ബ്രോഡ്‌ഗേജില്‍ മാത്രമേ പദ്ധതി യാഥാര്‍ത്ഥ്യമാകൂ എന്ന വാശി വിടാതെ റെയില്‍വേ; ബ്രോഡ്‌ഗേജില്‍ വിദേശ വായ്പ ലഭ്യമാവാന്‍ ഉള്ള സാധ്യത കുറയുമെന്ന തിരിച്ചറിവില്‍ പിണറായി സര്‍ക്കാര്‍; റെയില്‍വേ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ഇത് മറ്റൊരു റെയില്‍വേ പാത മാത്രമാകും; അതിനു വേണ്ടി പണം മുടക്കണമോ എന്ന ചോദ്യവും കേരളത്തിന് പ്രസക്തം; വീണ്ടും അതിവേഗ റെയില്‍ ചര്‍ച്ച; സില്‍വര്‍ ലൈന്‍ വീണ്ടും വരുമോ?
തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി ഇനിയും നടക്കാന്‍ സാധ്യത. തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ലൈന്‍ പദ്ധതി സ്റ്റാന്‍ഡേഡ് ഗേജില്‍ നടത്തണമെന്ന ആവശ്യം റെയില്‍വേ അംഗീകരിക്കില്ല. എന്നാല്‍ ഹൈസ്പീഡില്‍ അനുവദിക്കുകയും ചെയ്യും. റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം സില്‍വര്‍ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് കെറെയില്‍ നിലപാട് എടുത്തിരുന്നു. അതിവേഗ ട്രെയിനുകള്‍ക്കു പ്രത്യേക ലൈന്‍ ആവശ്യമാണെന്നും അതിനാല്‍ തന്നെ സ്റ്റാന്‍ഡേഡ് ഗേജ് തന്നെ വേണമെന്നും ദക്ഷിണ റെയില്‍വേയ്ക്ക് അയച്ച കത്തില്‍ കെറെയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, റെയില്‍വേ ഭൂമി ഒഴിവാക്കാന്‍ സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ ഭേദഗതിയാകാമെന്നും കെറെയില്‍ അറിയിച്ചു. പാരിസ്ഥിതിക, സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അലൈന്‍മെന്റ് മാറ്റത്തിന് തയാറാണെന്നും അറിയിച്ചു. പാത ബ്രോഡ്‌ഗേജാക്കണം, വന്ദേഭാരതും ഗുഡ്‌സ് ട്രെയിനുകളും ഓടിക്കാന്‍ കഴിയണം, നിലവിലുള്ള പാതയുമായി ഓരോ 50 കിലോമീറ്ററിലും ബന്ധിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണു റെയില്‍വേ മുന്നോട്ടുവച്ചത്. എന്നാല്‍ ഡിസൈന്‍ വേഗം 220 കിമീ, പരമാവധി വേഗം 200 കിമീ , പാത സ്റ്റാന്‍ഡേഡ് ഗേജ് എന്നിങ്ങനെയാണു സില്‍വര്‍ലൈന്‍ പദ്ധതി വിഭാവനം ചെയ്തിരുന്നത്. ഓട്ടമാറ്റിക് സിഗ്‌നലിങ്ങിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കവച് സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും റെയില്‍വേ നിഷ്‌കര്‍ഷിച്ചിരുന്നു. ഇതൊന്നും കേരളം അംഗീകരിച്ചിരുന്നില്ല. ഇത് അംഗീകരിച്ചാല്‍ സില്‍വര്‍ലൈന്‍ യാഥാര്‍ത്ഥ്യമാകുമെന്ന സൂചനയാണ് ഇപ്പോഴും റെയില്‍വേ നല്‍കുന്നത്.കേരളത്തിലെ എംപിമാരുമായുള്ള ചര്‍ച്ചയിലാണ് റെയില്‍വേ നിലപാട് വിശദീകരിച്ചത്. ഈ സാഹചര്യത്തില്‍ കേരളം റെയില്‍വേയ്ക്ക് വഴങ്ങുമോ എന്നതാണ് ഉയരുന്ന ചോദ്യം.
