ആശിച്ച് മോഹിച്ച് ബുക്ക് ചെയ്താല്‍ കിട്ടുക വെയിലും മഴയും കൊണ്ട് ദ്രവിച്ച സൈബര്‍ട്രക്കുകള്‍; കയ്യില്‍ കിട്ടിയാല്‍ അറ്റകുറ്റപ്പണി ചെയ്ത് കീശ കീറും; പരാതികള്‍ ഏറിയതോടെ വില്‍പ്പന കുത്തനെ ഇടിയുന്നു; ഇലോണ്‍ മസ്‌കിന്റെ ടെസ്ല എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക്
മസ്‌കിന്റെ ടെസ്ല എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക്
വാഷിങ്ടണ്‍: ശതകോടീശ്വരനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവുമായ ഇലോണ്‍ മസ്‌ക്കിന്റെ വാഹന നിര്‍മ്മാണ കമ്പനിയായ ടെസ്ല പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് കുതിക്കുകയാണ്. കമ്പനിയുടെ ഇലക്ട്രിക്ക് കാറുകളെ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ടെസ്ലയുടെ സൈബര്‍ട്രക്കുകള്‍ വാങ്ങിയവരാണ് വെട്ടിലായിരിക്കുന്നത്.
വെയിലും മഴയും കൊണ്ട് ആകെ ദ്രവിച്ച വണ്ടികളാണ് പലര്‍ക്കും ലഭിച്ചിരിക്കുന്നത്. റെസാ സോളാന്റി എന്ന വ്യക്തി കഴിഞ്ഞ മാസം 25 നാണ് ടെസ്ലയുടെ ഒരു സൈബര്‍ട്രക്കിന് ബുക്ക് ചെയ്തത്. വളരെ പെട്ടെന്ന് തന്നെ വാഹനം ഡെലിവറി ചെയ്യാന്‍ റെഡിയായി എന്ന അറിയിപ്പ് അദ്ദേഹത്തിന് ലഭിക്കുന്നു. ഇത്രയും പെട്ടെന്ന് എങ്ങനെയാണ് വാഹനം റെഡിയായത് എന്ന ചോദ്യത്തിന് ജീവനക്കാരന്‍ നല്‍കിയ മറുപടി ഈ വര്‍ഷം ജനുവരി എട്ടിന് തന്നെ വാഹനം ഫാക്ടറിയില്‍ നിന്ന് പുറപ്പെട്ടു എന്നായിരുന്നു.
അതായത് കഴിഞ്ഞ നാല് മാസത്തിലധികമായി വാഹനം വെയിലും മഴയും മഞ്ഞും ഏറ്റ് ഷോറൂമിന്റെ യാര്‍ഡില്‍ കിടക്കുകയായിരുന്നു എന്ന് ചുരുക്കം. ഇത്തരത്തില്‍ ഇലക്ട്രിക്ക് വാഹനം വെറുതേ കിടക്കുകയാണെങ്കില്‍ അതിന്റെ നിരവധി ഭാഗങ്ങള്‍ക്ക് തകരാറ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് സോളാന്റി പറയുന്നത്. ടെസ്ലയുടെ സൈബര്‍ ട്രക്കുകള്‍ക്ക് വലിയ തോതിലുള്ള അറ്റകുറ്റ പണികളാണ് ഇപ്പോള്‍ ആവശ്യമായി വരുന്നത്.
ടെസ്ലക്കെതിരെ പ്രത്യേകിച്ച് ഉടമയായ ഇലോണ്‍ മസ്‌ക്കിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ ഉയരുന്നത്. ട്രംപിന്റെ ഉപദേഷ്ടാവ് എന്ന നിലയിലുള്ള മസ്‌ക്കിന്റെ പ്രവൃത്തികളും വലിയ തോതിലുള്ള ജനരോഷം ക്ഷണിച്ചു വരുത്തിയിരുന്നു. ടെസ്ലയുടെ ആയിരക്കണക്കിന് വാഹനങ്ങളാണ് വിറ്റുപോകാതെ ഇപ്പോഴും പല സ്ഥലങ്ങളിലും കെട്ടിക്കിടക്കുന്നത്.
2023 അവസാനത്തോടെ ടെസ്ലയുടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാനായി പത്ത് ലക്ഷത്തിലധികം പേരാണ് ബുക്ക് ചെയ്തിരിക്കുന്നത് എന്നായിരുന്നു മസ്‌ക്ക് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ സൈബര്‍ ട്രക്കുകള്‍ പുറത്തിറങ്ങിയതിന് ശേഷം നാല്‍പ്പത്തിയാറായിരം വാഹനങ്ങള്‍ മാത്രമാണ് വിറ്റുപോയതെന്നാണ് പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ വെളിപ്പെടുത്തിയത്.
2025 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇതിന്റെ വില്‍പ്പന കൂടുതല്‍ കുറഞ്ഞു. കഴിഞ്ഞ പാദത്തില്‍ ഇത് 12,991 യൂണിറ്റുകളായിരുന്നു വിറ്റുപോയത്. എങ്കില്‍ ഇപ്പോള്‍ ഇത് 6,406 യൂണിറ്റുകളായി കുറഞ്ഞു. വാഹനങ്ങളുടെ സൈഡ് പാനലിന്റെ പ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ മാര്‍ച്ചില്‍ കമ്പനി
ഡെലിവറികള്‍ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് പല സൈബര്‍ ട്രക്കുകളും ടെസ്ല തിരികെ വിളിക്കുകയായിരുന്നു. നിര്‍മ്മാണം ആരംഭിച്ച് 15 മാസത്തിനിടെ ഇത് എട്ടാമത്തെ തവണയാണ് കമ്പനി സൈബര്‍ ട്രക്കുകള്‍ തിരികെ വിളിക്കുന്നത്.
ഒരു മാസം മുമ്പ്, സ്റ്റിയറിംഗ് പ്രശ്‌നം കാരണം കമ്പനി 375,000 വാഹനങ്ങള്‍ കൂടി തിരിച്ചുവിളിച്ചു. കമ്പനിയുടെ ഫാക്ടറികള്‍ക്ക് പുറത്ത് വില്‍ക്കപ്പെടാതെ കിടക്കുന്ന ആയിരക്കണക്കിന് വാഹനങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. ചൈനയില്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന 18 ശതമാനത്തിലധികം കുറഞ്ഞു. യുകെ വില്‍പ്പന 62 ശതമാനവും ജര്‍മ്മന്‍ വില്‍പ്പന 46 ശതമാനവും കുറഞ്ഞു.