കൃഷിയിടത്തില്‍ പാര്‍വതിക്ക് നൂറില്‍ നൂറ് മാര്‍ക്ക്; തൊട്ടതിലെല്ലാം പൊന്നുവിളയിച്ച പത്താംക്ലാസുകാരിക്ക് സംസ്ഥാന വിദ്യാര്‍ത്ഥി കര്‍ഷക അവാര്‍ഡ്
കൃഷിയിടത്തില്‍ പൊന്നുവിളയിച്ച പത്താംക്ലാസുകാരിക്ക് സംസ്ഥാന വിദ്യാര്‍ത്ഥി കര്‍ഷക അവാര്‍ഡ്
ചേര്‍ത്തല: കൃഷിയിടത്തില്‍ പാര്‍വ്വതിക്ക് നൂറില്‍ നൂറ് മാര്‍ക്കാണ്. നെല്ലും പതിരും വേര്‍തിരിച്ച് തന്റെ കൃഷിയിടത്തില്‍ തൊട്ടതിലെല്ലാം പൊന്നു വിളയിച്ച് മുന്നേറുകയാണ് ഈ കുട്ടികര്‍ഷക. പഠനത്തോടൊപ്പം കൃഷിയും മുന്നോട്ട് കൊണ്ടുപോകുന്ന പാര്‍വ്വതി എന്ന പത്താം ക്ലാസുകാരിയാണ് തന്റേതായ ശൈലിയില്‍ കൃഷി ചെയ്ത് സംസ്ഥാനതലത്തില്‍ ശ്രദ്ധേയ ആകുന്നത്. നെല്ല് മുതല്‍ ഔഷധ സസ്യങ്ങള്‍ വരെ പാര്‍വ്വതിയുടെ കൃഷിയിടത്തിലുണ്ട്.
പഠനത്തിന്റെ ഇടവേളകളിലെല്ലാം തന്റെ കൃഷിയിടത്തില്‍ ആനന്ദം കണ്ടെത്തുകയാണ് ഈ മിടുമിടുക്കി. പഠനം മാത്രമല്ല പഠനത്തോടൊപ്പം കുട്ടികള്‍ക്ക് തങ്ങളുടെ ഇഷ്ടം അനുസരിച്ച് മറ്റ് ജോലികളും ചെയ്യാം എന്ന് സ്വന്തം പ്രയത്‌നത്തിലൂടെ തെളിയിച്ചിരിക്കുകയാണ് പാര്‍വതി. കൃഷിയിടത്തില്‍ പാര്‍വതിക്ക് തന്റെതായ രീതികളുണ്ട്. ചെറുപ്രായത്തില്‍ തന്നെ കൃഷിയിടത്തിലിറങ്ങി സംയോജിത കൃഷി രീതികള്‍ പരീക്ഷിച്ച എ. പാര്‍വതിയെ തേടി ഇപ്പോള്‍ സംസ്ഥാന വിദ്യാര്‍ത്ഥി കര്‍ഷക അവാര്‍ഡും എത്തിയിരിക്കുകയാണ്.
ചേര്‍ത്തല ഗവ. ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പാര്‍വതി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് തെക്കും തറയില്‍ സജിമോന്റെയും സീനു ബാലകൃഷ്ണന്റെയും മകളാണ്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ സജിമോന്റെ സഹായത്തോടെ 30 ബാഗുകളില്‍ പച്ചക്കറി വിളകള്‍ കൃഷിചെയ്താണ് പാര്‍വവതി കൃഷിയില്‍ ആദ്യാക്ഷരം കുറിച്ചത്. പിന്നീട് അങ്ങോട്ട് കൃഷിയെ മനസ്സറിഞ്ഞ്് സ്‌നേഹിക്കുക ആയിരുന്നു ഈ പെണ്‍കുട്ടി.
കരയില്‍ രക്തശാലി നെല്‍കൃഷി, നാല്‍പ്പതിലധികം ഔഷധ സസ്യങ്ങള്‍, വിവിധ ഫല വൃക്ഷങ്ങള്‍, കുറ്റിക്കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, വാഴാ, ചേമ്പ്, കാച്ചല്‍ എല്ലാം കൃഷിയിടത്തിലുണ്ട്. ആട്, കരിങ്കോഴി, പടുതാ കുളത്തില്‍ മത്സ്യകൃഷി അസോള തുടങ്ങിയവയും മുളക്, പാവല്‍, പയര്‍, പീച്ചില്‍, കുക്കുമ്പര്‍, ചോളം, പയര്‍ കൃഷി, ചീര, മുളക്, തക്കാളി, വെണ്ട വഴുതന തുടങ്ങി വിവിധ പച്ചക്കറി വിളകളഉം കൃഷിയിടത്തിലുണ്ട്.
ജില്ലാതല കുട്ടിക്കര്‍ഷക അവാര്‍ഡ് (രണ്ടാം സ്ഥാനം) കുട്ടിക്കര്‍ഷക കൃഷി ദര്‍ശന്‍ അവാര്‍ഡ്, സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ അക്ഷയശ്രീ പുരസ്‌ക്കാരം, പി.ടി ചാക്കോ ഫൗണ്ടേഷന്‍ പുരസ്‌ക്കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ഈ ചെറുപ്രായത്തില്‍ പാര്‍വതിയെ തേടി എത്തിയിട്ടുണ്ട്. നാലാം ക്ലാസില്‍ പഠിക്കുന്ന സഹോദരി ഓമല്‍ ശ്രീയും കൃഷിയിടത്തില്‍ കൂട്ടായുണ്ട്.