തിരക്കേറിയ മോട്ടോര്‍വേയിലേക്ക് മൂക്കും കുത്തി വീണൊരു വിമാനം; അഗ്‌നി നാളങ്ങള്‍ക്കിടയിലൂടെ രക്ഷപ്പെട്ട് വാഹനങ്ങള്‍ ഓടിച്ചവര്‍; വിമാനത്തിലുണ്ടായിരുന്ന ദമ്പതികള്‍ വിമാനത്തിനൊപ്പം കത്തി: ഇറ്റലിയെ നടുക്കിയ ഒരു വിമാന അപകടത്തിന്റെ വിശദാംശങ്ങള്‍
ബ്രെസിയ: ഇറ്റലിയിലെ ബ്രെസിയയില്‍ തിരക്കേറിയ മോട്ടോര്‍വേയിലേക്കു മുന്നില്‍ മൂക്കംകുത്തി വീണ ചെറിയ വിമാനം വലിയ ദുരന്തത്തിന് ഇടയാക്കി. വിമാനം തീപിടിച്ച് ഉണ്ടായ അപകടത്തില്‍ പൈലറ്റായ 75കാരന്‍ സെര്‍ജിയോ റവാഗ്ലിയയും അദ്ദേഹത്തിന്റെ സഹയാത്രികയായ 60കാരി ആന്‍ മരിയ ഡെ സ്റ്റെഫാനോയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടസമയത്ത് റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ തീയുടെ നടുവിലൂടെ ഓടിച്ചാണ് രക്ഷപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും തത്സമയ കാമറയിലൂടെയും പുറത്തുവന്നതോടെ ഞെട്ടലോടെയാണ് ഇറ്റലുമുഴുവന്‍ സംഭവം കണ്ടത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. പാതയില്‍ പലയിടത്തും കാറുകള്‍ തിരക്കുള്ള സമയമായിരുന്നു. ഫ്രെച്ചിയ ആര്‍ജി എന്ന പേര് വരുന്ന ഇറ്റാലിയന്‍ നിര്‍മ്മിത ചെറുവിമാനം ആകാശത്ത് നിന്ന് മൂക്കൂം കുത്തി റോഡിലേയ്ക്ക് ഇടിച്ചുവീഴുകയായിരുന്നു. ഉടനെത്തന്നെ വിമാനം തീപ്പിടിച്ച് കറുത്ത പുക അവിടെയെല്ലം പടര്‍ന്നു. അവിടെയുണ്ടായിരുന്ന നിരവധി കാറുകള്‍ തീയുടെ നടുവിലൂടെ ഓടിക്കയറി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ വീഡിയോയിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഗ്രാഞാനോ ട്രെബ്ബിയന്‍സെയില്‍ നിന്നായിരുന്നു യാത്ര ആരംഭിച്ചത്. പൈലറ്റിന് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നതായി ദൃക്സാക്ഷികള്‍ അറിയിച്ചു. എന്നാല്‍ വിമാനം നിയന്ത്രണം വിട്ട് മൂക്കംകുത്തി മോട്ടോര്‍വെയിലേക്ക് വീണതോടെ തീപിടിത്തം ഉണ്ടാകുകയായിരുന്നു.
അപകട സമയത്ത് വാഹനത്തില്‍ സഞ്ചരിച്ച രണ്ടു പേര്‍ക്ക് ചെറിയ പരുക്കുകള്‍ സംഭവിച്ചുവെന്നും അവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ദൃക്സാക്ഷികള്‍ പറയുന്നതു പ്രകാരം, റവാഗ്ലിയ അടിയന്തരമായി റോഡിലിറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വിമാനം സ്പീഡ് നഷ്ടപ്പെട്ടതോടെ നിയന്ത്രണംവിട്ട് താഴേക്ക് കൂപ്പിവീണെന്നാണ് കരുതുന്നത്. അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും ഉടന്‍ സംഭവസ്ഥലത്തെത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു.
അതേസമയം, അപകട കാരണം വ്യക്തമാക്കാനായി ബ്രെസിയ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് മനുഷ്യഹത്യ കുറ്റത്തിനായി അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ പരിപാലന സ്ഥിതി സംബന്ധിച്ചും പരിശോധന നടക്കും. ഇതിനിടെ, ഇറ്റലിയിലെ നാഷണല്‍ എജന്‍സി ഫോര്‍ ഫ്‌ലൈറ്റ് സെഫ്റ്റിയിലെ വിദഗ്ധന്‍ സ്ഥലത്തെത്തി അന്വേഷണം പുരോഗമിപ്പിക്കും. കറുപ്പ് പുകയും അഗ്‌നിജ്വാലകളും ആകാശം കവരുന്നതിനിടെയാണ് രക്ഷാപ്രവര്‍ത്തകരെത്തിയത്. വിമാനാവശിഷ്ടങ്ങള്‍ പൂര്‍ണമായി കത്തിയ നിലയിലായിരുന്നു.