ഒമാനിലെ തിരക്കുകള്‍ മാറ്റിവച്ച് കൊട്ടിയൂരപ്പനെ ഉത്സവത്തിന് കാണാന്‍ എത്തുന്നത് മുടക്കാത്ത ദമ്പതികള്‍; ജൂണില്‍ നാട്ടില്‍ വരാനിരിക്കെ ഗ്യാസ് സിലിണ്ടര്‍ അപകടം; കതിരൂരിനെ ആകെ വേദനയിലാക്കി പങ്കജാക്ഷന്റേയും സജിതയുടേയും വിയോഗം; ഒമാനിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ല

Update: 2025-05-18 07:03 GMT

കൂത്തുപറമ്പ്: ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ മരിച്ചതില്‍ ദുരൂഹതയൊന്നുമില്ലെന്ന് പ്രാഥമിക നിഗമനം. ബൗഷറിലെ റസ്റ്ററന്റില്‍ കഴിഞ്ഞ 10ന് പുലര്‍ച്ചെയായിരുന്നു അപകടം. കതിരൂര്‍ ആറാംമൈല്‍ ജാന്‍ ഹൗസില്‍ വി. പങ്കജാക്ഷന്‍ (59), ഭാര്യ കെ. സജിത (53) എന്നിവരാണു മരിച്ചത്. വര്‍ഷങ്ങളായി ഒമാനിലെ വിവിധ കമ്പനികളിലായി അക്കൗണ്ടിംഗ് ജോലി ചെയ്തുവരികയായിരുന്നു ദമ്പതികള്‍. പാചകവാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്ഫോടനമാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന റസ്റ്ററന്റിന്റെ മുകള്‍നിലയിലായിരുന്നു പങ്കജാക്ഷനും ഭാര്യയും താമസിച്ചിരുന്നത്. സ്ഫോടനത്തത്തുടര്‍ന്ന് കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു.

ജനുവരിയിലാണ് പങ്കജാക്ഷനും സജിതയും അവസാനമായി നാട്ടില്‍ എത്തിയത്. എന്നാല്‍, ജോലിസംബന്ധമായ തിരക്കുകള്‍ കാരണം ഇരുവര്‍ക്കും പെട്ടെന്ന് തിരിച്ചുപോകേണ്ടിവന്നു. വര്‍ഷങ്ങളായി ഒമാനില്‍ വിവിധ കമ്പനികളില്‍ അക്കൗണ്ടന്റായി ജോലിചെയ്തുവരികയായിരുന്നു ഇരുവരും. മിക്കവാറും കൊട്ടിയൂര്‍ ഉത്സവത്തിന് നാട്ടിലെത്തുന്ന പതിവ് ഇവര്‍ക്കുണ്ട്. ഇത്തവണയും ഇതിന് വരാനിരിക്കുകയായിരുന്നു. എട്ടുവര്‍ഷമായി കതിരൂര്‍ ആറാംമൈലില്‍ ജാന്‍ഹൗസ് എന്ന വീട് നിര്‍മിച്ചിട്ട്.

എല്ലാവര്‍ഷവും നാട്ടിലെത്തുന്ന ഇരുവരും എല്ലാവരോടും സൗഹൃദപരമായി പെരുമാറുന്നവരായിരുന്നു. കൊട്ടിയൂര്‍ ഉത്സവമായിരുന്നു ഇതിന് പ്രധാന കാരണം. ദിവസങ്ങള്‍ക്കുമുന്‍പ് വിളിച്ചപ്പോള്‍ അടുത്തമാസം നാട്ടില്‍ വരുന്നുണ്ടെന്നും കൊട്ടിയൂര്‍ ഉത്സവത്തിന് പോകണമെന്നും ഇരുവരും പറഞ്ഞതായി ബന്ധു പ്രജിത്ത് വെളിപ്പെടുത്തി. മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള നടപടികള്‍ ചെയ്തുവരികയാണ്. വിവരമറിഞ്ഞ് മകളും സജിതയുടെ സഹോദരിയുടെ മകനും ഒമാനിലേക്ക് തിരിച്ചിട്ടുണ്ട്.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഏകമകള്‍ ബവിഷ ചെന്നൈയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണ്. പാചവാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്‌ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

അച്ഛന്‍: പരേതനായ വി.എം. പദ്മനാഭന്‍ നമ്പ്യാര്‍. അമ്മ: മാധവി. മകള്‍: ബവിഷ (എന്‍ജിനിയറിങ് വിദ്യാര്‍ഥിനി, ചെന്നൈ). സഹോദരങ്ങള്‍: രമേശന്‍, അശോകന്‍, രത്നാകരന്‍, ശോഭ, ഷീല. അപ്പുണ്ണിക്കുറുപ്പിന്റെയും ജാനകിയമ്മയുടെയും മകളാണ് സജിത. സഹോദരങ്ങള്‍: ലതിക, അനിത, ശശികല, മുരളി.

Similar News