പറന്നു പൊങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണത് പരമാവധി 12 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയുന്ന വിമാനം; തീ ഗോളം കണ്ട് ഭയചകിതരായത് ഗോള്‍ഫ് കളിച്ചു നിന്നവര്‍; ബ്രിട്ടണിലെ വിമാന ദുരന്തത്തിന്റെ കാരണവും അജ്ഞാതം

Update: 2025-07-14 03:06 GMT

ലണ്ടന്‍: ബ്രിട്ടണിലെ സൗത്തെന്‍ഡ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ ജെറ്റ് വിമാനം തകര്‍ന്നു വീണു. സമീപത്തുള്ള റോച്ച്‌ഫോര്‍ഡ് ഹണ്ട്രഡ് ഗോള്‍ഫ് ക്ലബ്ബില്‍, ഗോള്‍ഫ് കളിച്ചിരുന്നവര്‍ തകര്‍ന്നടിഞ്ഞ വിമാനത്തിനടുത്തേക്ക് ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

വിമാനം ആളിക്കത്തുന്നതും തീജ്വാലകള്‍ക്കൊപ്പം കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്. കത്തിയെരിയുന്ന അഗ്‌നിഗോളത്തിനടുത്തെത്താനാകാതെ ഗോള്‍ഫ് കളിക്കാര്‍ ഭയചകിതരായി അത് നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഇന്നലെ ഉച്ചക്കായിരുന്നു ഈ ചെറിയ വിമാനം വിമാനത്താവളത്തില്‍ നിന്നും ഉയര്‍ന്ന് പൊങ്ങി ഏറെ താമസിയാതെ നിലത്ത് പതിച്ചത്. 40 അടി മാത്രം നീളമുള്ള ബീച്ച് ബി 200 വിമാനമാണ് അപകടത്തില്‍ പെട്ടത്.

നെതര്‍ലാന്‍ഡ്‌സിലേക്ക് പറക്കുകയായിരുന്നു വിമാനം. എന്നാല്‍, 175 അടി ഉയരത്തില്‍ എത്തിയപ്പോള്‍ തന്നെ നിലത്തേക്ക് വീഴുകയായിരുന്നു. വിമാനത്തിനകത്ത് എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല, എന്നാല്‍, 31 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ വിമാനത്തില്‍ പരമാവധി 12 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയും.

Tags:    

Similar News