ആര്‍എസ്എസിന്റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി കൊച്ചിയില്‍; സിപിഎം എതിര്‍പ്പ് മറികടന്ന് സംസ്ഥാനത്തെ നാല് വിസിമാര്‍ ജ്ഞാനസഭയില്‍; വിസിമാരെ ആര്‍എസ്എസ് ഏജന്റുമാരായി മാറ്റുന്നുവെന്ന് കെ എസ് യു; 'ജനഹിതം മാനിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണം'; മുന്‍ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന ആയുധമാക്കി മന്ത്രി വി ശിവന്‍കുട്ടി

ആര്‍എസ്എസിന്റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി കൊച്ചിയില്‍

Update: 2025-07-27 15:09 GMT

കൊച്ചി: ആര്‍.എസ്.എസ് കൊച്ചിയില്‍ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സമ്മേളനമായ ജ്ഞാനസഭയില്‍ സിപിഎമ്മിന്റെ എതിര്‍പ്പ് അവഗണിച്ച് പങ്കെടുത്തത് കേരളത്തില്‍ നിന്നുള്ള നാല് വൈസ് ചാന്‍സിലര്‍മാര്‍. കേരള വി.സി. മോഹന്‍ കുന്നുമ്മേല്‍, കാലിക്കറ്റ് വി.സി പി. രവീന്ദ്രന്‍, കണ്ണൂര്‍ വി.സി കെ.കെ. സാജു, കുഫോസ് വി.സി എ. ബിജു കുമാര്‍ തുടങ്ങിയവരാണ് കൊച്ചി അമൃത മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച പരിപാടിക്കെത്തിയത്. ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആണ് പ്രധാനമായും പങ്കെടുത്ത് സംസാരിച്ചത്. നാലു വി.സിമാരും പരിപാടിയില്‍ സംസാരിക്കുകയും ചെയ്തു.

സിപിഎം എതിര്‍പ്പ് മറികടന്നാണ് ഗവര്‍ണര്‍ നോമിനിയായി എത്തിയ നാല് പേര്‍ പരിപാടിയില്‍ പങ്കെടുത്തത്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് പങ്കെടുക്കുന്ന പരിപാടിയില്‍ നാളെ രാജ്യത്തെ നിരവധി സര്‍വകലാശാല വിസിമാര്‍ പങ്കെടുക്കുമെന്നാണ് വിവരം. മോഹന്‍ ഭഗവത്, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എന്നിവര്‍ക്കൊപ്പമാണ് കേരള സര്‍വകലാശാല, കണ്ണൂര്‍, കാലിക്കറ്റ്, കുഫോസ് വിസിമാര്‍ ആര്‍എസ്എസ് വേദിയിലെത്തിയത്.

വികസിത ഭാരതം ഒരിക്കലും യുദ്ധത്തിന്റെ കാരണം ആകില്ലെന്നും ആരെയും ചൂഷണം ചെയ്യില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു. വിദ്യാഭ്യാസ രീതിയില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ ഗുരുകുല രീതിയിലേക്ക് മടങ്ങണം എന്നല്ല പറയുന്നത്. ഇന്ത്യയും ഭാരതവും രണ്ടാണ്. ഭാരത് അല്ല ഭാരതം എന്ന് തന്നെ പറയണമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

'വിദ്യാഭ്യാസത്തിലെ ഭാരതീയത' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത് മോഹന്‍ ഭാഗവതാണ്. ഈ സെഷനിലും ഇതിന് മുന്നോടിയായി നടന്ന ലീഡര്‍ഷിപ് കോണ്‍ക്ലേവിലുമാണ് വി.സിമാര്‍ പങ്കെടുത്തത്. മോഹന്‍ കുന്നുമ്മേല്‍ ആണ് ലീഡര്‍ഷിപ് കോണ്‍ക്ലേവില്‍ ആമുഖ പ്രഭാഷണം നടത്തിയത്. കേരളീയ സമൂഹത്തിന്റെ സമ്പന്നമായ വിദ്യാഭ്യാസ പാരമ്പര്യം പരിവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

