കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 14 സീറ്റില്‍ 13 ഇടത്തും എല്‍ഡിഎഫ്; ഇക്കുറി അടിച്ചുകയറാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; നേമത്തും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും താമര വിരിയിക്കാന്‍ ബിജെപിയുടെ തന്ത്രങ്ങള്‍; സിപിഎമ്മിന്റെ ഉറക്കം കെടുത്തി രാജീവ് ചന്ദ്രശേഖറിന്റ നീക്കങ്ങള്‍; തലസ്ഥാനം ആര് ഭരിക്കും? തിരുവനന്തപുരത്ത് ഇക്കുറി പ്രവചനാതീതമായ പോരാട്ടം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 14 സീറ്റില്‍ 13 ഇടത്തും എല്‍ഡിഎഫ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം ബിജെപി നേടിയതോടെ നിയമസഭ തെരഞ്ഞെടുപ്പിലും ഇത്തവണ സംസ്ഥാനത്തിന്റെ തന്നെ ശ്രദ്ധ കേന്ദ്രമാവുകയാണ് തലസ്ഥാന ജില്ലയായ തിരുവനന്തപുരം.തദ്ദേശ ത്തില്‍ കാലിടറിയെങ്കിലും കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ ഉണ്ടായ ചുവപ്പ് തരംഗം ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് എല്‍ ഡി എഫുള്ളത്.തദ്ദേശത്തില്‍ സംസ്ഥാനത്തൊട്ടുക്ക് ഉണ്ടായ അനുകൂല തരംഗം നിയമസഭയിലും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയാണ് യു ഡി എഫിന്.
കഴിഞ്ഞ തവണത്തെ നില പരിശോധിച്ചാല്‍ 14ല്‍ 13 സീറ്റ് നേടിയാണ് ഇടത് മുന്നണി ഭരണം ഉറപ്പിച്ചത്. മൂന്നാം ഊഴം ഉറപ്പിക്കാന്‍ 2 ടേം വ്യവസ്ഥ വരെ ഒഴിവാക്കി വിജയ സാധ്യതയുള്ള സിറ്റിങ്ങ് എം എല്‍ എ മാരെ മത്സരിപ്പിക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള നേതാക്കാള്‍ വീണ്ടും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടുമിറങ്ങുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ജില്ല സെക്രട്ടറി കൂടിയായ വി ജോയ് വര്‍ക്കലയിലും, വി ശിവന്‍ കുട്ടി നേമത്തും,കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും കാട്ടാക്കടയില്‍ ഐ ബി സതീഷും ഉള്‍പടെയുള്ളവര്‍ വീണ്ടും മത്സരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കടകംപള്ളി സുരേന്ദ്രന്റെ കാര്യം അവസന നിമിഷമേ വ്യക്തമാകു.ചിറയന്‍കീഴില്‍ വി ശശിക്കു പകരം പുതുമുഖത്തെ സി പി ഐ പരീക്ഷിച്ചേക്കുമെന്നും വിവരമുണ്ട്. അതേ സമയം പ്രശാന്തിനും ചിലപ്പോള്‍ മണ്ഡലം മാറേണ്ടി വന്നേക്കാം. അങ്ങിനെയെങ്കില്‍ കഴക്കൂട്ടത്തേക്കാവും പ്രശാന്തിനെ നിര്‍ദ്ദേശിക്കുക.
