അധ്യയനം തുടങ്ങി ഒന്നരമാസം പിന്നിട്ടിട്ടും ഇംഗ്ലീഷ് പഠിപ്പിക്കാനാളില്ല; സോഷ്യല്‍ സ്റ്റഡീസ് അധ്യാപിക ഇംഗ്ലീഷ് പഠിപ്പിക്കാന്‍ നിര്‍ദേശം; സര്‍ക്കാര്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറിയായ രക്ഷാകര്‍ത്താവ്
കുന്നന്താനം: സ്‌കൂള്‍ തുറന്ന് ഒന്നരമാസം കഴിഞ്ഞിട്ടും ഇംഗ്ലിഷിന് ഒഴിവുളള അധ്യാപക തസ്തിക നികത്താത്തതില്‍ പ്രതിഷേധിച്ച് രക്ഷിതാവായ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സര്‍ക്കാര്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരുപ്പ് സമരത്തിനൊരുങ്ങുന്നു. സിപിഎം കുന്നന്താനം നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ എസ്.വി. സുബിനാണ് പാലക്കല്‍ത്തകിടി സെന്റ് മേരീസ് സര്‍ക്കാര്‍ ഹൈസ്‌കൂളിന് മുന്നില്‍ കുത്തിയിരുപ്പ് സമരത്തിനൊരുങ്ങുന്നത്.
ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നത്. സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയോട് ഇംഗ്ലീഷ് കൂടി പഠിപ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഹെഡ്മാസ്റ്റര്‍. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കൂടുതല്‍ സമയം വേണമെന്നിരിക്കെ ഭാഷാ പഠനത്തിന് വിഷയ വിദഗ്ദ്ധര്‍ അല്ലാത്തവരെ ചുമതലപ്പെടുത്തുക വഴി അദ്ധ്യാപനം താളം തെറ്റുമെന്ന് സുബിന്‍ പറയുന്നു. ഒന്നര മാസം കൊണ്ട് ഇംഗ്ലീഷ് പുസ്തകത്തിലെ ആദ്യ പാഠഭാഗത്തിന്റെ ആദ്യത്തെ രണ്ട് പാരഗ്രാഫ് മാത്രമാണ് പഠിപ്പിച്ചിട്ടുള്ളത്.
ഇംഗ്ലീഷ് തസ്തികയില്‍ ആളെ നിയമിക്കുന്നതിന് നിയമപരമായി എന്തെങ്കിലും തടസമുണ്ടെങ്കില്‍ പി.ടി.എ മുന്‍കൈയെടുത്ത് രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളും സഹകരിച്ച് വേതനം നല്‍കുന്നതിന് സന്നദ്ധമാണെന്നറിയിച്ചിട്ടും ഹെഡ്മാസ്റ്റര്‍ മുന്‍കൈ എടുക്കുകയോ പി.ടി.എ വിളിച്ച് ചേര്‍ക്കുകയോ ചെയ്തിട്ടില്ല. ഇന്നലെ വരെ നിയമനങ്ങള്‍ നടത്തേണ്ടതില്ലായെന്ന് തിരുവല്ല ഡി.ഇ.ഓയും പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഹെഡ്മാസ്റ്റര്‍ പറയുന്നത്.
മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നും തന്റെ കുട്ടിയേപ്പോലെ എട്ടു മുതല്‍ 10 വരെ ക്ലാസുകളിലെ മറ്റ് കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നം 18 നകം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം 21 ന് സ്‌കൂളിന് മുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്നും സുബിന്‍ പറഞ്ഞു. സ്വകാര്യ, അണ്‍ എയ്ഡഡ് സ്‌കൂളുകളെ സഹായിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമായി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്‌കൂളിനെ തകര്‍ക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സുബിന്‍ ആരോപിച്ചു.