സ്വകാര്യ ജെറ്റ് യാത്രയ്ക്കിടെ മദ്യപാനം; പിന്നീട് സിഗരറ്റ് കത്തിച്ചും വലിച്ചു; പരിഭ്രാന്തരായ ഫ്‌ലൈറ്റ് അറ്റന്‍ഡര്‍മാര്‍ അതിവേഗം സിഗരറ്റ് കെടുത്താനും ആവശ്യപ്പെട്ടു; അമേരിക്കന്‍ പോപ് ഗായികയെ യാത്ര തീര്‍ന്നപ്പോള്‍ താക്കീത് ചെയ്തുവെന്നും റിപ്പോര്‍ട്ട്; ബ്രിട്‌നി സ്പിയേഴ്സ് വീണ്ടും വിവാദത്തില്‍
ന്യുയോര്‍ക്ക്: ലോകമൊട്ടാകെ ആരാധകരുള്ള അമേരിക്കന്‍ പോപ്പ് താരമാണ് ബ്രിട്‌നി സ്പിയേഴ്സ്. സംഗീതം മാത്രമല്ല ബ്രിട്‌നിയുടെ വ്യക്തിജീവതവും വലിയ രീതിയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത് പതിവാണ്. വീണ്ടും അത്തരത്തിലൊരു വിവാദം. പ്രൈവറ്റ് ജെറ്റിലെ ബ്രിട്‌നി സ്പീയേഴ്‌സിന്റെ സിഗരറ്റ് വലിയും മദ്യാപനവുമാണ് പ്രശ്‌നമായത്. 43 കാരിയായ പോപ്പ് ഐക്കണ്‍, മെക്‌സിക്കോയിലെ കാബോ സാന്‍ ലൂക്കാസില്‍ നിന്ന് ലാക്‌സിലേക്ക് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പറക്കുന്നതിനിടെ മദ്യപിക്കാന്‍ തുടങ്ങി, തുടര്‍ന്ന് ഒരു സിഗരറ്റ് കത്തിച്ച് വലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകള്‍ 'പരിഭ്രാന്തരായി സിഗരറ്റ് കെടുത്താന്‍ ഉത്തരവിട്ടു' എന്നും ഗായിക അത് അനുസരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. സ്പിയേഴ്‌സ് വിമാനയാത്രയ്ക്കിടെ 'ബുദ്ധിമുട്ടുള്ള' രീതിയില്‍ പെരുമാറിയതായും വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍, അധികാരികള്‍ പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി' എന്നും പിന്നീട് പോകാന്‍ അനുവദിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രചരിക്കുന്ന വിവാദം സ്വകാര്യ വിമാന സര്‍വ്വീസ് കമ്പനി അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.
ഒരു ഹോട്ടലില്‍നിന്ന് അര്‍ധനഗ്‌നയായി ചെരുപ്പുകളിടാതെ ഗായിക പുറത്തുവരുന്ന ഒരു ചിത്രം 2024ല്‍ വലിയ ചര്‍ച്ചയായി. തലയണയും പുതപ്പും ഉപയോഗിച്ച് ബ്രിട്നി ശരീരം മറക്കാന്‍ ശ്രമിക്കുന്നുണ്ട്. കാമുകന്‍ പോള്‍ റിച്ചാര്‍ഡുമായുള്ള വഴക്കിന് ശേഷം ബ്രിട്നി പുറത്തുവന്ന ചിത്രമാണെന്നും മെഡിക്കല്‍ സേവനം തേടിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രം വലിയ ചര്‍ച്ചയായതോടെ ബ്രിട്നി തന്നെ വിശദീകരണവുമായി രംഗത്ത് വന്നു. ഇത് വാസ്തവവിരുദ്ധമാണെന്നാണ് ബ്രിട്നി പറഞ്ഞു. 'ഇത് വ്യാജമാണ്. ഓരോ ദിവസം പിന്നിടും തോറും ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. സത്യം എല്ലായ്പ്പോഴും അപ്രിയമാണ്. ആര്‍ക്കെങ്കിലും നുണ പറയാന്‍ എന്നെ പഠിപ്പിക്കാന്‍ സാധിക്കുമോ? ആര്‍ത്തവകാലത്ത് നിയന്ത്രണം വിടുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍. കഴിഞ്ഞ ദിവസം എന്റെ കാലിന്റെ കുഴ തെറ്റി. അപ്പോഴാണ് പാരാമെഡിക്കല്‍ സര്‍വീസ് എന്റെ വാതില്‍ക്കല്‍ നിയമവിരുദ്ധമായി വന്നത്. എനിക്കതൊരു ബുദ്ധിമുട്ട് പോലെ തോന്നി'- ബ്രിട്നി കുറിച്ചത് ഇങ്ങനെയായിരുന്നു. ഇതിന് സമാനമായി പലവിധ വിവാദങ്ങള്‍ ഈ ഗായിക ഉണ്ടാക്കിയിട്ടുണ്ട്. പിതാവ് ജെയ്മി സ്പിയേഴ്‌സിനെ രക്ഷാകര്‍ത്തൃസ്ഥാനത്തുനിന്ന് നീക്കാന്‍ 13 വര്‍ഷം നിയമപോരാട്ടം നടത്തിയത് വലിയ വാര്‍ത്താപ്രാധാന്യം സൃഷ്ടിച്ചിരുന്നു. മാനസിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ബ്രിട്‌നിയുടെ രക്ഷാകര്‍ത്തൃസ്ഥാനത്ത് പിതാവിനെ നിയമിച്ചിരുന്നത്. കേസില്‍ ജയിച്ച ശേഷം ബ്രിട്‌നിയുടെ ഓര്‍മക്കുറിപ്പുകള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു. പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍ 112.13 കോടി രൂപയാണ് ഗായികയ്ക്ക് കരാര്‍ ഇനത്തില്‍ നല്‍കിയത്.
