കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ഒരുകൈത്താങ്ങ്; റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍ ചാരിറ്റി ഫുട്ബോള്‍ ആന്‍ഡ് ഫാമിലി ഫണ്‍ഡേ ഇന്ന്; കിഡ്‌സ് സൂപ്പര്‍ഹീറോ പരേഡ് മുഖ്യ സവിശേഷത; മികച്ച സൂപ്പര്‍ഹീറോയ്ക്കും റണ്ണറപ്പിനും ക്യാഷ് അവാര്‍ഡ്; പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനം

റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍ ചാരിറ്റി ഫുട്ബോള്‍ ആന്‍ഡ് ഫാമിലി ഫണ്‍ഡേ ഇന്ന്

Update: 2025-06-28 09:55 GMT

ലണ്ടന്‍: കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് കൈത്താങ്ങായി റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍ ചാരിറ്റി (ആര്‍എന്‍സിസി) യുടെ ഫണ്ട് ശേഖരണ പരിപാടി. മസ്തിഷ്‌ക ട്യൂമര്‍ ബാധിച്ച് അന്തരിച്ച റയാന്‍ നൈനാന്റെ സ്മരണയ്ക്കായി 2014 ലാണ് ഫണ്ട് ശേഖരണ പരിപാടിയായ ഫുട്ബോള്‍ ആന്‍ഡ് ഫാമിലി ഫണ്‍ ഡേ ആരംഭിച്ചത്.

ഇന്ന് രാവിലെ 9ന് ആരംഭിച്ച പരിപാടി വൈകുന്നേരം അഞ്ചിന് സമാപിക്കും. 400ലധികം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഹൈ വൈകോംബ് മേയര്‍ മജീദ് ഹുസ്സൈനാണ് മുഖ്യാതിഥി.

14 സീനിയര്‍ ടീമുകള്‍ ഇതിനോടകം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സീനിയര്‍ ടീമില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫിയും 350 പൗണ്ടും സമ്മാനമായി ലഭിക്കും. 2 ജൂനിയര്‍ ടീമുകളും 2 വനിതാ ടീമും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പങ്കെടുക്കുന്നവര്‍ക്കായി ഭക്ഷണശാലകളും ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി ബൗണ്‍സി കാസില്‍, ലെഗോ നിര്‍മാണം, കളറിങ് സോണ്‍ എന്നീ വിനോദങ്ങളും ഉണ്ട്. കിഡ്‌സ് സൂപ്പര്‍ഹീറോ പരേഡാണ് പരിപാടിയുടെ ഏറ്റവും ആകര്‍ഷകമായ ഭാഗം. കുട്ടികള്‍ അവരുടെ സൂപ്പര്‍ഹീറോ വേഷം ധരിച്ച് പരേഡ് ചെയ്യുന്നു. മികച്ച സൂപ്പര്‍ഹീറോയ്ക്കും റണ്ണറപ്പിനും ക്യാഷ് അവാര്‍ഡ് ലഭിക്കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കാന്‍സര്‍ ബാധിതരായ കുട്ടികളെ പിന്തുണയ്ക്കാനാണ് ഫണ്ട് ശേഖരണം.

Tags:    

Similar News