പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനുള്ള നീക്കം പൊളിഞ്ഞ സാന്ദ്ര തോമസ് എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കുന്നത് റിക്കോര്‍ഡ് ഭൂരിപക്ഷം ലാക്കാക്കി; വിനയനും ശശിക്കുമായി വോട്ട് ഭിന്നിക്കുമ്പോള്‍ ജയിച്ചു കയറാമെന്ന് പ്രതീക്ഷയില്‍ ലിസ്റ്റിന്‍; പ്രസിഡന്റ് സ്ഥാനത്ത് രാകേഷിന് മുന്‍തൂക്കം; ആദ്യമായി മത്സരിക്കുന്ന ജോബി ജോര്‍ജ് ഉറച്ച വിജയ പ്രതീക്ഷയില്‍: പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഇന്ന്

Update: 2025-08-14 05:22 GMT

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പൊടിപാറും. വ്യാഴാഴ്ച എറണാകുളം ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടക്കും. 21 അംഗ ഭരണസമിതിയിലേക്ക് 39 സ്ഥാനാര്‍ഥികളാണുള്ളത്. പകല്‍ രണ്ടുമുതല്‍ 5.30 വരെയാണ് വോട്ടെടുപ്പ്. തുടര്‍ന്ന് ഫലപ്രഖ്യാപനം. 312 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനുള്ള നീക്കം പൊളിഞ്ഞ സാന്ദ്ര തോമസ് എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കുന്നത് റിക്കോര്‍ഡ് ഭൂരിപക്ഷം ലാക്കാക്കിയാണ്. സെക്രട്ടറി സ്ഥാനത്തേക്ക് വിനയനും കല്ലിയൂര്‍ ശശിക്കുമായി വോട്ട് ഭിന്നിക്കുമ്പോള്‍ ജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പ്രസിഡന്റ് സ്ഥാനത്ത് രാകേഷിന് മുന്‍തൂക്കമുണ്ട്. ആദ്യമായി മത്സരിക്കുന്ന ജോബി ജോര്‍ജിന് ഉറച്ച വിജയ പ്രതീക്ഷയിലുമാണ്.

പ്രസിഡന്റ് സ്ഥാനത്തേക്ക് ബി രാകേഷ്, സജി നന്ത്യാട്ട് എന്നിവരും സെക്രട്ടറി സ്ഥാനത്തേക്ക് കല്ലിയൂര്‍ ശശി, ലിസ്റ്റിന്‍ സ്റ്റീഫന്‍, വിനയന്‍ എന്നിവരുമാണ് മത്സരിക്കുന്നത്. കൂടാതെ ട്രഷറര്‍, 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി, രണ്ടുവീതം വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കുമാണ് മത്സരം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി സാന്ദ്ര സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ബൈലോ പ്രകാരം നിര്‍ദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളിയത്. പക്ഷേ എക്‌സിക്യൂട്ടീവിലേക്ക് മത്സരിക്കാന്‍ സാന്ദ്രയ്ക്കായി. വിനയനും സജി നന്ത്യാട്ടും സാന്ദ്രയെ പിന്തുണയ്ക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്ത് രാകേഷാണ് ഔദ്യോഗിക പക്ഷ സ്ഥാനാര്‍ത്ഥി. എന്നാല്‍ അട്ടിമറിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സജി നന്ത്യാട്ട്. കടുത്ത മത്സരമാണ് സെക്രട്ടറി സ്ഥാനത്തേക്കുള്ളത്. പാവം ഇമേജിന്റെ പിന്‍ബലം കല്ലിയൂരിനുണ്ട്. കരുത്താനായ സംഘാടകനാണ് വിനയന്‍. ഔദ്യോഗിക പക്ഷത്താണ് ലിസ്റ്റിന്‍. ഈ സാഹചര്യത്തില്‍ പ്രവചനം അസാധ്യമാണ്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്ര തോമസ് സമര്‍പ്പിച്ച ഉപഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു. എന്നാല്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള പത്രിക തള്ളിയതിനെതിരായ സാന്ദ്രയുടെ പ്രധാന ഹര്‍ജിയില്‍ കോടതി പിന്നീട് വിശദ വാദം കേള്‍ക്കും. ഈ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാന സ്ഥാനങ്ങളിലേക്ക് സാന്ദ്രയ്ക്ക് മത്സരിക്കാനാകില്ല. വരണാധികാരിയുടെ നിയമനം റദ്ദാക്കണം, തിരഞ്ഞെടുപ്പിന് കോടതി മേല്‍നോട്ടം വേണം, കേസില്‍ തീര്‍പ്പാകും വരെ ഫലം പുറത്ത് വിടരുത് എന്നീ ഇടക്കാല ആവശ്യങ്ങളാണ് തള്ളിയത്. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് സാന്ദ്ര നല്‍കിയ പത്രികകള്‍ വരണാധികാരി തള്ളിയിരുന്നു. നിര്‍മ്മാതാവെന്ന നിലയില്‍ രണ്ട് സിനിമകള്‍ മാത്രമാണ് സാന്ദ്രയുടെ പേരിലുള്ളതെന്ന കാരണത്താലാണിത്. എന്നാല്‍ താന്‍ സംയുക്തമായി നിര്‍മ്മിച്ച സിനിമകള്‍ വേറെയുമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.

