വിമാനം കെ എസ് ആര്‍ ടി സി ബസ്സല്ല; ലാന്‍ഡ് ചെയ്യും മുമ്പേ ഇറങ്ങാന്‍ വെപ്രാളം; സീറ്റ് ബെല്‍റ്റ് നേരത്തെ ഊരി പുറത്തേക്ക് കുതിക്കാനായി എഴുന്നേറ്റാല്‍ ഇനി പണി കിട്ടും; വെപ്രാളക്കാരെ പിടികൂടി പിഴയിടാന്‍ വിമാന കമ്പനികള്‍; തുടക്കമിട്ട് തുര്‍ക്കി എയര്‍ലൈന്‍സ്

വെപ്രാളക്കാരെ പിടികൂടി പിഴയിടാന്‍ വിമാന കമ്പനികള്‍

Update: 2025-05-23 10:44 GMT

ഇസ്താംബുള്‍: വിമാനയാത്രക്കാര്‍ സ്ഥിരമായി കാണുന്ന ഒരു കാഴ്ചയുണ്ട്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുമ്പ് സീറ്റുബെല്‍റ്റുകള്‍ ഊരിമാറ്റി എഴുന്നേറ്റ് നിന്ന് പുറത്തേക്ക് കുതിക്കാന്‍ തയ്യാറാകുന്ന യാത്രക്കാരുടെ നിര. ഇത് വിമാനത്തെ സബന്ധിച്ചും യാത്രക്കാര്‍ക്കും അങ്ങേയറ്റം അപകടകരമായ ഒരു കാര്യമാണ് എന്ന് നമ്മളില്‍ എത്ര പേര്‍ക്കറിയാം.

ഇനി മുതല്‍ ഈ വെപ്രാള രോഗികള്‍ക്ക് പിഴ ശിക്ഷ നല്‍കാന്‍ ഒരുങ്ങുകയാണ് ചില വിമാനക്കമ്പനികള്‍. തുര്‍ക്കി എയര്‍ലൈന്‍സ്

ആണ് ഇതിന് തുടക്കമിടുന്നത്. അമ്പത് പൗണ്ട് വരെ പിഴയിടാനാണ് വിമനാനക്കമ്പനി തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സീറ്റ് ബെല്‍റ്റ് നേരത്തെ ഊരിവെക്കുകയും വിമാനം ടെര്‍മിനലില്‍ എത്തുന്നതിന് മുമ്പ് എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യുന്ന ആളുകള്‍ക്കാണ് ഈ പിഴ നല്‍കേണ്ടി വരുന്നത്.

സീറ്റ് ബെല്‍റ്റുകള്‍ ധരിക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കുന്നത് വരെ അത് ഇനി മുതല്‍ ഊരാന്‍ പാടുളളതല്ല. യാത്രക്കാര്‍ ഇറങ്ങേണ്ട സമയമാകുമ്പോള്‍ മാത്രമേ എഴുന്നേറ്റു നില്‍ക്കാവൂ എന്നും തുര്‍ക്കി സിവില്‍ ഏവിയേഷന്‍ അതോറിറ്റി യാത്രക്കാരോട് ആവശ്യപ്പെടുകയാണ്. നിയമം അനുസരിച്ച്, യാത്രക്കാര്‍ പാര്‍ക്കിംഗ് സ്ഥാനത്ത് എത്തുന്നതുവരെ ലാന്‍ഡിംഗിനിടയിലും ശേഷവും സീറ്റ് ബെല്‍റ്റ് ഉറപ്പായും ധരിക്കണം.

ഇക്കാര്യത്തില്‍ എന്തെങ്കിലും നിയമലംഘനം ഉണ്ടായാല്‍ വിമാനക്കമ്പനി വ്യോമയാന അതോറിറ്റിയെ അറിയിക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നാണ് ഒരു ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി അറിയിക്കുന്നത്. 130 ഓളം രാജ്യങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനക്കമ്പനിയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സ്. മറ്റ് പല വിമാനക്കമ്പനികളും ഇക്കാര്യത്തില്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ പാത പിന്തുടരാനാണ് സാധ്യത.

എന്നാല്‍ യാത്രക്കാരില്‍ ചിലര്‍ തങ്ങളുടെ ഭാഗവും ന്യായീകരിക്കുകയാണ്. ദീര്‍ഘദൂര യാത്ര കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോള്‍ കാലുകള്‍ നിവര്‍ത്തുന്നതിന് വേണ്ടിയാണ് തങ്ങള്‍ എണീറ്റ് നില്‍ക്കുന്നതെന്നാണ് ഇവരുടെ വാദം. യാത്രക്കാര്‍ക്ക് പൂര്‍ണ്ണമായും ഇരിക്കാതെ ഒരു കോണില്‍ ചാരിയിരിക്കാന്‍ അനുവദിക്കുന്ന ബൈക്ക്-സ്റ്റൈല്‍ പാഡഡ് സീറ്റുകള്‍ വേണമെന്നാണ് ചില യാത്രക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. സ്‌കൈറൈഡര്‍ 2.0 എന്നാണ് ഇതിന്റെ പേര്. ഹാംബര്‍ഗില്‍ നടന്ന എയര്‍ക്രാഫ്റ്റ് ഇന്റീരിയര്‍ എക്സ്പോ 2018 ലാണ് ഇത് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഈ സീറ്റുകള്‍ ഉള്ള വിമാനത്തിന് യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധിപ്പിക്കാനും കഴിയും.


Tags:    

Similar News