വിമാനം പോര്‍ച്ചുഗലിലേക്ക് തിരിച്ചു വിടാന്‍ നിര്‍ബന്ധിച്ചു; മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ബ്രിട്ടീഷ് വനിതയെ വിമാനത്തില്‍ നിന്ന് തൂക്കി എറിയുന്ന ദൃശ്യങ്ങള്‍ വൈറല്‍

Update: 2025-05-23 03:41 GMT

ലണ്ടന്‍: മദ്യപിച്ച് ബഹളമുണ്ടാക്കിയ ബ്രിട്ടീഷ് വനിതയെ വിമാനത്തില്‍ നിന്നും തൂക്കിയെറിഞ്ഞു. വിമാനത്തിനുള്ളില്‍ വെച്ച് മദ്യപിച്ച് ബഹളം കൂട്ടുകയും, ഒരു യാത്രക്കാരനെ മര്‍ദ്ദിക്കുകയും, വിമാനം പോര്‍ച്ചുഗലിലേക്ക് തിരിച്ചു വിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ഒരു ബ്രിട്ടീഷ് വനിതയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിച്ചിറക്കി നിലത്തേക്ക് എറിയുന്ന ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ഇക്കഴിഞ്ഞ മെയ് 18 ന് ആയിരുന്നു സംഭവം. ടെനെറൈഫില്‍ നിന്നും പ്രെസ്റ്റ്വിക്കിലേക്കുള്ള വിമാനം ഈ വനിത കാരണം വഴി തിരിച്ചു വിടെണ്ടതായി വന്നു. നിലത്ത് നില്‍ക്കുന്ന വിമാനത്തില്‍ നിന്നും വനിതയെ വലിച്ചിറക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രണ്ടാമതൊരു വീഡിയോയില്‍ ഇവരെ പോര്‍ച്ചുഗല്‍ വിമാനത്താവളത്തിലെ ടാര്‍മാകിലൂടെ വലിച്ചു കൊണ്ടു പോകുന്ന ദൃശ്യവുമുണ്ട്. പിന്നീട് ഇവരെ കൈയ്യാമം വെച്ച് എയര്‍പോര്‍ട്ട് ഷട്ടില്‍ ബസ്സില്‍ കൊണ്ടുപോകുന്ന ദൃശ്യവുമുണ്ട്. രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഇവര്‍ക്ക് അകമ്പടി സേവിക്കുന്നുണ്ട്.

അതില്‍ ഒരാള്‍ ഇവരുടെ വയറില്‍ പിടിക്കുകയും പിന്നീട് നിലത്തേക്ക് എറിയുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. അവര്‍ വിമാനത്തിനകത്ത് അക്രമാസക്തയായിരുന്നു എന്നാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്.

Similar News