മുഖ്യമന്ത്രിയുള്‍പ്പടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്തിലെ ചര്‍ച്ചയിലെ ധാരണ; കലാനിധി മാരനെതിരെയുള്ള വക്കീല്‍ നോട്ടിസ് പിന്‍വലിച്ച് ദയാനിധി മാരന്‍; മാരന്‍ കുടുംബത്തിലെ സ്വത്തു തര്‍ക്കത്തിന് പര്യവസാനം; സമരസപ്പെടലിന് പിന്നാലെ കുതിച്ചുയര്‍ന്ന് സണ്‍ ടിവി ഓഹരി വില
കലാനിധി മാരനെതിരെയുള്ള വക്കീല്‍ നോട്ടിസ് പിന്‍വലിച്ച് ദയാനിധി മാരന്‍
ചെന്നൈ: മാസങ്ങളായിത്തുടരുന്ന ചെന്നൈ മാരന്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കത്തിന് പര്യവസാനം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉള്‍പ്പെടെ ഡിഎംകെ കുടുംബത്തിലെ പ്രധാനികളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ ധാരണ പ്രകാരം ചെയര്‍മാന്‍ കലാനിധി മാരനെതിരെയുള്ള വക്കീല്‍ നോട്ടിസ് ഇളയ സഹോദരനും ഡിഎംകെ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധിമാരന്‍ പിന്‍വലിച്ചു.ചര്‍ച്ചയെത്തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള നിയമപോരാട്ടം നിരുപാധികം പിന്‍വലിച്ചതായി സണ്‍ ടിവി നെറ്റ്വര്‍ക് വ്യക്തമാക്കി.
ജുലായ് പകുതിയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സമവായത്തിലെത്തിയെങ്കിലും ഈ മാസം ആദ്യവാരമാണ് ദയാനിധി കേസുകള്‍ പിന്‍വലിച്ചത്.ജുലൈ ആദ്യവാരം ഇവരുടെ ബന്ധുകൂടിയായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇടപെടല്‍ മൂലമാണ് തര്‍ക്കം പരിഹരിച്ചത്. സ്റ്റാലിനെ കൂടാതെ, ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണി, ഹിന്ദു ഗ്രൂപ്പിന്റെ എന്‍. റാം എന്നിവരും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കാളികളായിരുന്നു.2003ല്‍ നടന്ന ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് കലാനിധി മാരനും ഭാര്യ കാവേരി കലാനിധിക്കും മറ്റ് 6 പേര്‍ക്കുമെതിരെ കഴിഞ്ഞ ജൂണിലാണു ദയാനിധി നോട്ടിസ് അയച്ചത്.
കുടുംബത്തിലെ സ്വത്ത് തര്‍ക്കം തീര്‍ന്നത് ഏറ്റവും ഗുണകരമായത് സണ്‍ ടിവി നെറ്റ്വര്‍ക്കിനാണ്.കടുംബത്തിലെ സമരസപ്പെടലിന് പിന്നാലെ സണ്‍ ടിവിയുടെ ഓഹരിവില കുതിച്ചു. ഇന്ന് 2.45% നേട്ടവുമായി 585.90 രൂപയിലാണ് ഓഹരിവിലയുള്ളത്. ജൂണില്‍ 626.05 രൂപ വിലയുണ്ടായിരുന്ന ഓഹരിവില തര്‍ക്കത്തെ തുടര്‍ന്ന് ഇടിഞ്ഞിരുന്നു.
ഒത്തുതീര്‍പ്പിന്റെ ഭാഗമായി കലാനിധി മാരന്‍ 800 കോടി രൂപ ദയാനിധി മാരന് നല്‍കി.അടുത്തവര്‍ഷം തമിഴ്നാട് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് സ്റ്റാലിന്‍ അന്ത്യശാസനം നല്‍കുകയായിരുന്നു. സ്റ്റാലിനാണ് ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ദ്രാവിഡനേതാവ് വീരമണി എന്നിവരെ ഇതിനായി നിയോഗിച്ചു. ഇത്തരത്തില്‍ മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയാണ് തര്‍ക്കം പരിഹരിച്ചത്.