നേരത്തെ സില്‍വര്‍ ലൈനില്‍ സ്റ്റാന്‍ഡേഡ് ഗേജ് അനുവദിക്കില്ലെന്ന നിലപാട് കേരളത്തെ റെയില്‍വേ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ വിലപേശല്‍ നടക്കില്ലെന്ന് കെ റെയിലുമായി നടത്തിയ അവസാന വട്ട ചര്‍ച്ചയില്‍ ദക്ഷിണ റെയില്‍ വേ തുറന്നടിച്ചിരുന്നു. തത്വത്തില്‍ നല്‍കിയ അനുമതി പിന്‍വലിക്കാന്‍ കഴിയുമെന്ന ഭീഷണിയും ദക്ഷിണ റെയില്‍വേ മുഴക്കി. കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമായിരുന്നു കെ-റെയില്‍ ദക്ഷിണ റെയില്‍വേ ചര്‍ച്ച. യോഗത്തില്‍ പങ്കെടുത്ത ദക്ഷിണ റെയില്‍വേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എടുത്ത നിലപാട് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അടിസ്ഥാന ആശയത്തെ തന്നെ തള്ളുന്നതായിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ഗേജ് നടക്കില്ല. ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള ട്രാക്ക് മാത്രമേ സ്റ്റാന്‍ഡേഡ് ഗേജില്‍ അനുവദിക്കുകയുള്ളുവെന്നാണ് നയം. അതിനാല്‍ വിലപേശല്‍ വേണ്ടെന്നായിരുന്നു യോഗത്തിലെ ദക്ഷിണ റെയില്‍വേ നിലപാട്. പദ്ധതിക്ക് സ്റ്റാന്‍ഡേഡ് ഗേജില്‍ റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയതാണെന്ന് കെ- റെയില്‍ വാദിച്ചു. തത്വത്തില്‍ അനുമതി നല്‍കിയവര്‍ക്ക് തന്നെ ഭേദഗതി വരുത്താമെന്നായിരുന്നു ഇതിനുള്ള മറുപടി. ഇതാണ് കെ റെയില്‍ പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് അമ്പത് ശതമാനം പങ്കാളിത്തമുള്ള കെ-റെയിലിന് സ്വന്തം നിലയില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും റെയില്‍വേ ഓര്‍മ്മിപ്പിച്ചു. 180 കിലോ മീറ്ററിലധികം വേഗത അനുവദിക്കില്ലെന്ന് റെയില്‍വേ സുരക്ഷ കമ്മീഷണര്‍ നേരത്തെ തന്നെ അറിയിച്ചതും ദക്ഷിണ റെയില്‍വേ യോഗത്തില്‍ ചൂണ്ടിക്കാട്ടി. വേഗം ചുരുക്കാനാവില്ലെന്ന കെ-റെയില്‍വാദവും ദക്ഷിണ റെയില്‍വേ അംഗീകരിച്ചില്ല. ഈ തര്‍ക്കത്തിന് പിന്നാലെയാണ് അലൈന്‍മെന്റ് മാറ്റാമെന്നതടക്കമുള്ള നിര്‍ദേശങ്ങളുമായി കെ-റെയില്‍ റെയില്‍വേ മന്ത്രാലയത്തെ സമീപിച്ചത്. ഇതില്‍ എന്തു നിലപാട് ഇനിയുണ്ടാകുമെന്നതാണ് നിര്‍ണ്ണായകം.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അംഗീകരിക്കാത്തതിന് റെയില്‍വേ പറയുന്ന പ്രധാനപ്പെട്ട കാരണം സ്റ്റാന്‍ഡേഡ് ഗേജിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്നാണ് . ഇതിനു പകരം ബ്രോഡ്‌ഗേജ് വേണമെന്നാണ് റെയില്‍വേയുടെ നിലപാട്. എന്നാല്‍ പദ്ധതിയുടെ തുടക്കത്തില്‍ ഈ നിലപാട് റെയില്‍വേയ്ക്ക് ഉണ്ടായിരുന്നില്ല. 2019 ഡിസംബര്‍ പത്തിനാണ് പദ്ധതി സംസ്ഥാനം റെയില്‍വേ ബോര്‍ഡിനു മുമ്പില്‍ അവതരിപ്പിക്കുന്നത്. ഇതില്‍ തന്നെ സ്റ്റാന്‍ഡേഡ് ഗേജിലാണ് പദ്ധതിയെന്ന് വിശദീകരിക്കുന്നുണ്ട്. ഈ യോഗത്തിന്റെ മിനിട്ട്‌സിന്റെ ആദ്യ ഭാഗത്ത് തന്നെ സ്റ്റാന്‍ഡേര്‍ഡ് ഗേജുമായി മുന്നോട്ടു പോകാന്‍ തത്വത്തില്‍ ധാരണയായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സ്റ്റാന്‍ഡേര്‍ഡ് ഗേജ് എന്ന് തീരുമാനിക്കപ്പെട്ടത് റെയില്‍വേയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആണെന്ന് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറിന്റെ എക്‌സിക്യൂട്ടീവ് സമ്മറിയിലും കാണാം. