'ഏഴുദിവസമായി ഞങ്ങള്‍ പണിക്ക് പോയിട്ട്; കുട്ടികളെ വീടിന് പുറത്തേക്ക് പോലും ഇറക്കിയിട്ടില്ല; ഇങ്ങനെ എത്രദിവസം തുടരാനാകും; വനം ഉദ്യോഗസ്ഥര്‍ക്ക് പോകണമെങ്കില്‍ കടുവയെ പിടികൂടണം, വെടിവച്ച് കൊല്ലണം': നരഭോജിക്കടുവയെ വീണ്ടും കണ്ടതോടെ കാളികാവില്‍ നാട്ടുകാരുടെ പ്രതിഷേധം
നരഭോജിക്കടുവയെ വീണ്ടും കണ്ടതോടെ കാളികാവില്‍ നാട്ടുകാരുടെ പ്രതിഷേധം
മലപ്പുറം: നരഭോജിക്കടുവയെ വീണ്ടും കണ്ടതോടെ കാളികാവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രദേശവാസികളുടെ പ്രതിഷേധം. പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ തടഞ്ഞു. ഇവരുടെ വാഹനങ്ങള്‍ പോകാന്‍ അനുവദിക്കാതെ നാട്ടുകാര്‍ തടഞ്ഞിട്ടിരിക്കുകയാണ്. കടുവയെ ഇന്ന് തന്നെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊലീസെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയാണ്. കടുവയെ പിടികൂടാതെ വനംവകുപ്പിന്റെ വാഹനങ്ങള്‍ കടത്തിവിടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനിടെ പ്രതിഷേധിക്കാനെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ നാട്ടുകാര്‍ തിരിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധത്തിന് രാഷ്ട്രീയമില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
നരഭോജി കടുവയെ മലപ്പുറം കുരിക്കളാട് എസ്റ്റേറ്റില്‍ കണ്ടതായാണ് വിവരം. തേന്‍ ശേഖരിക്കുന്നതിനായി എത്തിയ ആദിവാസി കുടുംബത്തിലെ അംഗമാണ് കടുവയെ കണ്ടവിവരം ആര്‍ആര്‍ടി ടീമിനെ അറിയിച്ചത്. പിന്നാലെ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മയക്കുവെടി സംഘം സ്ഥലത്തെത്തുകയും കാടിനുള്ളില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതിനിടെയാണ് കടുവയെ ഇന്നുതന്നെ പിടികൂടണം എന്നാവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് ആര്‍ആര്‍ടി ടീമിന് കടുവയെ കണ്ടതായുള്ള വിവരം ലഭിച്ചത്. തേന്‍ ശേഖരിക്കുന്നതിനായി ഇവിടെ എത്തിയ ആദിവാസി കുടുംബത്തിലെ അംഗമായ വേലായുധനാണ് കടുവയെ കണ്ടത്. വൈകാതെ സ്ഥലത്തെത്തിയ ഡോ. അരുണ്‍ സക്കറിയയുടെ സംഘം പരിശോധനയ്ക്കായി എസ്റ്റേറ്റിനകത്തേക്ക് പോയി. വേലായുധന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്റ്റേറ്റില്‍ പരിശോധന നടത്തിയത്.
കുരിക്കളാട് എസ്റ്റേറ്റ് പരിസരത്തുവെച്ച് തന്നെയാണ് കഴിഞ്ഞ ദിവസവും കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. അതും ഏതാണ്ട് ഇതേസമയത്ത് തന്നെയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇനിയും കടുവ ഇങ്ങോട്ടേക്ക് വരുമോ എന്ന ഭയത്തിലാണ് നാട്ടുകാര്‍. കഴിഞ്ഞ ഏഴുദിവസമായി വനംവകുപ്പ് ഇവിടെ പരിശോധന നടത്തുന്നുണ്ടെങ്കിലും കടുവയെ പിടികൂടാന്‍ കഴിയാത്തതില്‍ നാട്ടുകാര്‍ അസ്വസ്ഥരാണ്.
അന്വേഷണം നടത്തി, കടുവയെ പിടിക്കാനായില്ല എന്നുപറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോവുകയാണ്, ഏഴുദിവസമായി ഞങ്ങള്‍ പണിക്ക് പോയിട്ട്. ഇവിടെ മുഴുവന്‍ തോട്ടമാണ്, അവിടെ പണിക്ക് പോകുന്നവരാണ് ഇവിടെയുള്ള നാട്ടുകാരില്‍ ഭൂരിഭാഗവും. ഇങ്ങനെ ടാപ്പിങ്ങിന് പോയ ഒരു തൊഴിലാളിയെയാണ് കടുവ കൊന്നുതിന്നത്. ആ കടുവയെ പിടികൂടാതെ, എന്ത് ധൈര്യത്തിലാണ് തങ്ങള്‍ ജോലിക്ക് പോകേണ്ടതെന്നും നാട്ടികാര്‍ ചോദിക്കുന്നു.
കഴിഞ്ഞ ഏഴുദിവസമായി കുട്ടികളെ വീടിന് പുറത്തേക്ക് പോലും ഇറക്കിയിട്ടില്ല. ഇനിയും ഇങ്ങനെ എത്രദിവസം തുടരാനാകുമെന്നും ഇതിന് എത്രയുംവേഗം ഒരു പരിഹാരം ഉണ്ടാക്കിത്തരണം എന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചത്. കടുവയെ പിടികൂടാതെ ഇവിടെനിന്ന് പോകാന്‍ അനുവദിക്കില്ല എന്നുപറഞ്ഞ് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇരുട്ടായതോടെ സംഘം കാടിനുള്ളിലെ അന്വേഷണം അവസാനിപ്പിച്ച് മടങ്ങിയതായും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം തിരച്ചിലിനിടയില്‍ കടുവയെ കണ്ടിട്ടും വനംവകുപ്പ് വെടിവെച്ചില്ലെന്നും ആക്ഷേപമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രഹസനം എന്നപോലെയാണ് തിരച്ചില്‍ നടത്തുന്നതെന്നും കടുവയെ പിടിക്കാന്‍ സ്ഥലത്ത് കൂട് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് എട്ടു ദിവസം പിന്നിട്ടെന്നും ഇതുവരെ കടുവയെ പിടികൂടാന്‍ വനംവകുപ്പിന് സാധിച്ചിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഓഫ് റോഡ് റൈഡേഴ്‌സിന്റെ സഹായത്തോടെ കാളികാവ് കേരള എസ്റ്റേറ്റ് പരിസരത്തെ കൂടുതല്‍ ഉള്‍പ്രദേശങ്ങളില്‍ പരിശോധന നടത്താനാണ് ശ്രമം. ഇന്നലെ കടുവയെ കണ്ടെത്തിയ മദാരി എസ്റ്റേറ്റിനു സമീപം കൂടുതല്‍ കൂടുകള്‍ സ്ഥാപിച്ചിരുന്നു. പുതുതായി 30ലേറെ ക്യാമറകളും സ്ഥാപിക്കുന്നുണ്ട്.