മാതാപിതാക്കളുടെ പാരമ്പര്യസ്വത്ത് പണയംവെച്ച് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന അവസ്ഥ വിദ്യാര്‍ഥികള്‍ നേരിടുന്നു. ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ വളരെ സാമര്‍ഥ്യവും നൈപുണ്യവുമുള്ളവരാണ്. എന്നാല്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മറ്റു ചിലരുടെ പ്രേരണയില്‍ രാഷ്ട്രീയ സ്ഥാനങ്ങള്‍ക്ക് വേണ്ടി ഒന്ന് പൂര്‍ണമാക്കാതെ വിവിധ ഡിഗ്രി കോഴ്‌സുകളില്‍ ചേര്‍ന്ന് സര്‍വകലാശാലകളില്‍ തുടരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ. പങ്കജ് മിത്തല്‍, എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ പ്രഫ. ടി.ജി. സീതാറാം, ഭാരതീയ ജ്ഞാനപരമ്പര നാഷനല്‍ കോര്‍ഡിനേറ്റര്‍ പ്രഫ. ഗാണ്ടി എസ്. മൂര്‍ത്തി തുടങ്ങിയവരും സംസാരിച്ചു. തിങ്കളാഴ്ച സമ്മേളനം സമാപിക്കും.

ആര്‍.എസ്.എസ് പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള വി.സിമാര്‍ പങ്കെടുക്കുന്നതിനെതിരെ സി.പി.എം ഉള്‍പ്പെടെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസമേഖലയിലെ കാവിവത്കരണത്തിനെതിരെ ശക്തമായ പ്രതിരോധമുയരണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

ആര്‍.എസ്.എസ് ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയില്‍ കേരളത്തില്‍ നിന്നുള്ള നാല് വിസിമാര്‍ പങ്കെടുത്ത നടപടി പ്രതിഷേധാര്‍ഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കേരളത്തിലെ മത നിരപേക്ഷ വിദ്യാഭ്യാസ അന്തരീക്ഷം തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഇതിനുള്ള ഏജന്റുമാരായി കേരളത്തിലെ വിസിമാരെ മാറ്റുകയാണ്. ആര്‍.എസ്.എസിന്റെ നാഗ്പൂര്‍ ആസ്ഥാനത്ത് നിന്നല്ല വൈസ്ചാന്‍സലര്‍മാര്‍ക്ക് ശമ്പളം ലഭിക്കുന്നതെന്ന് ഓര്‍മ്മ വേണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വിമര്‍ശിച്ചു.

പരിപാടിയില്‍ പങ്കെടുക്കാന്‍ വിസിമാര്‍ക്ക് മന്ത്രി ആര്‍ ബിന്ദു മൗനാനുവാദം നല്‍കി. ഗവര്‍ണ്ണറെ തൃപ്തിപ്പെടുത്തുക വഴി കാവി വത്കരണത്തിനുള്ള വഴി വെട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് വൈസ് ചാന്‍സലര്‍മാരെ വിലക്കിയിട്ടില്ലന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ഇത് ശരി വെക്കുന്നതാണെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളെ കെഎസ്‌യു ശക്തമായി പ്രതിരോധിക്കുമെന്നും ഗവര്‍ണര്‍ - സര്‍ക്കാര്‍ നാടകം തുറന്നു കാട്ടുന്ന പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന ആയുധമാക്കി വി ശിവന്‍കുട്ടി

ജനഹിതം മാനിക്കാന്‍ ഗവര്‍ണര്‍ തയ്യാറാവണം എന്ന പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന ആയുധമാക്കി മന്ത്രി വി. ശിവന്‍കുട്ടി. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരുമാണ് യഥാര്‍ത്ഥത്തില്‍ ജനഹിതം പ്രതിനിധീകരിക്കുന്നതെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന ഹെഡ് ഓഫ് സ്റ്റേറ്റ് ആണ് ഗവര്‍ണര്‍ എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'ജനഹിതം മാനിക്കാന്‍ ഗവര്‍ണര്‍ തയ്യാറാവണം എന്ന പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ആരോഗ്യകരമായ സമന്വയം നമ്മുടെ ജനാധിപത്യത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും ജനക്ഷേമ പദ്ധതികളിലും സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണറുടെ ഭാഗത്തുനിന്ന് പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു' - മന്ത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍, ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരമപ്രാധാന്യം നല്‍കേണ്ടത് അനിവാര്യമാണെന്നും മന്ത്രി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധത്തില്‍ പുതിയൊരു ദിശാബോധം ഇതിലൂടെ ഉണ്ടാകുമെന്നും അത് കേരളത്തിലെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Tags:    

Similar News