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് സ്റ്റാന്‍ഡേര്‍ഡ് ഗേജ് എന്ന നിര്‍ദ്ദേശത്തെ ആദ്യഘട്ടത്തില്‍ റെയില്‍വേ ബോര്‍ഡ് എതിര്‍ത്തിരുന്നില്ലെന്ന് കൂടിയാണ്. ബ്രോഡ്‌ഗേജില്‍ മാത്രമേ പദ്ധതി യാഥാര്‍ത്ഥ്യമാകൂ എന്ന് റെയില്‍വേ വാശി പിടിക്കുന്നതാണ് കേരളത്തെ പ്രതിസന്ധിയിലാക്കുന്നത്. ബ്രോഡ്‌ഗേജില്‍ വിദേശ വായ്പ ലഭ്യമാവാന്‍ ഉള്ള സാധ്യത കുറയും. റെയില്‍വേ നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ ഇത് മറ്റൊരു റെയില്‍വേ പാത മാത്രമായിരിക്കും. അതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കണമോ എന്ന ചോദ്യവും സര്‍ക്കാരിനെ വെട്ടിലാക്കുന്നുണ്ട്.
എംപിമാരുടെ യോഗത്തില്‍ കേരളത്തിലെ മറ്റ് പ്രധാന പദ്ധതികളെ കുറിച്ചും ചര്‍ച്ചയായി. അങ്കമാലി -എരുമേലി ശബരിപാത പദ്ധതിയുടെ ചെലവിന്റെ പകുതി ഏറ്റെടുക്കണമെന്നും ഇക്കാര്യത്തില്‍ നിരുപാധിക അനുമതിക്കായി കത്തുനല്‍കണമെന്നും കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ മറുപടികിട്ടിയിട്ടില്ല. അതിനുശേഷമേ തുടര്‍നടപടിയിലേക്ക് കടക്കാനാവൂവെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് അറിയിച്ചു. തലശ്ശേരി-മൈസൂരു പാതയ്ക്കായി കര്‍ണാടക ഭാഗത്ത് സര്‍വേ നടത്തുന്നതിനുള്ള തടസ്സം നീക്കാന്‍ ഇടപെടണം. കൊച്ചുവേളിയിലെ ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്റ് തിരുനെല്‍വേലിയിലേക്ക് മാറ്റാനാണ് റെയില്‍വേയുടെ തീരുമാനം. എറണാകുളം-ഷൊര്‍ണൂര്‍ മൂന്നാംപാത 160 കിലോമീറ്റര്‍ വേഗത്തിലാണ് നിര്‍മിക്കുകയെന്നും വിശദപദ്ധതിരേഖ തയ്യാറാക്കുകയാണെന്നും റെയില്‍വേ അറിയിച്ചു.
വന്ദേഭാരത് തീവണ്ടികളില്‍ അഞ്ചുവയസ്സില്‍താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ടാത്തതിനാല്‍ അവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല. ഇതിനുപരിഹാരമുണ്ടാകണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. അമ്പലപ്പുഴ-തുറവൂര്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അന്തിമാനുമതി വൈകുന്നത് നീതികരിക്കാനാകില്ലൈന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്നതിനുള്ള ശിക്ഷ പിഴചുമത്തുന്നതില്‍മാത്രം ഒതുങ്ങരുതെന്ന് ഹൈബി ഈഡനും കൊടിക്കുന്നില്‍ സുരേഷും നിര്‍ദേശിച്ചു. റെയില്‍വേ മേല്‍പ്പാലനിര്‍മാണത്തിന്റെ ചെലവ് റെയില്‍വേതന്നെ പൂര്‍ണമായും വഹിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
സില്‍വര്‍ ലൈന്‍+സ്റ്റാന്‍ഡേഡ് ഗേജ്