'ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചിരുന്നില്ല; നിരന്തരം ചീത്തവിളിച്ചു; ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നമ്പര്‍ ചോദിച്ചു; മൂന്ന് സ്ഥലങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു; അതില്‍ ഒന്ന് ഒരു വ്യോമസേനാ താവളമായിരുന്നു; പിന്നീട് ഒരു ജയിലറയിലേക്ക് മാറ്റി'; പാക്ക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് ബിഎസ്എഫ് ജവാന്‍
പാക്ക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് ബിഎസ്എഫ് ജവാന്‍
ന്യൂഡല്‍ഹി: അബദ്ധത്തില്‍ പാകിസ്ഥാന്‍ അതിര്‍ത്തി മറികടന്നതിനെ തുടര്‍ന്ന് പിടിയിലായ ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായ്ക്ക് പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനങ്ങളെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ 23-ന് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത പൂര്‍ണം കുമാറിനെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. ഇതിന് പിന്നാലെയാണ് നേരിട്ട പീഡനങ്ങളെ കുറിച്ച് സൈനികന്‍ വെളിപ്പെടുത്തിയത്.
പാക് സൈനിക കസ്റ്റഡിയില്‍ ശാരീരിക ഉപദ്രവം കാര്യമായി നേരിട്ടില്ല. എന്നാല്‍ ശാരീരികമായി തളര്‍ത്തുന്നതിലുള്ള ശ്രമങ്ങളാണ് ഉണ്ടായത്. മാനസിക പീഡനങ്ങള്‍ രൂക്ഷമായിരുന്നു എന്നും പൂര്‍ണം കുമാറിനെ ഉദ്ധരിച്ച് സൈനികവൃത്തങ്ങള്‍ പറയുന്നു. പശ്ചിമബംഗാള്‍ സ്വദേശിയാണ് ബിഎസ്എഫ് 24-ാം ബറ്റാലിയനില്‍ അംഗമായ പൂര്‍ണം കുമാര്‍ ഷാ.
കണ്ണൂകള്‍ മൂടിക്കെട്ടിക്കൊണ്ടായിരുന്നു കസ്റ്റഡിയില്‍ ഭൂരിഭാഗം സമയവും കഴിഞ്ഞത്. കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടി മൂന്ന് സ്ഥലങ്ങളില്‍ മാറ്റി പാര്‍പ്പിച്ചു. അതില്‍ ഒന്ന് ഒരു വ്യോമസേനാ താവളമായിരുന്നു. അവിടെനിന്നും വിമാനങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നതിന്റെയും ഇറങ്ങുന്നതിന്റെയും ശബ്ദങ്ങള്‍ കേട്ടിരുന്നു. പിന്നീട് ഒരു ജയിലറയിലേക്ക് മാറ്റി. ഉറങ്ങാനോ പല്ലുതേക്കാനോ അനുവദിച്ചിരുന്നില്ല. നിരന്തരം ചീത്തവിളിച്ചു. പൂര്‍ണം കുമാറിനെ ഉദ്ധരിച്ച് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
പാക് അതിര്‍ത്തിയിലെ സൈനിക വിന്യാസം, സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ എന്നിവയും പാക് സൈനികര്‍ പൂര്‍ണം കുമാറില്‍ നിന്ന് തേടിയിരുന്നു. എന്നാല്‍ ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചില്ലെന്നാണ് അറിയിച്ചത് എന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ചും ചോദ്യങ്ങളുണ്ടായി. ചില ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറുകളും അവര്‍ പൂര്‍ണം ഷായോട് അന്വേഷിച്ചു എന്നാണ് വിവരം.
21 ദിവസത്തിനു ശേഷമാണ് ജവാനെ പാകിസ്ഥാന്‍ മോചിപ്പിച്ചത്. പൂര്‍ണം കുമാര്‍ ഷായ്ക്ക് ഉറക്കം നിഷേധിക്കുകയും അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്മാരുടെയും ഉദ്യോഗസ്ഥരുടെയും വിന്യാസത്തെക്കുറിച്ച് മിക്കവാറും എല്ലാ രാത്രിയും ചോദ്യം ചെയ്യുകയും ചെയ്തു. മൂന്നാഴ്ചത്തെ തടവിന് ശേഷം മോചിതനായ അദ്ദേഹം ബുധനാഴ്ച ഭാര്യ രജനിയുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് തന്റെ ദുരിതങ്ങള്‍ പങ്കുവെച്ചത്. ഏപ്രില്‍ 23ന് പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടറിലെ അതിര്‍ത്തിയില്‍ ഡ്യൂട്ടിക്കിടെയാണ് ഷാ അറിയാതെ പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുപോയത്. ഇത് കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിന് തൊട്ടടുത്ത ദിവസമായിരുന്നു.
