ടേക്ക് ഓഫിനിടയില്‍ പിന്‍ഭാഗത്ത് വലിയ ശബ്ദം; പെട്ടെന്ന് രക്ഷപ്പെടാന്‍ അലറി വിളിച്ച് എയര്‍ ഹോസ്റ്റസുമാര്‍; ജീവനും കൊണ്ടൊരാള്‍ ചാടിയത് ചിറകില്‍ നിന്ന്: മാഞ്ചസ്റ്ററിലേക്ക് പറക്കാന്‍ തുടങ്ങിയ റയ്ന്‍ എയര്‍ വിമാനത്തില്‍ പെട്ടവരുടെ ദുരിത കഥ
ലണ്ടന്‍: വിമാനത്തില്‍ തീ പടര്‍ന്നെന്നെ ആശങ്കയില്‍ അതിനുള്ളില്‍ നിന്നും പുറത്ത് ചാടി പരിക്കേറ്റ യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നത് റയ്ന്‍ എയറിനെ. മാഞ്ചസ്റ്ററിലേക്ക് പറക്കാന്‍ ഒരുങ്ങിയ വിമാനത്തിന്റെ ഇടനാഴിയിലൂടെ ഓടി നടന്ന് ഒരു എയര്‍ഹോസ്റ്റസ് ആയിരുന്നു യാത്രക്കാരോട് എത്രയും പെട്ടെന്ന് വിമാനത്തില്‍ നിന്നും ഒഴിയാന്‍ ആവശ്യപ്പെട്ടത്. മജോക്രയിലെ പാല്‍മയില്‍ നിന്നുള്ള വിമാനം രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു യാത്ര പുറപ്പെട്ടത്. റണ്‍വേയിലേക്ക് സാവധാനം പോയ്ക്കൊണ്ടിരിക്കുമ്പോഴായിരുന്നു പുറകു ഭാഗത്തു നിന്നും ഒരു വലിയ ശബ്ദം കേട്ടത്. ഉടനെ എല്ലാ യാത്രക്കാരോടും വിമാനത്തില്‍ നിന്നിറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന സ്വയം തൊഴില്‍ സംരംഭകൂടിയായ ഫിറ്റ്‌നസ്സ് ഇന്‍സ്ട്രക്റ്റര്‍ ഡാനിയെലെ കെല്ലി എന്ന 56 കാരി തന്റെ 18 കാരിയായ മകളുമൊത്ത് വിമാനത്തിലുണ്ടായിരുന്നു. അവര്‍ വിചാരിച്ചത് വിമാനത്തിനുള്ളില്‍ തീവ്രവാദികള്‍ കയറിപ്പറ്റിയിട്ടുണ്ടാകാം എന്നാണ്. അതുകൊണ്ടു തന്നെ ഒട്ടും അമാന്തിക്കാതെ അവര്‍ ഓടി ചിറകിലെത്തി. ഒരു പുരുഷ ജീവനക്കാരന്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വിമാനത്തിന്റെ പുറകില്‍ നിന്നും മുന്‍ഭാഗത്തേക്ക് ഓടി വരുന്നത് താന്‍ കണ്ടുവെന്നും, പിന്നീട് അയാള്‍, എല്ലാവരും വിമാനത്തില്‍ നിന്നും ഇറങ്ങണമെന്ന് ആക്രോശിക്കുകയായിരുന്നു എന്നും അവര്‍ പറയുന്നു.
യാത്രക്കാര്‍ പരിഭ്രാന്തരായി. പലരും വാതില്‍ തുറക്കാന്‍ അലറി വിളിക്കുന്നുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഭയന്ന് വിറച്ചു എന്ന് അവര്‍ പറഞ്ഞു.. മകളെയും ചേര്‍ത്ത് പിടിച്ച് എഴുന്നേറ്റുവെന്നും അവര്‍ പറഞ്ഞു. ജീവനക്കാര്‍ മുന്‍ വാതിലില്‍ ഒരു എമര്‍ജന്‍സി ഏണി വെച്ചിരുന്നു. എന്നാല്‍, നടുഭാഗത്ത് ഇരുന്നിരുന്നവര്‍ക്ക് ചിറകില്‍ നിന്നും എതാണ്ട് 18 അടി താഴേക്ക് ചാടുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു എന്നും അവര്‍ പറയുന്നു. അതിനിടയില്‍, തീയോ സ്‌ഫോടനമോ ഉണ്ടാവുകയാണെങ്കില്‍ ലഗേജ് ഉപേക്ഷിച്ച് രക്ഷപ്പെടാനും ജീവനക്കാരന്‍ ആവശ്യപ്പെട്ടു. ഇത് യാത്രക്കാരെ കൂടുതല്‍ പരിഭ്രാന്തരാക്കി.
പൈലറ്റോ മറ്റ് ജീവനക്കാരോ ഒരു അറിയിപ്പും നല്‍കിയില്ലെന്നും ഇപ്പോള്‍ പാല്‍മയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍, വൈറ്റ്ഫീല്‍ഡില്‍ താമസിക്കുന്ന കെല്ലി പറയുന്നു.തങ്ങളുടെ സീറ്റിനടുത്തുള്ള വാതില്‍ തുറന്നുവെന്നും, ഓടി ചിറകിനു മുകളിലെത്തി താഴേക്ക് ചാടുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. താഴേക്ക് ചാടിയ അവര്‍ പരിക്ക് മൂലം അനങ്ങാന്‍ പറ്റാത്ത നിലയിലായി. അപ്പോള്‍ ഗ്രൗണ്ട് ജീവനക്കാര്‍ അവരോട് എത്രയും പെട്ടെന്ന് വിമാനത്തില്‍ നിന്നും അകലേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടുവത്രെ. നടുവിനും കാലിനും പരിക്കേറ്റ അവര്‍ കഴിഞ്ഞ ദിവസം മൂന്ന് ശസ്ത്രക്രിയകള്‍ക്കാണ് വിധേയയായത്.
ഇത്തരമൊരു ഘട്ടത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പൈലറ്റോ വിമാന ജീവനക്കാരോ മുന്നോട്ട് വന്നില്ല എന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. ആകെ കുത്തഴിഞ്ഞ അവസ്ഥയായിരുന്നു വിമാനത്തിനുള്ളില്‍. വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ആരും നല്‍കിയില്ല. പതിനെട്ടോളം പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റിട്ടുള്ളത്. അതില്‍ ആറുപേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. വിമാനത്തിലെ ഒരു ജീവനക്കാരിയും അതില്‍ ഉണ്ട് എന്നാണ് കരുതുന്നത്. തെറ്റായ ഒരു ഫയര്‍ വാണിംഗ് മൂലമാണ് പ്രശ്നങ്ങള്‍ ഉണ്ടായത് എന്ന് റയ്ന്‍എയര്‍ വക്താവ് അറിയിച്ചു. ആശുപത്രിയില്‍ തുടരുന്നവര്‍ ഒഴിച്ചുള്ള യാത്രക്കാര്‍ക്ക് പകരം വിമാനവും അവര്‍ ഒരുക്കി.