പല്ലുവേദനയെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ എഴുതി തള്ളി; മാരക കാന്‍സറായപ്പോള്‍ യുവതിയുടെ മുഖം മാറിയത് ഇങ്ങനെ

Update: 2025-05-23 09:00 GMT

ലപ്പോഴും ഡോക്ടര്‍മാര്‍ക്ക് രോഗം നിര്‍ണയിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളാണ് നമ്മളില്‍ പലര്‍ക്കും പിന്നീട് മാരകമായ രോഗങ്ങള്‍ക്ക് അടിമയാകാനും അകാല മരണത്തിനും എല്ലാം കാരണമായി മാറുന്നത്. ഇരുപത്തിയഞ്ചുകാരിയായ ഒരു യുവതി മേല്‍ത്താടിയില്‍ കടുത്ത വേദനയുമായി ഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത് വെറും പല്ലുവേദനയാണെന്നാണ്. എന്നാല്‍ പിന്നീടാണ് യുവതിക്ക് രോഗമാണെന്ന കാര്യം സ്ഥിരീകരിച്ചത്. അമേരിക്കയിലെ നൊവാഡയില്‍ നിന്നുള്ള നിക്കോള്‍ കൊവാല്‍സ്‌കി ക്ലീന്‍സാസറിന് വലതു താടിയെല്ലിന്റെ മുകള്‍ഭാഗത്ത് ഒരു അസഹ്യമായ വേദന അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്ക് ഉറക്കവും നഷ്ടപ്പെടാന്‍ തുടങ്ങി. ഡോക്ടറെ കണ്ടപ്പോള്‍ ഇത് സൈനസ് കാരണമുള്ള വേദനയാണെന്നാണ് വിശദീകരിച്ചത്.

വീണ്ടും വേദന തുടര്‍ന്നപ്പോള്‍ നിക്കോള്‍ ഒരു ദന്ത ഡോക്ടറെ സമീപിച്ചിരുന്നു. 2017 ലാണ് അവര്‍ ദന്തഡോക്ടറെ കണ്ടത്. പരിശോധിച്ച ദന്തഡോക്ടര്‍ പറഞ്ഞത് അവരുടെ പല്ലുകള്‍ പൂര്‍ണമായി ആരോഗ്യമുള്ളതാണ് എന്നാണ്. പേശി വലിവ്, അല്ലെങ്കില്‍ ശൈത്യകാലത്ത് സാധാരണമായി കാണപ്പെടുന്ന സൈനസ് അണുബാധ എന്നിവ കാരണമാകാം വേദനയെന്നാണ് ഡോക്ടര്‍ നിക്കോളിനോട് പറഞ്ഞത്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച ആന്റി ബയോട്ടിക്കുകള്‍ നിക്കോള്‍ കഴിച്ചു എങ്കിലും അസുഖത്തിന് യാതൊരു കുറവും ഉണ്ടായില്ല. തുടര്‍ന്ന് വീണ്ടും ഡോക്ടറിനെ കണ്ട് എക്സ്റേ എടുത്തപ്പോഴാണ് അവരുടെ രോഗം ക്യാന്‍സറാണെന്ന് വെളിപ്പെട്ടത്. വായില്‍ ഉമിനീര്‍ ഉത്പാദിപ്പിക്കുന്ന കലകളില്‍ ആരംഭിക്കുന്ന അപൂര്‍വ രോഗമായ ഉമിനീര്‍ ഗ്രന്ഥി കാന്‍സറാണ് നിക്കോളിനെ ബാധിച്ചതെന്നായിരുന്നു വിദഗ്ധര്‍ കണ്ടെത്തിയത്. യുകെയില്‍ ഓരോ വര്‍ഷവും 720 രോഗികള്‍ക്ക് മാത്രമാണ് ഈ അപൂര്‍വ്വ രോഗം ബാധിക്കുന്നത്. നേരത്തേ ക്യാന്‍സര്‍ ബാധയാണെന്ന് സ്ഥിരീകരിക്കുന്നതിന് മുമ്പ് വായ്ക്കുള്ളിലെ മുഴ നീക്കാന്‍ ശ്രമിച്ചത് ജീവിതത്തിലെ ഏറ്റവും ഭീകരമായ അനുഭവമാണ് എന്നാണ് നിക്കോള്‍ വെളിപ്പെടുത്തിയത്.

മുഴയുടെ ഭാഗം മരവിപ്പിക്കാന്‍ ശ്രമിച്ചിട്ട് അതിന് കഴിയാതെ വന്നപ്പോള്‍ മരവിപ്പിക്കാതെ തന്നെ ശസ്ത്രക്രിയ നടത്തി എന്നും മരണവേദന കൊണ്ട് താന്‍ നിലവിളിച്ചു എന്നുമാണ് അവര്‍ പറഞ്ഞത്. പിന്നീട് അവര്‍ റേഡിയേഷനും വിധേയയായി. ശസ്ത്രക്രിയയെ തുടര്‍ന്ന് നിക്കോളിന് ചിരിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. എന്നാല്‍ ചികിത്സ ഒന്നും ഫലം കണ്ടില്ല.ക്യാന്‍സര്‍ രോഗം വീണ്ടും ശക്തമായി തിരിച്ചു വന്നു. രണ്ടാം ഘട്ടം ചികിത്സയുടെ ഫലമായി നിക്കോളിന് ഏഴ് പല്ലുകളും അണ്ണാക്കിന്റെ മേല്‍ഭാഗവും നഷ്ടപ്പെട്ടു. ഡോക്ടര്‍മാര്‍ അവരുടെ അസുഖം പൂര്‍ണമായി ഭേദമായി എന്ന് പിന്നീട് അറിയിച്ചു. ഇതിന് ശേഷം നിക്കോള്‍ മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തുടര്‍ന്ന് ഡോക്ടറേറ്റും നേടി. എറിക് ക്ലീന്‍സാസര്‍ എന്ന വ്യക്തിയെ വിവാഹം കഴിക്കുകയും ചെയ്തു. 2022 ല്‍ മൂന്നാം വട്ടം അവര്‍ രോഗബാധിതയായി. തുടര്‍ന്ന് നടന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് അവരുടെ മുഖത്തിന്റെ ആകൃതി തന്നെ മാറുകയായിരുന്നു.

ഏറെ നാള്‍ കഴിയുന്നതിന് മുമ്പ് തന്നെ മുപ്പത്തിമൂന്നാമത്തെ വയസില്‍ നിക്കോള്‍ മരിക്കുകയായിരുന്നു. താടിയെല്ല്, കവിള്‍, വായ കഴുത്ത് എന്നിവിടങ്ങളില്‍ വേദനയില്ലാത്ത ഒരു മുഴ, മുഖത്തിന്റെ ഒരു ഭാഗത്ത് മരവിപ്പ്, മുഖം തൂങ്ങിക്കിടക്കുക, ഭക്ഷണം കഴിക്കുന്നതിലെ പ്രശ്നങ്ങള്‍ എന്നിവ ഉമിനീര്‍ ഗ്രന്ഥി കാന്‍സറിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളില്‍ പലതും മറ്റ് അര്‍ബുദമല്ലാത്ത അവസ്ഥകള്‍ മൂലവും ഉണ്ടാകാം. സാധാരണയായി 50 നും 60 നും ഇടയില്‍ പ്രായമുള്ളവരെയാണ് ഇത് ബാധിക്കുന്നത്.

Similar News