അദ്ദേഹം രാജ്യത്തെ സേവിക്കുന്നത് തുടരുമെന്നതില്‍ സംശയമില്ല എന്ന് ഭാര്യയായ രജനി പറഞ്ഞു. 17 വര്‍ഷമായി അദ്ദേഹം അത് ചെയ്യുന്നു. അദ്ദേഹം അത് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. അദ്ദേഹം വീണ്ടും ഡ്യൂട്ടിക്ക് പ്രവേശിക്കുമെന്നും രജനി പറഞ്ഞു. തന്നെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും എല്ലാ രാത്രിയും ചോദ്യം ചെയ്തതിനാല്‍ മാനസികമായി തളര്‍ന്നതായി അദ്ദേഹം ഭാര്യയോട് പറഞ്ഞു. അതിര്‍ത്തി കാക്കുന്ന ഒരു അര്‍ദ്ധസൈനിക ജവാനായിട്ടല്ല, ചാരനായിട്ടാണ് അദ്ദേഹത്തെ പരിഗണിച്ചതെന്ന് തോന്നിയതായി രജനി പറഞ്ഞു. തടവില്‍ കഴിഞ്ഞിരുന്ന സമയത്ത് അദ്ദേഹത്തെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റി. അതിലൊന്ന് വിമാനത്താവളത്തിന് അടുത്താണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വിമാനങ്ങളുടെ ശബ്ദം കേട്ടിരുന്നു.
അദ്ദേഹത്തിന് കൃത്യമായി ഭക്ഷണം നല്‍കി. പക്ഷേ പല്ല് തേക്കാന്‍ അനുവദിച്ചില്ല. സംസാരിച്ചപ്പോള്‍ അദ്ദേഹം വളരെ ക്ഷീണിതനാണെന്നും ഉറക്കം നഷ്ടപ്പെട്ടുവെന്നും മനസിലായതായി രജനി പറഞ്ഞു. പൂര്‍ണം കുമാറിന് ഉടന്‍ വീട്ടിലെത്താന്‍ അവധി ലഭിച്ചില്ലെങ്കില്‍ പത്താന്‍കോട്ടില്‍ പോയി അദ്ദേഹത്തെ കാണാന്‍ കുടുംബം ഉദ്ദേശിക്കുന്നുണ്ട്.ബുധനാഴ്ച വൈകുന്നേരം അട്ടാരി-വാഗാ അതിര്‍ത്തി വഴി പൂര്‍ണം കുമാര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. അതിനുശേഷം അദ്ദേഹത്തിന് വൈദ്യപരിശോധന നടത്തുകയും പാകിസ്ഥാനിലെ കാര്യങ്ങള്‍ വിശദമായി ചോദിച്ച് അറിയുകയും ചെയ്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത അവസരത്തില്‍ പൂര്‍ണം ഷായുടെ ഭാവിയെ കുറിച്ച് വലിയ ആശങ്ക ഉയര്‍ന്നിരുന്നു. ഇന്ത്യ - പാക് വെടിനിര്‍ത്തലിന്ന പിന്നാലെയാണ് ജവാനെ ഇന്ത്യയ്ക്ക് കൈമാറിയത്. അട്ടാരി-വാഗാ അതിര്‍ത്തിയില്‍വെച്ച് പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയ പൂര്‍ണം ഷാ നിലവില്‍ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിലാണ് ഉള്ളത്. അദ്ദേഹം മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുത്ത് വരുന്നതായും ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും സൈനികവൃത്തങ്ങള്‍ അറിയിച്ചു. പാക് സൈന്യത്തിന്റെ പക്കലായിരുന്നപ്പോള്‍ പൂര്‍ണം ഷാ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ചതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 24-ാം ബിഎസ്എഫ് ബറ്റാലിയനില്‍ അംഗമായ പൂര്‍ണം കുമാര്‍ ഷാ പശ്ചിമബംഗാള്‍ സ്വദേശിയാണ്.