താന്‍ വീണ്ടും വിവാഹംകഴിച്ചെന്ന് പ്രഖ്യാപിക്കുകയും ഞെട്ടിക്കുകയും ചെയ്ത ഗായികയാണ് ബ്രിട്‌നി സ്പിയേഴ്‌സ്. 2024 നവംബറില്‍ ഗായിക ബ്രിട്‌നി വിവാഹം കഴിച്ചിരിക്കുന്നത് അവരെത്തന്നെയായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് താന്‍ വീണ്ടും വിവാഹിതയായെന്നകാര്യം ബ്രിട്‌നി സ്പിയേഴ്‌സ് വെളിപ്പെടുത്തിയത്. വെളുത്ത സാറ്റിന്‍ വെഡ്ഡിങ് ഗൗണാണ് ഗായിക ധരിച്ചിരിക്കുന്നത്. ഒപ്പം ഒരു മൂടുപടവും. 'ഞാന്‍ എന്നെത്തന്നെ വിവാഹം കഴിച്ച ദിവസം. അത് ലജ്ജാകരമോ മണ്ടത്തരമോ ആയി തോന്നിയേക്കാം. പക്ഷേ ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും ബുദ്ധിപരമായ കാര്യമാണിതെന്ന് ഞാന്‍ കരുതുന്നു.' വീഡിയോക്കൊപ്പം ഗായിക കുറിച്ചതിങ്ങനെയാണ്. മൂന്നുതവണ ബ്രിട്‌നി സ്പിയേഴ്‌സ് വിവാഹിതയായിട്ടുണ്ട്. 2004-ല്‍ ജേസണ്‍ അലക്സാണ്ടറുമായിട്ടായിരുന്നു ആദ്യ വിവാഹം. എന്നാല്‍ വെറും 55 മണിക്കൂറിനുള്ളില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അതേ വര്‍ഷംതന്നെ ഗായകന്‍ കെവിന്‍ ഫെഡറലിനെ ബ്രിട്ട്നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. മൂന്നു വര്‍ഷത്തിന് ശേഷം 2007-ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇതിനുശേഷം നടനും മോഡലുമായ സാം അസ്ഖാരിയേയാണ് അവര്‍ വിവാഹംകഴിച്ചത്. ബ്രിട്ട്നിയേക്കാള്‍ 12 വയസ്സ് ഇളയതാണ് സാം. 2023ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.
സാമുമായുള്ള ബ്രിട്ട്നിയുടെ വിവാഹം അലങ്കോലമാക്കാന്‍ ആദ്യ ഭര്‍ത്താവ് ജേസണ്‍ ശ്രമിച്ചിരുന്നു. കാലിഫോര്‍ണിയയിലെ വിവാഹവേദിയിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ ബഹളംവെയ്ക്കുകയായിരുന്നു.13 വര്‍ഷങ്ങള്‍ നീണ്ട രക്ഷാകര്‍തൃ ഭരണത്തില്‍ നിന്ന് 2021 ഒക്ടോബറിലാണ് ബ്രിട്‌നി സ്പിയേഴ്‌സ് മോചനം നേടിയത്. 2008 മുതല്‍ ബ്രിട്‌നിയുടെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് പിതാവ് ജാമി സ്പിയേഴ്‌സ് ആയിരുന്നു. മകള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തു എന്നായിരുന്നു ജാമിയുടെ വാദം. എന്നാല്‍ കാമുകനില്‍ നിന്ന് താന്‍ ഗര്‍ഭിണി ആകാതിരിക്കാനായി പിതാവ് മരുന്നുകള്‍ കഴിപ്പിച്ചിരുന്നുവെന്നും ബ്രിട്‌നി ആരോപിച്ചിരുന്നു. തുടര്‍ന്ന് തന്റേയും തന്റെ സ്വത്തുക്കളുടേയും നിയന്ത്രണം തനിക്ക് തന്നെ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗായിക കോടതിയെ സമീപിക്കുകയായിരുന്നു. താരത്തിന് അനുകൂലമായി കോടതി വിധിയും വന്നു.