നിന്ന് യാത്ര ചെയ്യാന്‍ പറ്റുന്ന സീറ്റുകളുമായി ബജറ്റ് എയര്‍ലൈനുകള്‍ എത്തുന്നു; എയര്‍ പോര്‍ട്ട് മാറി നോക്കിയാല്‍ നിങ്ങളുടെ ടിക്കറ്റ് നിരക്ക് അസാധാരണമായി കുറഞ്ഞേക്കും... വിമാന ടിക്കറ്റ് കുറക്കാനുള്ള കുറുക്കു വഴികള്‍ വൈറലാകുമ്പോള്‍
ലണ്ടന്‍: ആഗോള തലത്തില്‍ തന്നെ നാണയപ്പെരുപ്പം ജീവിത ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍, ചെലവ് ചുരുക്കി കുറച്ചെങ്കിലും പണം എങ്ങനെ ലാഭിക്കാം എന്ന് കണക്കുകൂട്ടി കഴിയുകയാണ് മനുഷ്യര്‍. എന്നിരുന്നാലും, വര്‍ഷത്തില്‍ ഒരിക്കലുള്ള ഒഴിവുകാല യാത്രകളും മറ്റും ഒഴിവാക്കാനും കഴിയില്ല. ഈ പശ്ചാത്തലത്തിലാണ്, വ്യോമയാന രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട്, നിന്ന് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന ചെലവ് കുറഞ്ഞ വിമാന സര്‍വ്വീസുകളുമായി ചില ബജറ്റ് എയര്‍ലൈനുകള്‍ എത്തുന്നത്.
യാത്രക്കാര്‍ക്ക്, പൂര്‍ണ്ണമായും ഇരിക്കാതെ, ഒരു പ്രത്യേക കോണളവില്‍ ചരിഞ്ഞ് നില്‍ക്കാന്‍ സഹായിക്കുന്ന ബൈക്ക് സ്‌റ്റൈല്‍ പാഡഡ് സീറ്റുകളുമായുള്ള വിമാനങ്ങള്‍ 2026 ല്‍ വന്നേക്കും എന്നാണ് 28 ലക്ഷ്യം ഫോളോവേഴ്സുളള എന്റര്‍പ്രനര്‍ഷിപ്പ് ക്വാട്ട് എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ വന്ന പോസ്റ്റില്‍ പറയുന്നത്. ഏവിയോണ്‍ ഇന്റീരിയേഴ്സ് എന്ന കമ്പനി നിര്‍മ്മിക്കുന്ന ഈ സീറ്റുകള്‍, വിമാനത്തിനകത്തെ സിറ്റിംഗ് കപ്പാസിറ്റി 20 ശതമാനത്തോളം വര്‍ദ്ധിപ്പിക്കും എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കാന്‍ എവിയോണ്‍ ഇന്റീരിയേഴ്സ് തയ്യാറായിട്ടില്ല. മാത്രമല്ല, ഒരു വിമാനക്കമ്പനികളും, ഉപഭോക്താക്കള്‍ക്ക് പണം ലാഭിക്കാന്‍ സഹായിക്കുന്ന ഇത്തരം പദ്ധതി ആവിഷ്‌കരിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല. സ്‌കൈ റൈഡര്‍ 2.0 എന്നറിയപ്പെടുന്ന ഇത്തരം സീറ്റുകള്‍ 2018 ല്‍ ഹാംബര്‍ഗില്‍ നടന്ന എയര്‍ക്രാഫ്റ്റ് ഇന്റീരിയര്‍ എക്സ്‌പോയിലാണ് ആദ്യമായി പൊതുലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. 2010 ല്‍ അവതരിപ്പിച്ച് പരാജയപ്പെട്ട ഒരു മോഡലിന്റെ പുതിയ പകര്‍പ്പായിരുന്നു അത്.