800 കോടി രൂപ കലാനിധി മാരന്‍ ദയാനിധി മാരന് നല്‍കി. കൂടാതെ ചെന്നൈയിലെ ഏറ്റവും പ്രധാനപ്പെട്ട പോര്‍ട്ട് ക്ലബ് പ്രദേശത്ത് ഒരേക്കര്‍ ഭൂമിയും ദയാനിധി മാരന് നല്‍കി. ഏകദേശം നൂറു കോടി മൂല്യം വരുന്നതാണ് ഈ ഭൂമി.സണ്‍ ടിവി ഗ്രൂപ്പിന്റെ ആയിരക്കണക്കിന് കോടിരൂപ വിലമതിക്കുന്ന ലക്ഷക്കണക്കിന് ഓഹരികള്‍ നിയമങ്ങള്‍ ലംഘിച്ച് കലാനിധി മാരന്‍ തട്ടിയെടുത്തെന്നായിരുന്നു ആരോപണം.മാരന്‍ കുടുംബത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സ്റ്റാലിന്‍ നേരത്തേയും മധ്യസ്ഥത വഹിച്ചിട്ടുണ്ട്.
കരുണാനിധിയുടെ മൂത്തമകന്‍ എം.കെ. അഴഗിരിയും മാരന്‍ സഹോദരന്മാരും തമ്മില്‍ 2008-ല്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ സ്റ്റാലിന്‍ മധ്യസ്ഥ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നു.വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന് കാട്ടി കലാനിധി മാരന്‍, ഭാര്യ കാവേരി മറ്റ് ഏഴുപേര്‍ എന്നിവര്‍ക്കെതിരേ ദയാനിധി ചെന്നൈയിലെ നിയമസ്ഥാപനം മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്.
2003-ല്‍ മുരസൊലി മാരന്റെ മരണശേഷം കലാനിധി സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ 3500 കോടി മതിക്കുന്ന ഓഹരികള്‍ സ്വന്തംപേരിലേക്കുമാറ്റിയെന്നും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) ലംഘനമാണിതെന്നും അതിനാല്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്(എസ്എഫ്ഐഒ) അന്വേഷിക്കണമെന്നുമായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയത്.
മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, മുരസൊലി മാരന്റെ ഭാര്യ മല്ലിക എന്നിവരായിരുന്നു സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ ആദ്യ മാതൃകമ്പനിയായ സുമംഗലി പബ്ലിക്കേഷന്‍സിന്റെ (1985) പ്രൊമോട്ടര്‍മാര്‍. അതില്‍ 50 ശതമാനം വീതമായിരുന്നു ഇരുവര്‍ക്കും ഓഹരി പങ്കാളിത്തം. 2003-ല്‍ ദയാലു അമ്മാളുടെ അനുമതിപോലും വാങ്ങാതെയായിരുന്നു കലാനിധി മാരന്‍ 60 ശതമാനം ഓഹരികള്‍ സ്വന്തംപേരിലേക്ക് മാറ്റിയതെന്നും ദയാനിധി ആരോപിച്ചു.
കലാനിധി മാരനും ഭാര്യ കാവേരിയും 2003 മുതല്‍ ഇന്നുവരെ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ മുഴുവന്‍ ആനുകൂല്യങ്ങളും ലാഭവിഹിതവും ആസ്തികളും കാലതാമസമില്ലാതെ എംകെ ദയാലു അമ്മാള്‍ക്കും മാരന്റെ നിയമപരമായ അവകാശികള്‍ക്കും നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍മുഖ്യമന്ത്രി എം. കരുണാനിധിയുടെ സഹോദരി ഷണ്‍മുഖ സുന്ദരാമ്മാളുടെ മകനാണ് മുരസൊലി മാരന്‍.