'രാഷ്ട്രീയപരമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ബെയ്ലിന്‍; ബെയ്ലിന് യൂണിഫോം അഴിച്ചുവയ്‌ക്കേണ്ട തരത്തിലുളള നടപടിയുണ്ടാകും'; പൊലീസ് അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമെന്നും മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലി; മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കവുമായി ബെയ്ലിന്‍ ദാസ്
പൊലീസ് അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമെന്നും മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലി
തിരുവനന്തപുരം: വഞ്ചിയൂര്‍ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് വഞ്ചിയൂര്‍ കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസിന്റെ മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലി. ബെയ്ലിന് പെട്ടന്ന് ദേഷ്യം വരുമെന്നും അതുകൊണ്ടാണ് മര്‍ദ്ദിച്ചതെന്നും ശ്യാമിലി പറഞ്ഞു. ഒളിവില്‍ പോയ അഭിഭാഷകനായി വഞ്ചിയൂര്‍ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും ശ്യാമിലി വ്യക്തമാക്കി. ബാര്‍ കൗണ്‍സിലിനും മറ്റും പരാതി നല്‍കിയിട്ടുണ്ട്. അവര്‍ ഇക്കാര്യത്തില്‍ നടപടികള്‍ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്യാമിലി പങ്കുവെച്ചു.
'പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണത്തില്‍ പരാതിയില്ല. തൃപ്തിയുണ്ട്. ബാര്‍കൗണ്‍സിലിന് ഇന്നലെ തന്നെ പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ട് കൊണ്ടുപോകാന്‍തന്നെയാണ് തീരുമാനം. എല്ലാ ഭാഗത്ത് നിന്നും പിന്തുണ കിട്ടുന്നുണ്ട്' ശ്യാമിലി പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടു പോകും, നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്. അഭിഭാഷക ജോലി ഇഷ്ടപ്പെട്ടത് കൊണ്ടാണ് കഷ്ടപ്പെട്ട് പഠിച്ചത്. മുഖത്തേക്ക് ഫയല്‍ വലിച്ചെറിഞ്ഞെന്ന് സഹപ്രവര്‍ത്തകയായ അഡ്വ. മിഥുനയാണ് നുണ പറഞ്ഞത്. സത്യാവസ്ഥ അന്വേഷിക്കാതെ ഓഫിസില്‍ വരേണ്ടെന്ന് സീനിയര്‍ പറഞ്ഞു. ഇതുപ്രകാരം താന്‍ രണ്ട് ദിവസം ഓഫിസില്‍ പോയില്ല. വെള്ളിയാഴ്ച വിളിച്ച സീനിയര്‍ അബദ്ധം സംഭവിച്ചെന്ന് പറഞ്ഞതായും ശ്യാമിലി വ്യക്തമാക്കി.
ഇതിനിടെ ബെയ്ലിനെ ബാര്‍ അസോസിയേഷന്റെ അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി പ്രസിഡന്റ് പള്ളിച്ചല്‍ എസ്.കെ. പ്രമോദ് അറിയിച്ചിട്ടുണ്ട്. മര്‍ദനമേറ്റ അഭിഭാഷകയ്ക്ക് നിയമസഹായവും നല്‍കും. സ്ഥലത്തെത്തിയ പോലീസിനെ ഭാരവാഹികള്‍ തടഞ്ഞെന്നത് ആരോപണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ബെയ്‌ലിന്‍ ദാസ് ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ശ്യാമിലിയുടെ വാക്കുകള്‍
'ഡോക്ടറെ കണ്ടു. കുഞ്ഞിന് മുലയൂട്ടുന്നതുകൊണ്ട് ഉയര്‍ന്ന ഡോസുളള മരുന്നുകള്‍ കഴിക്കാന്‍ സാധിക്കില്ല. സംസാരിക്കുമ്പോള്‍ നല്ല വേദനയുണ്ട്. ബാര്‍കൗണ്‍സിലിന് പരാതി നല്‍കിയിട്ടുണ്ട്. എല്ലാ ഭാഗത്ത് നിന്ന് പിന്തുണയുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകും.എത്രയും വേഗം നീതി കിട്ടാനാണ് ശ്രമിക്കുന്നത്. എന്നെ മര്‍ദ്ദിക്കുന്നത് കണ്ട് സഹപ്രവര്‍ത്തകര്‍ അതിശയിച്ചുപോയി. ക്യാബിനില്‍ നിന്ന് പുറത്തിറങ്ങി മറ്റൊരു സഹപ്രവര്‍ത്തകയോട് സംസാരിച്ചപ്പോഴാണ് അയാള്‍ മര്‍ദ്ദിച്ചത്. എല്ലാവരും സാക്ഷികളാണ്. ഭര്‍ത്താവും അനിയനും ആ സമയത്ത് എത്തിയിരുന്നു.
പൊലീസിനെ വിവരം അറിയിച്ചിരുന്നു. ആ സമയത്ത് അയാളെ അറസ്റ്റ് ചെയ്തില്ല. രാഷ്ട്രീയപരമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ബെയ്ലിന്‍. ഞാന്‍ വളരെ ഇഷ്ടപ്പെട്ടാണ് അഭിഭാഷകയായത്. ഒക്ടോബര്‍ പത്തിനാണ് ഞാന്‍ പ്രസവിച്ചത്. ഒക്ടോബര്‍ ഒമ്പത് വരെയും ഞാന്‍ കോടതിയില്‍ പോയിരുന്നു. വീട്ടില്‍ ആര്‍ക്കും ഇഷ്ടമല്ലായിരുന്നു. അത്രയും കഷ്ടപ്പെട്ടാണ് പഠിച്ചത്.
എന്നെക്കുറിച്ച് ആര്‍ക്കും മോശം അഭിപ്രായമില്ല. എന്നെ പിരിച്ചുവിട്ടതിന്റെ കാരണം അറിയണമായിരുന്നു. എനിക്കെതിരെ മറ്റൊരു സഹപ്രവര്‍ത്തക ബെയ്ലിനോട് കളളം പറഞ്ഞു. അദ്ദേഹം സത്യാവസ്ഥ അന്വേഷിച്ചില്ല. അദ്ദേഹം യൂണിഫോം അഴിച്ചുവയ്ക്കുന്ന തരത്തിലുളള നടപടികള്‍ ബാര്‍ അസോസിയേഷന്റെയും ബാര്‍ കൗണ്‍സിലിന്റെയും ഭാഗത്ത് നിന്നുണ്ടാകും. അദ്ദേഹം ചെയ്യുന്ന പ്രവൃത്തികള്‍ ചോദ്യം ചെയ്യുമ്പോഴാണ് ദേഷ്യപ്പെടുന്നത്'- ശ്യാമിലി മാദ്ധ്യമങ്ങളോട് പറഞ്ഞു.