ഗോവിന്ദച്ചാമി കോടതിയേയും പോലിസിനെയും ഭയക്കാത്ത നിഗൂഡത നിറഞ്ഞ മനുഷ്യന്‍; ഇരകളെ മൃതപ്രായരാക്കി ബലാത്സംഗം ചെയ്യുന്ന പ്രകൃതം: ജയിലറെ കൊന്ന് തിന്നാല്‍ പോലും അത്ഭുതപ്പെടാനില്ലെന്ന് ഡോ. ഷെര്‍ലി വാസു
ഗോവിന്ദച്ചാമിക്ക് ഇരകളെ മൃതപ്രായരാക്കി ബലാത്സംഗം ചെയ്യുന്ന പ്രകൃതം
കോഴിക്കോട്: ഗോവിന്ദച്ചാമി കോടതിയെയോ പോലിസിനെയോ ഭയക്കാത്ത വല്ലാത്ത നിഗൂഡത നിറഞ്ഞ മനുഷ്യന്‍. അയാള്‍ ജയിലറെ കൊന്നുതിന്നാല്‍ പോലും താന്‍ അത്ഭുതപ്പെടില്ലെന്ന് ഫോറന്‍സിക് വിദഗ്ധ ഡോ. ഷെര്‍ലി വാസു. ഇരകളെ മൃതപ്രായരാക്കി ക്രൂരമായി ബലാത്സംഗം ചെയ്യുന്ന മനോഭാവമാണ് അയാള്‍ക്ക് ഉള്ളതെന്നും ഡോക്ടര്‍ ഷേര്‍ളി പറയുന്നു. ഒറ്റക്കൈ മാത്രമേ ഉള്ളെങ്കിലും വല്ലാത്ത ആത്മവിശ്വാസം നിറഞ്ഞ ക്രൂരത നിറഞ്ഞ മനസ്സാണ് ഗോവിന്ദച്ചാമിക്ക്.
'ഒറ്റക്കൈ മാത്രമുള്ള അയാള്‍ ഒരായുധം പോലും ഉപയോഗിക്കാതെ തലക്കടിച്ച് ബോധംകെടുത്തി മൃതപ്രായയാക്കിയാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. പുറത്തിറങ്ങിയാല്‍ അയാളുടെ ആദ്യലക്ഷ്യം ഏതെങ്കിലുമൊരു സ്ത്രീയായിരിക്കും. അത് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കാനുള്ള ശാരീരികവും മാനസികവുമായ ശക്തി അയാള്‍ക്കുണ്ട്'. ഡോ. ഷെര്‍ലി വാസു പറയുന്നു. ഡോ. ഷേര്‍ലിയാണ് ഗോവിന്ദച്ചാമിയുടെ ക്രൂരതയ്ക്ക് ഇരയായ യുവതിയുടെ പോസ്റ്റ്മാര്‍ട്ടം നടത്തിയത്.
ഡോ. ഷെര്‍ലിയുടെ കണ്ടെത്തലുകള്‍ കേസില്‍ ഏറെ നിര്‍ണായകമായിരുന്നു. അത്രയേറെ ക്രൂരതകള്‍ നിറഞ്ഞതായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍. ഓടുന്ന ട്രെയിനില്‍വെച്ച് യുവതിയുടെ കൈകള്‍ വാതിലിന്റെ ഇടയില്‍ കുടുക്കി ചതവേല്‍പിച്ചിരുന്നു. പ്രതിരോധം ഒഴിവാക്കാന്‍ പിന്നില്‍നിന്ന് മുടി പിടിച്ചുവലിച്ച് തല ട്രെയിനിന്റെ ഭിത്തിയില്‍ ഇടിച്ച് ബോധം കെടുത്തിയാണ് അയാള്‍ പുറത്തേക്കിട്ടത്. ശേഷം തള്ളിയിട്ടതിന്റെ മറുഭാഗത്തുകൂടിയാണ് ഓടുന്ന ട്രെയിനില്‍നിന്ന് ഇയാള്‍ പുറത്തുചാടിയത്. മരിച്ചപ്പോള്‍ യുവതിയുടെ മുഖം പൂര്‍ണമായി അടിച്ചുപൊളിച്ച് രക്തംപൊടിയുന്ന നിലയിലായിരുന്നു. ചോരയൊലിച്ച് മൃതപ്രായയായ അവസ്ഥയിലാണ് ബലാത്സംഗത്തിനിരയാക്കിയത്. ചോരപൊടിഞ്ഞ് മൃതപ്രായ ആയ അവസ്ഥയില്‍ വല്ലാത്ത ഒരു ആത്മവിശ്വാസത്തോടെയാണ് അയാള്‍ ബലാത്സംഗം ചെയ്തത്.
ഇത്തരത്തിലുള്ള ക്രൂരകുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെല്ലാം അവരുടെ സ്വഭാവത്തില്‍ അനാവരണം ചെയ്യപ്പെടാത്ത നിഗൂഢതകള്‍ ഉണ്ടാവുമെന്നും ഡോ. ഷെര്‍ലി വാസു അഭിപ്രായപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പെടുത്ത 202 ഫോട്ടോകള്‍ മൂന്ന് ആല്‍ബങ്ങളാക്കി തെളിവുകളായി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവ തെളിവായി കോടതിമുമ്പാകെ വന്നപ്പോള്‍ പ്രതിഭാഗത്തിന്റെ വാദങ്ങളെ ശക്തമായി ഖണ്ഡിച്ച ഡോ. ഷെര്‍ലി വാസുവിന്റെ മൊഴികളും കേസില്‍ നിര്‍ണായകമായിരുന്നു.
ഗോവിന്ദച്ചാമി ഇനി പുറത്തിറങ്ങിയാലും ലക്ഷ്യം ഏതെങ്കിലും സ്ത്രീയായിരിക്കാം. സ്തീകള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ മൃതപ്രായരാക്കും. ശേഷം ക്രൂരമായ ബലാത്സംഗംചെയ്യും. നിയമത്തിന്റെ പഴുതുകള്‍ അയാള്‍ക്ക് നന്നായി അറിയാം. കോടതി, പൊലീസ്, നാട്ടുകാര്‍ തുടങ്ങി സാധാരണ മനുഷ്യനെ കുറ്റകൃത്യങ്ങളില്‍നിന്ന് തടയിടുന്ന ഭയങ്ങളൊന്നും അയാള്‍ക്കില്ലെന്നും ഡോ. ഷെര്‍ലി അഭിപ്രായപ്പെട്ടു.