ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമം; പ്രകോപനപരമായ എന്ത് ചിത്രമാണ് അവിടെ പ്രദര്‍ശിപ്പിച്ചത്? ചിത്രം എന്ത് ക്രമസമാധാന പ്രശ്‌നമാണ് കേരളത്തില്‍ ഉണ്ടാക്കിയത്? ഹൈക്കോടതിയുടെ ചോദ്യം നിര്‍ണ്ണായകം; ഭാരതാംബ കേസില്‍ സര്‍ക്കാര്‍ എല്ലാ കരുതലുമെടുക്കും

Update: 2025-07-04 15:57 GMT

കൊച്ചി: ഭാരതാംബ വിഷയത്തില്‍ കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടിക്ക് അടിയന്തര സ്റ്റേ നല്‍കാതെ ഹൈക്കോടതിയുടെ തീരുമാനവും കോടതി നിരീക്ഷണവും സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കും. കേസില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഈ സാഹചര്യത്തില്‍ കേസില്‍ കക്ഷിയല്ലെങ്കിലും വ്യക്തമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തും.

സസ്പെന്‍ഷന്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയാണ് കെ എസ് അനില്‍കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതുപരിഗണിക്കവെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഹൈക്കോടതി ഉയര്‍ത്തിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിസിയോട് വിശദമായ സത്യവാങ്മൂലം നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്ട്രാറുടെ നടപടി ഗവര്‍ണറുടെ വിശിഷ്ടതയെ ബാധിച്ചുവെന്നും ഇങ്ങനെയല്ല വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി വിമര്‍ശിച്ചു.

ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമാണ്. പ്രകോപനപരമായ എന്ത് ചിത്രമാണ് അവിടെ പ്രദര്‍ശിപ്പിച്ചത്. ചിത്രം എന്ത് ക്രമസമാധാന പ്രശ്‌നമാണ് കേരളത്തില്‍ ഉണ്ടാക്കിയത്. സെനറ്റ് ഹാളിലെ പരിപാടിയിലെ സാഹചര്യത്തെക്കുറിച്ച് കേരള പൊലീസ് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാറിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് രജിസ്ട്രാറുടെ സസ്‌പെന്‍ഷനിലേക്ക് നീങ്ങിയത്.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു മുഖ്യാതിഥി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവസരമൊരുക്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട രജിസ്ട്രാര്‍ ചിത്രം നീക്കണമെന്നും അല്ലെങ്കില്‍ ചടങ്ങ് നടത്താന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്. ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിസി രജിസ്ട്രാര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ സസ്‌പെന്‍ഡുചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് ഗവര്‍ണ്ണറുടെ അമിതാധികാര പ്രയോഗമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതുകൊണ്ട് തന്നെ കോടതി നടപടി രജസ്ട്രാര്‍ക്ക് എതിരായാല്‍ അത് സര്‍ക്കാരിനും തിരിച്ചടിയാകും.

അതിനിടെ വിസി മോഹന്‍ കുന്നുമ്മലും വിശദീകരണുമായി എത്തി. മതപരമല്ലെന്നും ചടങ്ങ് തടയരുതെന്നുംപറഞ്ഞിട്ടും രജിസ്ട്രാര്‍ അനുസരിച്ചില്ല. ഗവര്‍ണര്‍ വേദിയിലുള്ളപ്പോള്‍ ജനഗണമന ചൊല്ലുന്നതിനിടയില്‍ പരിപാടി റദ്ദുചെയ്തുവെന്ന് തന്റെ അനുവാദമില്ലാതെയും അറിയിക്കാതെയും റജിസ്ട്രാര്‍ രാജ്ഭവനിലേക്ക് മെയിലയപ്പിച്ചത് രജിസ്ട്രാര്‍ ഗവര്‍ണറോടു കാട്ടിയ അനാദരമാണെന്ന് ഞാന്‍ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. ഇതിനെതിരെയാണ് സസ്പെന്‍ഷന്‍ നടപടി. സെനറ്റ് ഹാളില്‍ നടന്നത് സ്വകാര്യ ചടങ്ങാണ്. 65,000 രൂപയ്ക്ക് വാടകക്കാണ് സംഘാടകര്‍ ഹാള്‍ ബുക്ക് ചെയ്തത്. ഭാരതാംബായുടെ ചിത്രം സ്റ്റേജില്‍ വെച്ചിട്ടുണ്ടെന്ന് രജിസ്ട്രാര്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. ഹാള്‍ വാടകയ്ക്ക് നല്‍കാനുള്ള വ്യവസ്ഥ മതപരമായ ചടങ്ങുകള്‍, പ്രഭാഷണങ്ങള്‍, പ്രസംഗങ്ങളും ചടങ്ങുകളും പാടില്ലെന്നാണ്. ഭാരതാംബായുടെ ചിത്രം മതപരമല്ലെന്നും ചടങ്ങ് തടയരുതെന്ന് പറഞ്ഞിട്ടും അനു തടഞ്ഞ് രജിസ്ട്രാര്‍ തന്റെ വാക്കുകള്‍ അനുസരിച്ചില്ല. അത് മാത്രമല്ല നിയമവിരുദ്ധമായി പരിപാടി നടത്തിയെന്ന് തന്നോട് ചോദിക്കാതെ ഡിജിപിയ്ക്ക് മെയിലയക്കുകയും ചെയ്തുവെന്ന് വിസി പറഞ്ഞു..

രജിസ്ട്രാര്‍ രാജ്ഭവനിലേക്കയച്ച ഇ-മെയില്‍ സന്ദേശത്തിന് രാജ്ഭവന്‍ എന്നോട് വിശദീകരണം ചോദിച്ചു. ഇതേ കുറിച്ച് റജിസ്ട്രാറോട് വിശദീകരണം ചോദിച്ചപ്പോള്‍ മതപരമായ ചിഹ്നംവെച്ചതിനാലെന്ന് മറുപടി തന്നു. മതപരമായ ചിഹ്നം എന്നത് കൊണ്ട് ഉദ്ദേശിച്ചതെന്താണെന്ന് റജിസ്ട്രാറോട് ചോദിച്ചപ്പോള്‍ വ്യകതമായ മറുപടി തന്നില്ല. എല്ലാം പറഞ്ഞതാണല്ലോ പുതുതായി ഒന്നും പറയാനില്ലെന്നാണ് റജിസ്ട്രാര്‍ തന്ന മറുപടി. റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വി.സിക്ക് അധികാരമില്ലെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദുവും ഇടത് സിണ്ടിക്കേറ്റ് അംഗങ്ങളും പറയുന്നതിനേയും വിസി തള്ളി. സിണ്ടിക്കേറ്റിനും സെനറ്റിനും അക്കാദമിക്ക് കൗണ്‍സിലിനും യോഗം കൂടുമ്പോള്‍ മാത്രമേ അധികാരമുള്ളൂ വി.സിക്ക് യോഗമില്ലാത്ത സമയത്തും എപ്പോഴും അധികാരമുണ്ട്. വി.സിക്ക് തീരുമാനമെടുത്ത ശേഷം സമിതികളോട് റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നും വിസി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News