വന്ദേ ഭാരതിന്റെ മേല്‍ക്കൂര ചോര്‍ന്നു; കുതിച്ചൊഴുകിയെത്തി വെള്ളം; നനഞ്ഞൊലിച്ച് യാത്രക്കാര്‍; എസിയില്ലാതെ ദുരിതയാത്ര; ദൃശ്യങ്ങള്‍ പങ്കുവെച്ച് പരാതിയുമായി യുവാവ്; പ്രതികരിച്ച് റെയില്‍വെ

വന്ദേ ഭാരതിന്റെ മേല്‍ക്കൂര ചോര്‍ന്നു

Update: 2025-06-24 16:21 GMT

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനിന്റെ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ചോര്‍ന്നൊലിച്ചതോടെ വലഞ്ഞ് യാത്രക്കാര്‍. വരാണസി - ന്യൂഡല്‍ഹി വന്ദേഭാരത് എക്‌സ്പ്രസില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒരു യാത്രക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ട്രെയിനിന്റെ മേല്‍ക്കൂരയില്‍നിന്ന് വെള്ളം കുതിച്ചൊഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ദര്‍ശില്‍ മിശ്ര എന്ന അവസാന വര്‍ഷ ഫിസിക്കല്‍ തെറാപ്പി വിദ്യാര്‍ഥി രംഗത്തെത്തിയിരിക്കുന്നത്.

അതീവ ദുഷ്‌കരമായ അവസ്ഥയായിരുന്നു യാത്രയിലെന്നും പലതവണ പരാതി പറഞ്ഞിട്ടും റെയില്‍വെ ജീവനക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ദര്‍ശില്‍ മിശ്ര എന്ന യാത്രക്കാരന്‍ എക്‌സില്‍ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ആരോപിച്ചു. ട്രെയിനിലെ സീലിങിലെ വെന്റുകളില്‍ നിന്ന് വെള്ളം താഴേക്ക് വീഴുന്നതാണ് പുറത്തുവന്ന വീഡിയോ ക്ലിപ്പിലുള്ളത്.

തിങ്കളാഴ്ച വാരണസിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള സി 7 കോച്ചിലെ യാത്രയ്ക്കിടെയാണ് തീവണ്ടിയുടെ മേല്‍ക്കൂരയില്‍നിന്ന് വലിയതോതില്‍ വെള്ളം ഒഴുകിയത്. എട്ടുമണിക്കൂര്‍ നീണ്ട യാത്രയില്‍ തനിക്കും മറ്റ് യാത്രക്കാര്‍ക്കും നനഞ്ഞാണ് യാത്രചെയ്യേണ്ടി വന്നതെന്ന് ദര്‍ശില്‍ മിശ്ര പറയുന്നു.

'ഇന്ത്യയിലെ ആധുനിക റെയില്‍ യാത്രയുടെ പ്രതീകമായി വിശേഷിപ്പിക്കപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് സുഖവും കാര്യക്ഷമതയും പ്രദാനം ചെയ്യുന്നു. എന്നാലും, ഇത്തരം സംഭവങ്ങള്‍ അതിന്റെ പ്രശസ്തിയെ തകര്‍ക്കുന്നു. അറ്റകുറ്റപ്പണികളിലെ ഗുരുതരമായ വീഴ്ചയാണ് ഇത് എടുത്തുകാണിക്കുന്നത്', ദര്‍ശില്‍ മിശ്ര പറഞ്ഞു.

ഉയര്‍ന്ന തുകയ്ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാന്‍ വന്നപ്പോഴുള്ള അവസ്ഥയാണിതെന്ന് അദ്ദേഹം ആരോപിക്കുന്നു. എസി പ്രവര്‍ത്തിക്കാത്തതിന് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. ഒഴിഞ്ഞ സീറ്റിന് മുകളിലേക്ക് വെള്ളം വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. സീറ്റ് നനഞ്ഞ് കുതിര്‍ന്നു. ഈ യാത്രയുടെ ടിക്കറ്റ് തുക പൂര്‍ണമായി റീഫണ്ട് ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ജീവനക്കാര്‍ ഒരു ഉത്തരവാദിത്തവും കാണിച്ചില്ലെന്നും ആരോപണമുണ്ട്. എസി പ്രവര്‍ത്തിക്കാതിരുന്നതോടെ ചൂട് സഹിച്ചായിരുന്നു യാത്രയെന്നും അദ്ദേഹം പറയുന്നു.

വീഡിയോ പ്രചരിച്ചതോടെ റെയില്‍വെ പ്രതികരിച്ചു. ഡ്രിപ്പ് ട്രേയിലെ ഡ്രെയിന്‍ ഹോളുകള്‍ ബ്ലോക്കായത് കാരണം എസിയുടെ കൂളിങ് കോയിലില്‍ നിന്ന് വെള്ളം ലീക്കായാതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് 'റെയില്‍വെ സേവ' എക്‌സിലൂടെ തന്നെ വിശദീകരിച്ചു. വെള്ളം എ.ഡി ഡക്റ്റിലൂടെ യാത്രക്കാര്‍ ഇരിക്കുന്ന സ്ഥലത്തേക്ക് വീഴുകയായിരുന്നു. ട്രെയിന്‍ ഡല്‍ഹിയില്‍ എത്തിയ ഉടനെ ഡ്രിപ്പ് ട്രേ വൃത്തിയാക്കുകയും വാഷര്‍ സ്ഥാപിച്ച് തകരാര്‍ പൂര്‍ണമായി പരിഹരിക്കുകയും ചെയ്ത ശേഷമാണ് തുടര്‍ യാത്ര നടത്തിയതെന്നും റെയില്‍വെ വിശദീകരിക്കുന്നു. കഴിഞ്ഞ മാസം പരിശോധന നടത്തിയ കോച്ചായിരുന്നു ഇതെന്നും പറയുന്നു. അതേസമയം യാത്രക്കാരില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് വീഡിയോയ്ക്ക് ചുവടെ ഉയരുന്നത്.

Tags:    

Similar News