പ്രധാനപ്പെട്ട എല്ലാ സ്ഥാനങ്ങളിലേക്കും വാശിയേറിയ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ബി രാഗേഷിന്റേ നേതൃത്വത്തിലുള്ള പാനലും വിനയന്റെ നേതൃത്വത്തിലുള്ള പാനലും തമ്മിലുള്ള മത്സരമാണ് പ്രധാനമായും അരങ്ങേറുന്നത്. നിലവിലുള്ള സെക്രട്ടറിയാണ് ബി രാകേഷ്. ചേമ്പറിന്റെ ഭാരവാഹിയായിരുന്ന സജി നന്ത്യാട്ടാണ് എതിര്‍ പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയുമായാണ് ഇത്തവണ അസോസിയേഷന്റെ ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുന്നത്. പോസ്റ്ററുകളും അഭ്യര്‍ത്ഥനകളും തയ്യാറാക്കിയുള്ള വോട്ടുതേടലും തിരഞ്ഞെടുപ്പ് പ്രചരണങ്ങളും തകൃതിയായി നടക്കുകയാണ്. വിവിധ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ വോട്ടര്‍മാരെ പരമാവധി നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥന നടത്തുന്നുണ്ട്. സാന്ദ്രാ തോമസുമായുണ്ടായ തര്‍ക്കമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിനെ വിവാദത്തിലേക്കാണ് തള്ളിവിട്ടത്. സാന്ദ്രയെ അനുകൂലിച്ച് രംഗത്തെത്തിയ നിര്‍മാതാവ് സജി നന്ത്യാട്ട് കഴിഞ്ഞ ദിവസം ഫിലിം ചേമ്പര്‍ ഭാരവാഹിത്വം രാജിവച്ചിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോഫിയ പോള്‍, സന്ദീപ് സേനന്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. ജോയിന്റ് സെക്രട്ടറിയാകാന്‍ എം എം ഹംസ, ആല്‍വിന്‍ ആന്റണി, വിശാഖ് സുബ്രമണ്യന്‍ എന്നിവരും മത്സരിക്കുന്നു. ട്രഷറര്‍ സ്ഥാനത്തിനായി മഹാ സുബൈര്‍, സജി നന്ത്യാട്ട് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. 14 അംഗ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് 26 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരിക്കുന്നത്. ഇതില്‍ സാന്ദ്ര തോമസ്, ഷീല കുര്യന്‍, ഷെര്‍ഗ സന്ദീപ് എന്നീ മൂന്ന് സ്ത്രീകളുണ്ട്.

Tags:    

Similar News