്പെടുന്ന വിലാസം.