'ഫ്രീ പാലസ്തീൻ...ഫ്രീ പാലസ്തീൻ..!'; കൈയ്യിൽ തോക്കുമായി ഉറക്കെ അലറി വിളിച്ച് ആ ഷിക്കാഗോ സ്വദേശി; പിന്നാലെ തുരുതുരാ വെടിവെയ്പ്പ്; മ്യൂസിയത്തിന് പുറത്ത് കൂടി നിന്നവർ ചിതറിയോടി; എങ്ങും പരിഭ്രാന്തി; രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു; മരണം വിവാഹ നിശ്ചയം നടക്കാനിരിക്കെ; പ്രതിയെ പിടികൂടിയെന്ന് പോലീസ്!
വാഷിങ്ടണ്‍: വാഷിങ്ടണില്‍ കാപ്പിറ്റല്‍ ജൂത മ്യൂസിയത്തിന് മുന്നിൽ വെടിവെയ്പ്പ്. കൈയ്യിൽ തോക്കുമായി എത്തിയ ഇയാൾ ഫ്രീ പാലസ്തീൻ...ഫ്രീ പാലസ്തീൻ എന്ന് ഉറക്കെ അലറിവിളിച്ച ശേഷം തുരുതുരാ വെടിവെയ്പ്പ് നടത്തുകയായിരിന്നു. വെടി ശബ്ദം കേട്ട ഉടനെ അവിടെ കൂടി നിന്നവർ എല്ലാം ചിതറി ഓടുകയും ചെയ്തു. സംഭവത്തിൽ രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടതായി വിവരങ്ങൾ. യാറോണ്‍ ലിഷിന്‍സ്‌കി, സാറ മില്‍ഗ്രിം എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും യുഎസിലെ ഇസ്രായേല്‍ സ്ഥാനപതി വ്യക്തമാക്കി.
സംഭവത്തില്‍ ഷിക്കാഗോ സ്വദേശിയായ ഏലിയാസ് റോഡ്രിഗസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാണ് വെടിവെച്ചതെന്ന് യുഎസ് പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത പ്രതി കുറ്റംസമ്മതിച്ചതായും 'സ്വതന്ത്ര പലസ്തീന്‍' എന്ന് തുടർച്ചയായി വിളിച്ച് പറഞ്ഞതായും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ അപലപിച്ചു. സംഭവത്തിൽ ഇന്ത്യയും അപലപിച്ചു.
കൊല്ലപ്പെട്ട രണ്ടുപേരും വാഷിങ്ടണിലെ ഇസ്രായേല്‍ എംബസിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അടുത്ത ആഴ്ച ഇവരുടെ വിവാഹ നിശ്ചയം ജെറുസലേമില്‍ നടക്കേണ്ടതായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. അതിനായി യാറോണ്‍ ലിഷിന്‍സ്‌കി വിവാഹ മോതിരം വാങ്ങിവെച്ചിരുന്നതായും എംബസി അധികൃതര്‍ പറഞ്ഞു. അമേരിക്കന്‍ ജൂതസമൂഹം മ്യൂസിയത്തില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്. ഗാസയിലെ ആളുകളെ സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നാണ് സംഘാടകര്‍ പറയുന്നത്.
അതേസമയം, ഗസ്സ പിടിച്ചെടുക്കാനും ആക്രമണം വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതിക്ക് ഇസ്രായേല്‍ മന്ത്രിസഭാ അംഗീകാരം നല്‍കിയിട്ടുണ്ട്. ഗസ്സയില്‍ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിന് സമ്മര്‍ദ്ദം ചെലുത്താണെന്ന വ്യാജേനയാണ് പുതിയ തീരുമാനം. ആക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി സൈനിക ബലം വര്‍ദ്ധിപ്പിക്കാനായി സേനയിലെ റിസര്‍വ് സൈനികരുടെ എണ്ണവും ഇസ്രായേല്‍ കൂട്ടിയിട്ടുണ്ട്.