ഇനി യു ഡി എഫിലേക്ക് വന്നാല്‍ കഴിഞ്ഞ തവണ ഒരൊറ്റ സീറ്റ് കൊണ്ട് മാത്രം തൃപ്തിപെടാനായിരുന്നു യു ഡി എഫിന്റെ യോഗം.എന്നാല്‍ തദ്ദേശ തെരഞ്ഞടുപ്പിലെ ട്രെന്‍ഡ് പഴയ കണക്കിന് മാറ്റം കൊണ്ടുവരുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.നിലവിലെ ഒരേയൊരു എം എല്‍ എ യായ വിന്‍സന്റ് കോവളത്ത് തന്നെ പോരിനിറങ്ങിയേക്കും.എം പിമാര്‍ മത്സരിക്കേണ്ടന്നെ നിലവിലെ ചര്‍ച്ചകള്‍ കെ മുരളീധരന്‍ അടക്കമുള്ളവരുടെ മത്സര സാധ്യതകളെ ചോദ്യം ചെയ്യുന്നുണ്ട്. 2021 ല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പരാജയം രുചിച്ച വി എസ് ശിവകുമാര്‍ മണ്ഡലം മാറിയേക്കും. അങ്ങിനെയെങ്കില്‍ കോര്‍പ്പറേഷനില്‍ ജയിച്ചു കയറിയ ശബരിനാഥനെ മത്സരിപ്പിക്കാനും ആലോചനയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്നെ കൊണ്ട് വന്ന് നിയമസഭ തെരഞ്ഞെടുപ്പ് പദ്ധതികള്‍ പ്രഖ്യാപിക്കാനാണ് എന്‍ ഡി എ യുടെ തീരുമാനം.കോര്‍പ്പറേഷന്‍ ഭരണം ജില്ലയിലും ഒപ്പം സംസ്ഥാനത്തും പാര്‍ട്ടിക്ക് ഉണര്‍വേകിയിട്ടുണ്ട്.ജനുവരി 23-നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. നഗരസഭാ ഭരണം കിട്ടിയതിന് ശേഷമുള്ള നഗരത്തിന്റെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും.
തിരുവനന്തപുരം നഗരസഭാ ഭരണം ബിജെപിക്ക് ലഭിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനം പാലിച്ചുകൊണ്ടാണ് വികസന രേഖാ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി എത്തുന്നത്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം എന്നത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.നഗരസഭാ ഭരണത്തിലൂടെ തലസ്ഥാനത്ത് നേടിയ ആധിപത്യം നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിര്‍ത്താനുള്ള ബിജെപിയുടെ തന്ത്രപ്രധാനമായ നീക്കം കൂടിയാണ് ഈ സന്ദര്‍ശനം.2016 ല്‍ അക്കൗണ്ട് തുറന്ന നേമത്ത് നിലവിലെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിലൂടെ വീണ്ടും വിജയം കാണാനാകുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.2021ല്‍ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയാണ് ശിവന്‍കുട്ടി മണ്ഡലം തിരിച്ചുപിടിച്ചത്.
തദ്ദേശത്തില്‍ നേമത്തെ 15 വാര്‍ഡുകളില്‍ ബി ജെ പി മുന്‍തൂക്കം നേടിയിരുന്നു.ഇതും ഇക്കുറി നേമത്തെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.സമാനമായി നിരവധി വാര്‍ഡുകളില്‍ മുന്നിട്ട് നിന്ന് വട്ടിയൂര്‍കാവ്,കഴകൂട്ടം മണ്ഡലങ്ങളിലും ബി ജെ പി പ്രതീക്ഷ വെക്കുന്നു. കെ സുരേന്ദ്രന്റെ പേരും ജി കൃഷ്ണകുമാറിന്റെ പേരുമാണ് മണ്ഡലത്തില്‍ പറഞ്ഞു കേള്‍ക്കുന്നത്. കഴക്കൂട്ടത്ത് വി മുരളീധരനും കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസും പരിഗണനയിലുണ്ട്.
2021 ലെ വോട്ട് നില ഇങ്ങനെ:
എല്‍ ഡി എഫ്
1. ജി സ്റ്റീഫന്‍ - അരുവിക്കര - 5046
2. ആന്റണി രാജു - തിരുവനന്തപുരം - 7089
3. വി ശിവന്‍ കുട്ടി - നേമം - 3949
4. വി കെ പ്രശാന്ത് - വട്ടിയൂര്‍കാവ് -21,515
5. വി ജോയ് - വര്‍ക്കല -17,821
6. ഒ എസ് അബിംക - ആറ്റിങ്ങല്‍ -31,636
7. വി ശരി - ചിറയന്‍കീഴ് - 14,017
8. കടകംപള്ളി സുരേന്ദ്രന്‍ - കഴക്കൂട്ടം - 23, 497
9. ജി ആര്‍ അനില്‍ - നെടുമങ്ങാട് - 23, 309
10. ഡി കെ മുരളി - വാമനപുരം - 10,242
11. ഐ ബി സതീഷ് - കാട്ടാക്കട - 23,231
12. കെ അന്‍സലന്‍ - നെയ്യാറ്റിന്‍കര - 14,262
13. സി കെ ഹരീന്ദ്രന്‍ - പാറശ്ശാല - 25,828
യു ഡി എഫ്
1. എം വിന്‍സന്റ് - കോവളം- 11562
*നാളെ കൊല്ലം*
