ലോക പ്രശസ്ത അമേരിക്കന്‍ ഡ്രമ്മര്‍ സ്വകാര്യ ജെറ്റ് തകര്‍ന്ന് കൊല്ലപ്പെട്ടു; വിമാനത്തില്‍ കയറും മുന്‍പ് താന്‍ ഒടുവില്‍ കോ-പൈലറ്റ് ആയെന്നു പോസ്റ്റിട്ടത് തമാശയാണോ എന്നറിയാന്‍ അന്വേഷണം തുടങ്ങി
ലണ്ടന്‍: ലോകപ്രശസ്ത അമേരിക്കന്‍ ഡ്രമ്മര്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വിവാദങ്ങളും ഉയരുന്നു. വിമാനത്തില്‍ തകയറുന്നതിന് മുമ്പ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ട ഒരു പോസ്റ്റാണ് ഇതിന് വഴി വെച്ചത്. ഡാനിയല്‍ വില്യംസ് എന്ന ഈ ഡ്രമ്മര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് താന്‍ ഒടുവില്‍ കോ-പൈലറ്റായി എന്നാണ് പോസ്റ്റിട്ടത്. ഇപ്പോള്‍ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇയാള്‍ ഈ പോസ്റ്റിട്ടത് തമാശയായിട്ടാണോ എന്നതാണ് പോലീസ് തിരക്കുന്നത്. താന്‍ വിമാനം നിയന്ത്രിക്കുന്നതിന്റെ ചിത്രങ്ങളും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
വന്‍ ജനപ്രീതി നേടിയ ക്രിസ്ത്യന്‍ മെറ്റല്‍കോര്‍ ബാന്‍ഡായ ദി ഡെവിള്‍ വെയേഴ്സ് പ്രാഡയില്‍ അംഗമായിരുന്നു ഡാനിയേല്‍ വില്യംസ് . ബുധനാഴ്ച രാത്രി ന്യൂജേഴ്‌സിയിലെ ടെറ്റര്‍ബോറോ വിമാനത്താവളത്തില്‍ നിന്നാണ് സെസ്‌ന 550 ഇനത്തില്‍ പെട്ട സ്വകാര്യ ജെറ്റ് വിമാനത്തില്‍ ഇയാള്‍ യാത്ര തിരിച്ചത്. വിമാനം നിയന്ത്രിക്കുന്ന ചിത്രത്തിന് താഴെയാണ് ഡാനിയേല്‍ വില്യംസ് താന്‍ വിമാനത്തിന്റെ കോ-പൈലറ്റാണെന്ന അടിക്കുറിപ്പ് ഇട്ടിരിക്കുന്നത്. ഇതിനൊപ്പം ഇതാ ഞങ്ങള്‍ പോകുന്നു എന്നും ഡാനിയേല്‍ പോസ്റ്റിട്ടിരുന്നു. കാലിഫോര്‍ണിയയിലേക്ക് പോയ വിമാനം കന്‍സാസിലെ വിചിതയില്‍ ഇന്ധനം നിറയ്ക്കുന്നതിനായി നിര്‍ത്തിയിരുന്നു. തുടര്‍ന്നുള്ള യാത്രമധ്യേയാണ് വിമാനം സാന്‍ഡിഗോയിലെ ഒരു സൈനിക കേന്ദ്രത്തിന് സമീപം തകര്‍ന്നു വീഴുകയായിരുന്നു.
ലക്ഷ്യസ്ഥാനമായ മോണ്ട് ഗോമറി ഗിബ്സിലെ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം നടന്നത്. 39 കാരനായ വില്യംസ് സാന്‍ഡിയോയിലാണ് താമസിച്ചിരുന്നത്. 2016 ല്‍ ദി ഡെവിള്‍ വെയേഴ്‌സ് പ്രാഡ വിട്ട് അദ്ദേഹം ഒരു സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുക ആയിരുന്നു. മ്യൂസിക് ഏജന്റും പൈലറ്റുമായ ഡേവ് ഷാപ്പിറോയ്‌ക്കൊപ്പമാണ് യാത്ര ചെയ്യുന്നത് എന്നാണ് വില്യംസ് അറിയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എട്ടു സീറ്റുകളുള്ള ഈ ജെറ്റ് വിമാനം വില്യംസ് സ്വന്തമാക്കിയത്. വിമാനത്തിലെ രണ്ട് യാത്രക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. പഴയ സഹപ്രവര്‍ത്തകര്‍ പലരും വില്യംസുമായുള്ള ഓര്‍മ്മകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെയ്ക്കുകയാണ്.
അതേ സമയം വിമാനം തകര്‍ന്നു വീണത് ജനവാസ മേഖലയിലാണ് എന്നത് കാരണം പല വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെ താമസിച്ചിരുന്ന ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി ബന്ധവും അപകടത്തെ തുടര്‍ന്ന് നിലച്ചിരുന്നു.