തങ്ങളുടെ ബോയിംഗ് 737, 800 വിമാനങ്ങളില്‍ ഇത്തരം സീറ്റുകളുടെ 10 നിര ഉണ്ടാക്കുമെന്ന് 2012 ല്‍ റയ്ന്‍എയര്‍ ചീഫ് മൈക്കല്‍ ഒ ലീറി പറഞ്ഞിരുന്നു. അന്ന് മൈക്കല്‍ പറഞ്ഞത് നിന്നുകൊണ്ടുള്ള യാത്രയ്ക്ക് 1 പൗണ്ട് മുതല്‍ 5 പൗണ്ട് വരെ മാത്രമെ ചെലവ് വരികയുള്ളു എന്നായിരുന്നു. എന്നാല്‍, പകുതി ആള്‍ക്കാര്‍ നിന്നും പകുതി പേര്‍ ഇരുന്നും പോകുന്ന യാത്ര ആളുകളെ അത്ര ആകര്‍ഷിച്ചില്ലെന്ന് ജനങ്ങളുടെ സാമൂഹ്യമാധ്യമ പോസ്റ്റുകളില്‍ നിന്നും വ്യക്തമായിരുന്നു.
വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള കുറുക്കുവഴികള്‍ വൈറലാകുന്നു
എപ്പോഴും, ഒരു യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍, ഏറ്റവും അടുത്തുള്ള വിമാനത്താവളത്തില്‍ നിന്നും യാത്ര തുടങ്ങുന്നതായിരിക്കും സൗകര്യപ്രദം. എന്നാല്‍, അത് ഒരു പക്ഷെ നിങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിച്ചേക്കും. വിമാനത്താവളം സമീപത്താണ് എന്നത് സമയം ലാഭിക്കാന്‍ സഹായകരമാകും എന്നാല്‍, അത് വലിയ ടിക്കറ്റ് നിരക്കുകളിലേക്ക് നയിച്ചേക്കാം. അതുപോലെ ഒരുപക്ഷെ തിരഞ്ഞെടുക്കാന്‍ ഓപ്ഷനുകളും കുറവായിരിക്കാം.
എന്നാല്‍, ഇപ്പോള്‍ ബ്രിട്ടീഷുകാര്‍ ഈ പ്രവണത നിര്‍ത്തിയിരിക്കുന്നു എന്നാണ് സ്‌കി വെര്‍ടിഗോ പറയുന്നത്. സമീപത്തെ വിമാനത്താവളം എന്ന താത്പര്യം ഉപേക്ഷിച്ച് മറ്റ് വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളും അവര്‍ പരിഗണിക്കുന്നുണ്ടത്രെ. യാത്ര തുടങ്ങുന്നിടത്തു മാത്രമല്ല, ലക്ഷ്യ സ്ഥാനത്തിനടുത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള സര്‍വ്വീസുകളും അവര്‍ പരിഗണിക്കുന്നു. ഇതുവഴി ഒരു റിട്ടേണ്‍ ടിക്കറ്റിന് ശരാശരി 200 പൗണ്ട് വരെ ഇവര്‍ ലാഭിക്കുന്നു എന്നും സ്‌കി വെര്‍ട്ടിഗോ പറയുന്നു.
യൂറോപ്പിലും മറ്റു പലയിടങ്ങളിലും ഒരേ നഗരത്തില്‍ തന്നെ ഒന്നിലധികം വിമാനത്താവളങ്ങള്‍ ഉണ്ട് എന്നത് ഇത് സാധ്യമാക്കുന്നു. ഉദഹരണത്തിന് ലണ്ടന്‍ നഗരത്തില്‍ ആറ് പ്രധാന വിമാനത്താവളങ്ങളാണ് ഉള്ളത്. ഓരോന്നിനും അവരുടേതായ എയര്‍ലൈന്‍ പങ്കാളിത്തവും ടിക്കറ്റ് നിരക്കുമായിരിക്കും. സമാനമായ രീതിയില്‍, മിലാന്‍, പാരിസ്, ന്യൂയോര്‍ക്ക് തുടങ്ങി പല നഗരങ്ങളിലും ഒന്നിലധികം വിമാനത്താവളങ്ങളുണ്ട്. ലണ്ടനിലെ ഗാറ്റ്വിക്കില്‍ നിന്നും ബാഴ്സിലോണിയയ്ക്കുള്ള വിമാന ടിക്കറ്റ് ഒരു പക്ഷെ 120 പൗണ്ട് ആയിരിക്കാം. എന്നാല്‍ അതേ ദിവസം തന്നെ ബാഴ്സിലോണിയയിലേക്ക് സ്റ്റാന്‍സ്റ്റെഡില്‍ നിന്നോ ലൂട്ടനില്‍ നിന്നോ 68 പൗണ്ടിന് ടിക്കറ്റ് ലഭിച്ചേക്കാം.