മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ സാഹസിക വിനോദങ്ങള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം മറികടന്ന് ഇരുട്ടുകാനത്ത് ലംബോദരന് സിപ്പ് ലൈന്‍ പ്രവര്‍ത്തിപ്പിച്ചു; കര്‍ശന നടപടിയുമായി ഇടുക്കി കളക്ടര്‍; എംഎം മണിയുടെ സഹോദരനെതിരെ കേസ്; വിശദ അന്വേഷണം നടക്കും
അടിമാലി: ഇടുക്കി ജില്ലാ കലക്ടറുടെ നിരോധനം ലംഘിച്ച് സിപ്ലൈന്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ കേസ്. വില്ലേജ് ഓഫിസര്‍ നല്കിയ പരാതിയില്‍ ഹൈറേഞ്ച് സിപ്ലൈന്‍ പ്രോജക്ട് എന്ന സ്ഥാപനത്തിനെതിരെയാണ് അടിമാലി പൊലീസ് കേസെടുത്തത്.
എം.എം.മണി എംഎല്‍എയുടെ സഹോദരന് എം.എം.ലംബോദരനാണ് സ്ഥാപനത്തിന്റെ ഉടമ. അടിമാലി-മൂന്നാര്‍ പാതയില്‍ ഇരുട്ടുകാനത്താണു ലംബോദരന് നടത്തിവരുന്ന സിപ്ലൈന്‍. റോഡിന്റെ ഒരു വശത്തെ സിപ്ലൈന്‍ സ്റ്റേഷനില്‍നിന്ന് അടുത്ത മലയിലേക്കു കേബിളിലൂടെ യാത്ര ചെയ്യുന്നതാണു പദ്ധതി. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളില്‍ സാഹസിക വിനോദങ്ങള്‍ പാടില്ലെന്നു ജില്ലാ ഭരണകൂടം ഉത്തവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസ്. അതിനിടെ നിയന്ത്രണങ്ങള്‍ നീക്കിയെന്ന വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണു കേന്ദ്രം തുറന്നതെന്നു ലംബോദരന് പ്രതികരിച്ചു.
കലക്ടറുടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് വിനോദസഞ്ചാര കേന്ദ്രം തുറന്നതാണ് കേസാകുന്നത്. കലക്ടറുടെ നിര്‍ദേശ പ്രകാരം ആനവിരട്ടി വില്ലേജ് ഓഫിസര്‍ ലംബോദരന്റെ സിപ്ലൈന്‍ വിനോദസഞ്ചാരകേന്ദ്രം അടപ്പിച്ചിരുന്നു. പിന്നാലെ വില്ലേജ് ഓഫിസര്‍ നല്കിയ പരാതിയില്‍ ഹൈറേഞ്ച് സിപ്ലൈന്‍ പ്രോജക്ട് എന്ന സ്ഥാപനത്തിനെതിരെ അടിമാലി പൊലീസ് കേസെടുത്തു. മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ സാഹസിക വിനോദങ്ങള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം മറികടന്നാണ് ഇരുട്ടുകാനത്ത് ലംബോദരന് സിപ്പ് ലൈന്‍ പ്രവര്‍ത്തിപ്പിച്ചത്.
ആയിരത്തോളം സഞ്ചാരികളാണ് രണ്ടുദിവസമായി അപകടം മനസ്സിലാക്കാതെ ഇവിടെക്കൊഴുകിയത്. ഇത് വാര്‍ത്തയായതിന് പിന്നാലെ വിഷയം അടിയന്തരമായി അന്വേഷിക്കാന്‍ കലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ദേശീയപാതകക്ക് സമീപം നിയമാനുസൃതമായാണോ ലമ്പോദരന്റെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും പരിശോധിക്കും.